10 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം: 3 പേർക്കെതിരെ കേസ്
Mail This Article
ശാസ്താംകോട്ട ∙ ദേവസ്വം ബോർഡിൽ സബ് ഗ്രൂപ്പ് ഓഫിസറായി നിയമിക്കാമെന്നു വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നു പേർക്കെതിരെ ശൂരനാട് പൊലീസ് കേസെടുത്തു. പന്മന പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരൻ ഓച്ചിറ വവ്വാക്കാവ് ചങ്ങൻകുളങ്ങര ശാസ്ത്ര വീട്ടിൽ വിനോദ്കുമാർ, കരുനാഗപ്പള്ളി കുലശേഖരപുരം മാധവത്ത് വീട്ടിൽ രാജേഷ്കുമാർ (ഗണപതി), പത്തനംതിട്ട തിരുവല്ല കുരിയന്നൂർ തുണ്ടിൽ വീട്ടിൽ ടി.കെ.ഓമനക്കുട്ടൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ശൂരനാട് തെക്ക് ഇഞ്ചക്കാട് രേവതി നിലയം രവിനാഥൻ പിളളയാണ് തട്ടിപ്പിനിരയായത്.
കുടുംബ സുഹൃത്തായിരുന്ന വിനോദ് രവിനാഥൻ പിള്ളയുടെ മകനു ദേവസ്വം ബോർഡിൽ സബ് ഗ്രൂപ്പ് ഓഫിസറായി ജോലി തരപ്പെടുത്തി നൽകാമെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഓമനക്കുട്ടൻ ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥനാണെന്നും റിക്രൂട്മെന്റ് ബോർഡിനെ സ്വാധീനിച്ച് മകനു ജോലി ഉറപ്പാക്കാനായി 35 ലക്ഷം രൂപ നൽകണമെന്നും വിനോദും രാജേഷും പറഞ്ഞിരുന്നു.മക നെക്കൊണ്ട് സബ് ഗ്രൂപ്പ് ഓഫിസർ നിയമന പരീക്ഷ എഴുതിച്ചു. തുടർന്നു രണ്ടു തവണയായി ബാങ്ക് ചെക്കുകൾ വഴി 10 ലക്ഷം രൂപ പ്രതികൾക്ക് കൈമാറി. ബാക്കിയുള്ള തുക ആവശ്യപ്പെട്ട് പ്രതികൾ വീണ്ടും എത്തിയെങ്കിലും നിയമനം ലഭിച്ച ശേഷം നൽകാമെന്നാണ് പറഞ്ഞത്.
നിയമനത്തിനുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ മകന്റെ പേര് ഇല്ലാത്തതിനെ തുടർന്നാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് ആദ്യം തയാറായില്ലെന്നും പിന്നീട് റൂറൽ പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തതെന്നും എന്നാൽ തുടർ നടപടി സ്വീകരിക്കാതെ പ്രതികളെ പൊലീസ് സഹായിക്കുകയാണെന്നും ഇതിനെതിരെ മുഖ്യമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്നും പരാതിക്കാരൻ പറഞ്ഞു. എന്നാൽ പ്രതികൾക്കെതിരെ കേസെടുത്തെന്നും തെളിവുകൾ ലഭിക്കാൻ വൈകുന്നത് കൊണ്ടാണ് തുടർ നടപടി നീളുന്നതെന്നും പൊലീസ് പറഞ്ഞു.