കടയ്ക്കാമണ്ണിൽ വാതക ടാങ്കർ വൈദ്യുതത്തൂണിൽ ഇടിച്ച് അപകടം
Mail This Article
പത്തനാപുരം∙ മഴ തുടങ്ങി, അപകടവും. പുനലൂർ സംസ്ഥാന പാതയിൽ കടയ്ക്കാമണ്ണിൽ ഗ്യാസ് ടാങ്കർ അപകടത്തിൽപെട്ടതാണ് ഒടുവിലത്തെ സംഭവം.കാഞ്ഞിരപ്പള്ളിയിൽ നിന്ന് തൂത്തുക്കുടിയിലേക്ക് പോകുകയായിരുന്ന ടാങ്കർ, കടയ്ക്കാമൺ പാലത്തിനു സമീപം റോഡിൽ നിന്നും തെന്നി മാറി വശത്തെ വൈദ്യുതത്തൂണിൽ ഇടിച്ചാണ് അപകടം. വെട്ടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർ ക്യാബിന്റെ പിന്നിലായി ഇടതു വശം വൈദ്യുതത്തൂണിൽ ഇടിക്കുകയായിരുന്നു.
വൈദ്യുതത്തൂൺ പൂർണമായി റോഡിലേക്ക് ചരിഞ്ഞെങ്കിലും ഉടൻ വൈദ്യുതി വിഛേദിച്ചതിനാൽ അപകടം ഒഴിവായി.റോഡ് നവീകരണ ശേഷം പതിവായി അപകടം ഉണ്ടാകുന്ന മേഖലയാണ് ഇവിടം. അശാസ്ത്രീയ നിർമാണം ആണെന്ന് ആക്ഷേപമുയരുന്ന പത്തനാപുരം–പുനലൂർ പാതയുടെ ഭാഗമാണ് ഇവിടം. ആഴ്ചയിൽ മൂന്ന് അപകടം എന്ന തോതിലാണിവിടെ അപകടം ഉണ്ടാകുന്നത്. വലിയ വാഹനങ്ങളാണ് അപകടത്തിൽപെടുന്നതിലേറെയും.