വട്ടമൺ പാലം: കാത്തിരിപ്പിനു വിരാമം, വൈകാതെ തുറന്നു നൽകും
Mail This Article
അഞ്ചൽ ∙ കാത്തിരിപ്പിനൊടുവിൽ അഞ്ചൽ – ആയൂർ റോഡിലെ പുതിയ വട്ടമൺ പാലം ഗതാഗത സജ്ജമാകുന്നു, വൈകാതെ തുറന്നു കൊടുക്കുമെന്നു സൂചന.റോഡ് നവീകരണത്തിന്റെ ഭാഗമായാണു ഇടുങ്ങിയ വട്ടമൺ പാലത്തിനു സമാന്തരമായി പുതിയ പാലം നിർമിക്കാൻ പദ്ധതി തയാറാക്കിയത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും മെല്ലെപ്പോക്കു കാരണം പണി വൈകുന്ന വിവരം ‘ മനോരമ ’ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.പഴയ പാലത്തിൽ ബസ് തുടങ്ങിയ വലിയ വാഹനങ്ങൾക്കു കഷ്ടിച്ചു പോകാനുള്ള വീതിയാണുള്ളത് .
ഇതു കാരണം ഗതാഗത തടസ്സവും പ്രശ്നങ്ങളും പതിവായിരുന്നു. ഈ പ്രശ്നങ്ങൾക്കു പുതിയ പാലം പരിഹാരമാണ്.ആയൂർ ഭാഗത്തു നിന്ന് അഞ്ചലിലേക്കു പോകുന്ന വാഹനങ്ങൾക്കു പുതിയ പാലവും അഞ്ചലിൽ നിന്ന് ആയൂർ പ്രദേശത്തേക്കുള്ള യാത്രികർക്കു പഴയ പാലവും ഉപയോഗിക്കാം.സുരക്ഷാ പരിശോധനകളും മറ്റും പൂർത്തിയാക്കിയ ശേഷം ഗതാഗതം അനുവദിക്കാനാണു തീരുമാനമെന്നും ഔദ്യോഗിക ഉദ്ഘാടനം പിന്നീടു നടത്തുമെന്നും പി.എസ്.സുപാൽ എംഎൽഎ അറിയിച്ചു.