പ്രതിയുടെ വീട്ടിൽ നിന്നു സ്വർണവും ഫോണും മോഷണം പോയ കേസിൽ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Mail This Article
കടയ്ക്കൽ ∙ ചാരായം വാറ്റ് നടത്തിയതിന് റിമാൻഡിലായിരുന്ന പ്രതിയുടെ വീട്ടിൽ നിന്നു സ്വർണവും മൊബൈൽ ഫോണും മോഷണം പോയ സംഭവത്തിൽ ഒരു വർഷത്തിന് ശേഷം സിവിൽ എക്സൈസ് ഓഫിസർ അറസ്റ്റിൽ. ചടയമംഗലം എക്സൈസ് റേഞ്ചിലെ സിവിൽ എക്സൈസ് ഓഫിസർ കടയ്ക്കൽ ഇളമ്പഴന്നൂർ കാറ്റാടിമൂട് ശ്രീജ ഭവനിൽ ഷൈജുവിനെയാണ് (36) ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ കൂടുതൽ പേർ പ്രതികളാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
കഴിഞ്ഞ ഡിസംബർ ഒന്നിന് ചിതറ മാങ്കോട് തെറ്റിമുക്ക് അൻസാരിയുടെ വീട്ടിൽ 6 പേർ ഉൾപ്പെടുന്ന ചടയമംഗലം എക്സൈസ് സംഘം പരിശോധന നടത്തുകയും ചാരായവുമായി അൻസാരിയെ പിടികൂടുകയും ചെയ്തിരുന്നു. അൻസാരി 41 ദിവസം റിമാൻഡിൽ കൊട്ടാരക്കര സബ് ജയിലിൽ കഴിഞ്ഞു. പിന്നീട് ജാമ്യം നേടി പുറത്തിറങ്ങിയ അൻസാരി വീട്ടിൽ എത്തിയപ്പോഴാണ് 5 പവൻ സ്വർണവും പണവും ഉൾപ്പെടെ നഷ്ടപ്പെട്ടതായി കാണിച്ചു ചിതറ പൊലീസിൽ പരാതി നൽകുന്നത്. ഭാര്യയുമായി പിണക്കത്തിലായിരുന്നു അൻസാരി.
2024 മാർച്ച് ഒന്നിന് കേസെടുത്ത് എസ്ഐ അന്വേഷണം നടത്തി. തെളിവില്ലെന്നു കാരണം പറഞ്ഞു റിപ്പോർട്ട് നൽകി കേസ് ഫയൽ മടക്കി. അഡ്വ. വിനയൻ കടയ്ക്കൽ മുഖേന ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ അൻസാരി കേസ് നൽകി. പൊലീസ് അന്വേഷണം ശരിയായ രീതിയിൽ നടത്തിയിട്ടില്ലെന്നും സിഡി ഫയൽ കോടതിയിൽ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. കേസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ വെള്ളിയാഴ്ച ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കെയാണ് സിവിൽ എക്സൈസ് ഓഫിസറെ പൊലീസ് അറസ്റ്റ് ചെയ്തത്.
അൻസാരിയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ എക്സൈസ് ഉദ്യോഗസ്ഥന്റെ പക്കൽനിന്നു പൊലീസ് കണ്ടെടുത്തു. കോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥൻ അൻസാരിയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കണ്ടെത്തിയത്. കടയ്ക്കൽ കോടതിയിൽ ഹാജരാക്കിയ ഷൈജുവിനെ റിമാൻഡ് ചെയ്തു. ഷൈജുവിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു.