പൂസ്സാകാൻ ‘കുപ്പി’ പൊക്കി; കയ്യോടെ പിടിയിലായി
Mail This Article
ചാത്തന്നൂർ ∙ കിക്കാവുന്നതിനു സെൽഫ് കൗണ്ടറിൽ നിന്ന് മദ്യം മോഷ്ടിച്ച യുവാവ് ഒടുവിൽ പൊലീസിന്റെ വലയിലായി. ചാത്തന്നൂർ തിരുമുക്കിലെ ബവ്റിജ് പ്രീമിയം സെൽഫ് കൗണ്ടറിൽ നിന്ന് മദ്യം മോഷ്ടിച്ച കേസിൽ പരവൂർ നെടുങ്ങോലം കട്ടിളയിട്ടവിള വീട്ടിൽ മനുവാണ് (38) ചാത്തന്നൂർ പൊലീസിന്റെ പിടിയിലായത്. ഇന്നലെ പരവൂരിൽ പ്രീമിയം സെൽഫ് കൗണ്ടറിൽ നിന്നു മദ്യക്കുപ്പി കവരുമ്പോഴാണ് പിടികൂടിയത്.
ചാത്തന്നൂർ തിരുമുക്കിലെ ബവ്റിജ് പ്രീമിയം സെൽഫ് കൗണ്ടറിൽ നിന്ന് കഴിഞ്ഞ മാസം 20, 25 തീയതികളിൽ മദ്യ കുപ്പികൾ കവർന്നിരുന്നു. തിരക്കില്ലാത്ത സമയത്ത് പ്രീമിയം കൗണ്ടറിൽ എത്തിയാണ് കവർച്ച നടത്തിയത്. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ബവ്റിജ് അധികൃതർ ചാത്തന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
ഇന്നലെ രാവിലെ കൺസ്യൂമർ ഫെഡിന്റെ പരവൂർ സെൽഫ് പ്രീമിയം കൗണ്ടറിൽ നിന്ന് മദ്യക്കുപ്പി കവരുമ്പോൾ കയ്യോടെ പിടി കൂടുകയായിരുന്നു. ചാത്തന്നൂർ എസ്ഐ വി.വിനുവിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഓയൂർ, കൊല്ലം തുടങ്ങിയ ഭാഗങ്ങളിലും സമാന രീതിയിൽ മോഷണം നടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.