അന്വേഷണത്തിനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു; ഗൃഹനാഥൻ അറസ്റ്റിൽ
Mail This Article
എഴുകോൺ ∙ സഹോദരന്റെ ഭാര്യയോടു അതിക്രമം കാട്ടിയതും കുട്ടികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതും അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ ഗൃഹനാഥൻ പിടിയിലായി. കാരുവേലിൽ തത്വമസിയിൽ ശ്രീജിത്തിനെ (38)യാണ് എഴുകോൺ പൊലീസ് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കുടുംബവഴക്കിന്റെ പേരിൽ സഹോദരന്റെ ഭാര്യയോടു അതിക്രമം കാട്ടുകയും അസഭ്യ വർഷം നടത്തുകയും കുട്ടികളുടെ മുന്നിൽ പരസ്യമായി നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തുവെന്നും സഹോദരന്റെ കുടുംബം ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. ഇത് അന്വേഷിക്കാൻ എത്തിയപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തത്. വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ അവിടെയും പരസ്യമായി അസഭ്യവർഷം തുടർന്നു. പോക്സോ ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.