ഉദ്ഘാടനത്തിനു തൊട്ടു പിന്നാലെ അടച്ചുപൂട്ടി പുത്തൻകുളം മാർക്കറ്റ്
Mail This Article
പൂതക്കുളം∙ പ്രവർത്തനം പുനരാരംഭിച്ചു ദിവസങ്ങൾക്കുള്ളിൽ പുത്തൻകുളം പൊതുമാർക്കറ്റ് അടച്ചുപൂട്ടി. കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ കാരണം അടച്ച മാർക്കറ്റ് 4 വർഷത്തോളം പ്രവർത്തനരഹിതമായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ മാസമാണ് മാർക്കറ്റ് വീണ്ടും പ്രവർത്തനമാരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഉദ്ഘാടനവും നടത്തി.
ആദ്യ ദിവസങ്ങളിൽ പഞ്ചായത്ത് ഇടപെട്ട് മത്സ്യ, പച്ചക്കറി വ്യാപാരികളെ മാർക്കറ്റിലെത്തിച്ചു വ്യാപാരം നടത്തിയിരുന്നു. എന്നാൽ 10 ദിവസത്തിൽ കൂടുതൽ പ്രവർത്തനം മുൻപോട്ട് കൊണ്ടുപോകാൻ പഞ്ചായത്തിനു കഴിഞ്ഞില്ല. വ്യാപാരികൾ കുറഞ്ഞതോടെ നാട്ടുകാർ വീണ്ടും വഴിയോര കച്ചവടക്കാരെയും താൽക്കാലിക മാർക്കറ്റുകളെയും ആശ്രയിക്കുകയായിരുന്നു.
ഇതോടെ പുത്തൻകുളം മാർക്കറ്റ് വീണ്ടും അടച്ചുപൂട്ടി. മാർക്കറ്റ് നടത്തിപ്പിനു പഞ്ചായത്തിനും ഭരണസമിതിക്കും താൽപര്യമില്ലാത്തതാണു കാരണമെന്ന് ആക്ഷേപം ഉയരുന്നുണ്ട്. മാർക്കറ്റ് വർഷങ്ങൾക്ക് ശേഷം തുറന്നു പ്രവർത്തനമാരംഭിച്ചു ദിവസങ്ങൾക്കുള്ളിൽ സമീപത്തെ സ്വകാര്യ മത്സ്യവിൽപശാല പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തതു പ്രതിഷേധത്തിനു കാരണമായിരുന്നു. പുത്തൻകുളം, ഈഴംവിള, പൂതക്കുളം, ഉൗന്നിൻമൂട് പ്രദേശങ്ങളിലെ ജനങ്ങൾ പ്രധാനമായും ആശ്രയിച്ചിരുന്നത് പുത്തൻകുളം പൊതുമാർക്കറ്റിനെയായിരുന്നു. പുത്തൻകുളം ജംക‍്ഷനു സമീപത്തെ പഞ്ചായത്ത് വക 15 സെന്റ് ഭൂമിയിലാണ് മാർക്കറ്റ് പ്രവർത്തിച്ചിരുന്നത്.