'അരുത്, ചെയ്യല്ലേ...' അലറി വിളിച്ച് അനില; ഒരാൾ ദേഹത്ത് തീയുമായി ഓടുന്നു: ആളിക്കത്തിയ പക
Mail This Article
കൊല്ലം∙ ‘വലിയ പൊട്ടിത്തെറി ശബ്ദവും പുകയും ഒരാൾ ദേഹത്ത് തീയുമായി ഓടുന്നു’ ചെമ്മാംമുക്കിൽ കാർ കത്തിയ അപകടത്തിനുശേഷം ആദ്യം സ്ഥലത്ത് എത്തിയവരുടെ വാക്കുകളാണ് ഇത്. 2 വാഹനങ്ങൾ കൂട്ടിയിടിച്ചു കത്തി എന്നാണ് ആദ്യം കരുതുന്നത്. ഓടിക്കൂടിയവർ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങി, ഇതിനിടെ അഗ്നിരക്ഷാസേന സംഘവും സ്ഥലത്ത് എത്തി.
ശക്തമായി തീ കത്തുന്ന വാഹനങ്ങളിലേക്ക് അഗ്നിരക്ഷാസേന സംഘം വെള്ളം ഒഴിച്ചപ്പോഴാണു കാറിന്റെ മുൻ സീറ്റിൽ ആളെ കാണുന്നത്. ഇതിനിടെ തീ പൊള്ളലേറ്റ ഒരാളെ ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റി. വാഹനങ്ങളിലെ തീ കെടുത്തി കാറിന്റെ മുൻ സീറ്റിലെ ആളെ പുറത്ത് എടുത്തെങ്കിലും പൂർണമായും കത്തിയ നിലയിലായിരുന്നു.
ഇതിനിടെ ചെമ്മാൻമുക്ക് – പോളയത്തോട് റോഡ് പൂർണമായും ആളുകളും വാഹനങ്ങളും കൊണ്ടു നിറഞ്ഞു. വന്നവരെല്ലാം പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സംഭവം എന്താണെന്നു തിരക്കുന്നുണ്ടെങ്കിലും എന്താണെന്നു കൃത്യമായി പറയാൻ ആർക്കും സാധിച്ചില്ല. റോഡിനു നടുവിലായി 2 വാഹനങ്ങൾ കത്തി കിടക്കുന്നു, ചുറ്റും ജനങ്ങളും പൊലീസും അഗ്നിരക്ഷാസേനയും. സംഭവം നടന്നു ഏതാനും മണിക്കൂറുകൾ കഴിഞ്ഞിട്ടും അപകട സ്ഥലത്ത് ആളുകളുടെ കൂട്ടം മാറിയിട്ടില്ല.
കൃത്യം നടക്കുന്നതു കണ്ട ദൃക്സാക്ഷികളായ മനു, അനന്ദു എന്നിവർ പറയുന്നത് ഇങ്ങനെ – ചെമ്മാൻമുക്ക് ജംക്‌ഷനിൽ നിന്നു കാർ മുൻപിലും വാൻ പിറകിലുമായി വരുകയായിരുന്നു. പെട്ടെന്നു വാനിന്റെ ഇടത് വശം കാറിന്റെ വലത് വശത്തേക്ക് ഇടിച്ചു നിർത്തി. ഇതിനു ശേഷം വാനിൽ നിന്ന് ഇറങ്ങിയ ആൾ, തന്റെ കൈ കൊണ്ട് കാറിന്റെ വശത്തെ ഗ്ലാസ് ഇടിച്ചു പൊട്ടിച്ചശേഷം ബക്കറ്റ് പോലുള്ള എന്തോ ഒന്നിൽ കരുതിയിരുന്ന പെട്രോൾ വാഹനത്തിന് ഉള്ളിലേക്ക് ഒഴിച്ചു കത്തിക്കുകയായിരുന്നു. കത്തിച്ച ശേഷം ഇയാൾ ഓടിപ്പോയി.
ഇൗസമയം കാറിന്റെ ഫ്രണ്ടിൽ നിന്ന് ഒരാൾ ദേഹത്തു തീയുമായി പുറത്തേക്കു ചാടി. ഞങ്ങൾ ഓടി ചെന്നു കാറിന്റെ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടനെ കാറിൽ നിന്നു പൊട്ടിത്തെറി ഉണ്ടായി. അങ്ങനെ 3 തവണ കാറിൽ നിന്നു പൊട്ടുന്ന ശബ്ദം കേട്ടു. പിന്നീട് കാറിന്റെ ഡോർ തുറന്നപ്പോഴേക്കും പൂർണമായി കത്തിയ നിലയിൽ ഒരാൾ റോഡിലേക്കു വീണു. അപ്പോഴേക്കും ഞങ്ങൾ ഫയർഫോഴ്സ്, പൊലീസ് എന്നിവിടങ്ങളിൽ വിവരം അറിയിച്ചു.
അലറി വിളിച്ച് അനില
കൊല്ലം ∙ അരുത്, ചെയ്യല്ലേ... ചെയ്യല്ലേ...’ ഭർത്താവ് പത്മരാജൻ കാറിൽ വാൻ ഇടിച്ചു നിർത്തി പെട്രോൾ ഒഴിക്കാൻ തുനിയുമ്പോൾ അനില അവസാനമായി വിളിച്ച് അപേക്ഷിച്ചത് ഇങ്ങനെയായിരുന്നു. ‘ ഇല്ല, നിനക്കിനി മാപ്പ് ഇല്ല...’ എന്ന് അലറി വിളിച്ച പത്മരാജന്റെ കാതുകളിൽ ആ നിലവിളി എത്തിയില്ല. നിമിഷങ്ങൾക്കുള്ളിൽ കാറിലേക്കു പെട്രോൾ വീണു. തീയും ആളിപ്പടർന്നു. അനിലയുടെ അലർച്ചയും നിമിഷങ്ങൾക്കുള്ളിൽ നിലച്ചു.
അനിലയെ വക വരുത്താൻ നേരത്തേ തന്നെ പത്മരാജൻ തീരുമാനിച്ചുറപ്പിച്ചിരുന്നുവെന്നാണു പൊലീസ് നിഗമനം. ഇതിനായി ഇന്നലെ വൈകിട്ട് 4 മണിയോടെ തഴുത്തലയിലെ പുതിയ പെട്രോൾ പമ്പിൽ നിന്ന് ഇയാൾ 300 രൂപയുടെ പെട്രോൾ വാങ്ങി. ഇത് പിന്നീട് ബക്കറ്റിലാക്കി വാനിന്റെ മുൻ സീറ്റിനു സമീപം സൂക്ഷിച്ചു. വാനിൽ 200 രൂപയ്ക്കും പെട്രോൾ നിറച്ചു. നായേഴ്സ് ജംക്‌ഷനിലെ ബേക്കറി അടച്ച ശേഷം അനില കാറിൽ മടങ്ങുന്നതു നിരീക്ഷിച്ച് ഇയാൾ വാനിൽ തൊട്ടടുത്തു തന്നെ ഉണ്ടായിരുന്നു.
അനില അടുത്തിടെ തുടങ്ങിയ ബേക്കറിയിൽ പണം നിക്ഷേപിച്ച പട്ടത്താനം സ്വദേശി ഹനീഷ് ലാൽ കാറിൽ ഒപ്പമുണ്ടാകുമെന്നായിരുന്നു പത്മരാജൻ കരുതിയത്. അനിലയ്ക്കൊപ്പം നേരത്തേ ഹനീഷിനെ കാറിൽ ഇയാൾ കണ്ടിട്ടുള്ളതായി പൊലീസ് പറയുന്നു. എന്നാൽ ഇന്നലെ കാറിൽ ഒപ്പമുണ്ടായിരുന്നതു ജീവനക്കാരനായ സോണി ആയിരുന്നു. ഹനീഷ് പക്ഷേ ബൈക്കിൽ ഇവർക്കു പിറകിൽ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
ബേക്കറിയിൽ ഹനീഷ് പണം മുടക്കിയതും ഇയാൾ ബേക്കറിയിൽ പതിവായി വരുന്നതുമായി ബന്ധപ്പെട്ട് പത്മരാജനും അനിലയുമായി പലതവണ വഴക്കുണ്ടാക്കിയിട്ടുണ്ട്. തുടർന്ന് അനില ചെമ്മാൻമുക്കിനു സമീപം വീട് വാടകയ്ക്കെടുത്ത് താമസം അങ്ങോട്ടേക്കു മാറ്റിയിരുന്നു. ഹനീഷ് മുടക്കിയ പണം തിരികെ നൽകാൻ ധാരണയായിരുന്നുവെന്നു പറയുന്നുണ്ടെങ്കിലും ഇതിനു സ്ഥിരീകരണമില്ല. വാടകയ്ക്കെടുത്ത വീട് ഒഴിഞ്ഞ് അനില പത്മരാജനൊപ്പം താമസിക്കാനും തീരുമാനിച്ചു. പക്ഷേ, പക മനസ്സിൽ കരുതിയ പത്മരാജൻ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
‘കണ്ടത് രണ്ടു വാഹനങ്ങൾ കത്തുന്നത്’
കൊല്ലം ∙ ‘രണ്ടു വാഹനങ്ങൾ നിന്നു കത്തുന്നതാണ് ഞാൻ ആദ്യം കണ്ടത്. ബൈക്ക് നിർത്തി ഓടിയടുക്കാൻ ശ്രമിച്ചപ്പോഴേക്കും തീ ആളിപ്പടർന്നു. കാറിന്റെ മുൻസീറ്റിൽ ഒരു സ്ത്രീ ജീവനുവേണ്ടി മല്ലിടുന്നു. ഇടതുവശത്തെ സീറ്റിൽ നിന്ന് ഇറങ്ങിയോടിയ ആൾ ദൂരെ നിന്നു ഫോണിൽ ആരെയോ വിളിച്ചു കരയുന്നു. നിമിഷങ്ങൾക്കകം എല്ലാം കഴിഞ്ഞു– സംഭവത്തിനു ദൃക്‌സാക്ഷിയായ പള്ളിമുക്ക് സ്വദേശി ഇർഷാദ് പറയുന്നു.
കൃത്യം നടക്കുന്നതു കണ്ട ദൃക്സാക്ഷികളായ മനു, അനന്തു എന്നിവർ പറയുന്നത് ഇങ്ങനെ: ‘ ചെമ്മാൻമുക്ക് ജംക്‌ഷനിലേക്കു കാർ മുൻപിലും വാൻ പിറകിലുമായി വരുകയായിരുന്നു. പെട്ടെന്നു വാനിന്റെ ഇടതു വശം കാറിന്റെ വലത് വശത്തേക്ക് ഇടിച്ചു നിർത്തി. ഇതിനു ശേഷം വാനിലിരുന്നയാൾ ബക്കറ്റ് പോലുള്ള എന്തോ ഒന്നിൽ കരുതിയിരുന്ന പെട്രോൾ വാഹനത്തിന് ഉള്ളിലേക്ക് ഒഴിച്ചു കത്തിക്കുകയായിരുന്നു. കത്തിച്ച ശേഷം ഇയാൾ ഇയാൾ ഓടിപ്പോയി. ഇസമയം കാറിന്റെ ഫ്രണ്ടിൽ നിന്ന് ഒരാൾ ദേഹത്തു തീയുമായി പുറത്തേക്കു ചാടി. ഞങ്ങൾ ഓടി ചെന്നു കാറിന്റെ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടനെ കാറിൽ നിന്നു പൊട്ടിത്തെറി ഉണ്ടായി. അങ്ങനെ 3 തവണ കാറിൽ നിന്നു പൊട്ടുന്ന ശബ്ദം കേട്ടു. പിന്നീട് കാറിന്റെ ഡോർ തുറന്നപ്പോഴേക്കും പൂർണമായി കത്തിയ നിലയിൽ ഒരാൾ റോഡിലേക്കു വീണു. അപ്പോഴേക്കും ഞങ്ങൾ ഫയർഫോഴ്സ്, പൊലീസ് എന്നിവിടങ്ങളിൽ വിവരം അറിയിച്ചു...’
പത്മരാജന്റെ മൊഴി ‘ലക്ഷ്യമിട്ടത് രണ്ട് കൊലപാതകങ്ങൾ’
കൊല്ലം ∙ അനിലയെയും അനില ആരംഭിച്ച ബേക്കറിയിലെ സാമ്പത്തിക പങ്കാളി പട്ടത്താനം സ്വദേശി ഹനീഷ് ലാലിനെയും കൊലപ്പെടുത്താൻ തീരുമാനിച്ചിരുന്നുവെന്നു പത്മരാജൻ പൊലീസിനു മൊഴി നൽകി. ഇതിനായാണു തഴുത്തലയിലെ പമ്പിൽ നിന്നു പെട്രോൾ വാങ്ങിയത്. കൊലപാതകത്തിനു ശേഷം ജയിലിൽ പോകാൻ തയാറെടുത്തു തന്നെയാണു പൊലീസിൽ കീഴടങ്ങിയതെന്നും ഇയാൾ മൊഴി നൽകി. എന്നാൽ കാറിൽ അനിലയ്ക്കൊപ്പം ഹനീഷ് ലാൽ ആയിരിക്കും ഉണ്ടാകുമെന്ന പത്മരാജന്റെ കണക്കുകൂട്ടൽ തെറ്റി.
അനിലയുടെ കാറിൽ ഹനീഷ് ലാലിനെ ചില ദിവസങ്ങളിൽ പത്മരാജൻ കണ്ടിരുന്നു. ബേക്കറിയിലെ സാമ്പത്തിക പങ്കാളി എന്ന നിലയിൽ ഹനീഷ് ലാലുമായി അനില പുലർത്തിയ ബന്ധത്തെച്ചൊല്ലി പത്മരാജൻ പലപ്പോഴും വഴക്കിട്ടിരുന്നു. ഹനീഷ് ലാലിന്റെ പണം തിരികെ കൊടുത്തു ബേക്കറിയിലെ അവകാശം ഒഴിവാക്കണമെന്നായിരുന്നു പത്മരാജന്റെ ആവശ്യം. ഹനീഷ് ലാൽ ബേക്കറിയിൽ പതിവായി വരുന്നതും ഇയാൾ ചോദ്യം ചെയ്തു. വഴങ്ങാതിരുന്ന അനിലയുമായി പത്മരാജൻ മാനസികമായി അകന്നു. തുടർന്നാണു കൊട്ടിയത്തെ മധ്യസ്ഥ ചർച്ച നടന്നത്.ബേക്കറിയുടെ മുതൽമുടക്ക് 90 ശതമാനവും അനിലയുടേതായിരുന്നുവെന്നു പൊലീസ് പറയുന്നു.