കൊല്ലം – തിരുമംഗലം ദേശീയപാത: അപകട വളവുകളേറെ; സുരക്ഷയിൽ മറവി
Mail This Article
പുനലൂർ ∙ മണ്ഡലകാലം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴും കൊല്ലം – തിരുമംഗലം ദേശീയപാതകളിലെ അപകട വളവുകളിൽ അധികൃതർ സുരക്ഷ ഒരുക്കിയില്ലെന്ന് ആക്ഷേപം. മുൻപ് ഡസൻ കണക്കിന് അപകടങ്ങൾ ഉണ്ടായിട്ടുള്ള കലയനാട് വലിയ വളവിൽ ക്രാഷ് ബാരിയർ ഇല്ലാത്ത ഭാഗത്ത് മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടില്ല. നിലവാരമുള്ള തെരുവ് വിളക്കുകൾ ഇല്ലാത്തതും രാത്രിയാത്ര പ്രതിസന്ധിയിലാക്കുന്നു .കലയനാട് വളവിന് തൊട്ടു മുകളിൽ കഴിഞ്ഞമാസം 14ന് അഴുക്കുചാലിലേക്ക് ചരക്കുലോറിയുടെ ചക്രങ്ങൾ കുടുങ്ങി അപകടം ഉണ്ടായിരുന്നു. രാവും പകലും
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടക വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. തീർഥാടന ഒരുക്കങ്ങൾക്കായി മൂന്ന് യോഗങ്ങൾ ചേർന്നിരുന്നു. പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും ദേശീയപാത അധികൃതരുടെയും നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ സുരക്ഷ ഒരുക്കുന്നതിന് തീരുമാനവും എടുത്തിരുന്നു. വാളക്കോട് മേൽപാലത്തിന്റെ വശത്തെ ലോഹനിർമിത വേലി തകർന്നിട്ട് ഒരു വർഷമായിട്ടും പുനർ നിർമിച്ചില്ല.