പൈപ്പിടാനായി കുഴി; വാഹനങ്ങൾക്ക് കെണി
Mail This Article
ശാസ്താംകോട്ട ∙ ശുദ്ധജല പദ്ധതിക്ക് വേണ്ടി റോഡിന്റെ വശങ്ങൾ അശാസ്ത്രീയമായി കുഴിച്ച് പൈപ്പിടുന്നത് വാഹനങ്ങൾക്ക് കെണിയായി.യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് ചെളിയിൽ പുതഞ്ഞു. കുന്നത്തൂർ നെടിയവിള– വേമ്പനാട്ടഴികത്ത് റോഡിലെ ആലുംകടവിൽ ഉച്ചയ്ക്ക് 2.15നാണ് സംഭവം. എതിരെ വന്ന കാറിനു വശം കൊടുക്കുന്നതിനിടെ കൊട്ടാരക്കരയിൽ നിന്ന് തെങ്ങമത്തേക്കു പോയ സ്വകാര്യബസിന്റെ ഇടതുഭാഗത്തെ ടയറുകൾ കുഴിയിൽ താഴ്ന്നു. യാത്രക്കാർ പരുക്കില്ലാതെ രക്ഷപ്പെട്ടു. സർവീസ് മുടങ്ങി.
കുന്നത്തൂർ– കരുനാഗപ്പള്ളി സംയോജിത ശുദ്ധജല പദ്ധതിക്കു വേണ്ടിയാണ് മണ്ണുമാന്തിയന്ത്രം എത്തിച്ച് റോഡ് കുഴിച്ച് പൈപ്പിട്ടത്.വീതി കുറഞ്ഞതും പൊട്ടിപ്പൊളിഞ്ഞതുമായ റോഡിലെ പൈപ്പിടലിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് പരാതി. പൈപ്പ് സ്ഥാപിച്ച ശേഷം മണ്ണ് മൂടി കരാറുകാർ മടങ്ങും. മഴയെത്തിയതോടെ റോഡ് മുഴുവൻ ചെളിയായി.റോഡിലെ കുഴികൾ ഒഴിവാക്കാനായി വശങ്ങളിലേക്ക് നീങ്ങിയാൽ പൈപ്പിന്റെ കുഴിയിൽ വീഴും. സ്കൂട്ടർ യാത്രക്കാർ വീണു പരുക്കേൽക്കുന്നത് പതിവായി. അടിയന്തരമായി കുഴികൾ കോൺക്രീറ്റ് ചെയ്ത് അടയ്ക്കണമെന്നും റോഡ് ടാർ ചെയ്തു സുരക്ഷ ഉറപ്പാക്കണമെന്നുമാണ് ആവശ്യം.