പൊലീസ് അതിർത്തി യോഗം ചേർന്നു: ഇനി പഴുതടച്ച പരിശോധന
Mail This Article
ആര്യങ്കാവ്∙ ശബരിമല മകരവിളക്ക് ഉത്സവം അവസാനിക്കുന്നതു വരെയുള്ള അതിർത്തിയിലെ സുരക്ഷ വിഷയത്തിൽ കേരള–തമിഴ്നാട് പൊലീസ് അധികൃതർ മറ്റു വകുപ്പുകളുടെ പങ്കാളിത്തത്തോടെ യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. തമിഴ്നാട്ടിലെ ശബരിമല തീർഥാടകർ സഞ്ചരിച്ച വാനിൽ പാറപ്പൊടിയുമായി എത്തിയ ലോറി ഇടിച്ചു വാൻ കൊക്കയിലേക്കു മറിഞ്ഞു തീർഥാടകരിൽ ഒരാൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചു.
ക്രിസ്മസ്, പുതുവത്സരം എന്നിവ കണക്കിലെടുത്തു വാഹനാപകടങ്ങൾ നിയന്ത്രിക്കാനും ലഹരി വസ്തുക്കളുടെ കടത്തു തടയാനും സംയുക്ത പരിശോധന നടത്തും. ഗതാഗതം സുരക്ഷിതമാക്കാൻ തിരുമംഗലം ദേശീയപാത പുറമ്പോക്കുകളിലെ കയ്യേറ്റങ്ങളും തടയും. ആര്യങ്കാവ്, അച്ചൻകോവിൽ ശ്രീധർമശാസ്താ ക്ഷേത്രങ്ങളിലെ മണ്ഡലപൂജയും ഉത്സവത്തിലും വലിയ തിരക്കു പ്രതീക്ഷിക്കുന്നതിനാൽ അതിർത്തിയിൽ ഇരുഭാഗത്തും സംയുക്ത വാഹന പരിശോധനയും ഗതാഗത പരിഷ്ക്കാരവും നടപ്പാക്കാനാണു തീരുമാനം.
വനപാതയായ ചെങ്കോട്ട മേക്കര അച്ചൻകോവിൽ പുനലൂർ അതിർത്തിയിലും പരിശോധനകൾ ശക്തമാക്കും. ഗതാഗത സ്തംഭനം ഉണ്ടാകാതിരിക്കാൻ വാഹനങ്ങൾ വഴിതിരിച്ചു വിടുന്നത് അടക്കമുള്ള പരിഷ്ക്കാരങ്ങൾ ചർച്ച ചെയ്തു. ലോറികളിലെ അമിതഭാരം, അമിതവേഗം, ന്യൂട്രൽ ഗിയറിൽ യാത്ര എന്നിവയിൽ കൂടുതൽ പരിശോധനയും കർശന നിയമനടപടിയും ഉറപ്പാക്കും. ഗതാഗത നിയമലംഘനം നടത്തുന്ന ലോറികൾ അടക്കമുള്ള വാഹനങ്ങൾക്കെതിരെ നിയമ നടപടിയെടുക്കും.
തിരക്കുള്ള സമയത്ത് വലിയ ട്രക്കുകൾക്കു പുളിയറ ചെക്പോസ്റ്റിൽ പ്രവേശനാനുമതി നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ആര്യങ്കാവിൽ ഇക്കാര്യത്തിൽ തീരുമാനമില്ല. ഇരു സംസ്ഥാനങ്ങളിലെ പൊലീസ് സംഘം വിവരങ്ങൾ കൈമാറി സംയുക്ത പരിശോധനകൾ ശക്തമാക്കാനും ഇതിൽ റെയിൽവേ പൊലീസ്, മോട്ടർ വാഹന വകുപ്പ്, വനംവകുപ്പ്, എക്സൈസ് വകുപ്പുകളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കി അതിർത്തിയിൽ കാവൽ ഏർപ്പെടുത്തും.
കാപ്പ ഉൾപ്പെടെയുള്ള കേസുകളിലും മറ്റു വിവിധ പൊലീസ്, വനം, എക്സൈസ് വകുപ്പുകളുടെ കേസുകളിലും ഇരുഭാഗത്തും പ്രതികളായവരെപ്പറ്റിയുള്ള വിവരങ്ങൾ വകുപ്പുകൾ പരസ്പരം കൈമാറും. അതിർത്തി കടന്നുള്ള എംഡിഎംഎ, കഞ്ചാവ്, പാൻമസാല അടക്കമുള്ള ലഹരി വസ്തുക്കളുടെ കടത്തു തടയാൻ വാഹന പരിശോധനയിൽ കാതലായ മാറ്റങ്ങൾ വരുത്തും. ചടയമംഗലം, കടയ്ക്കൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു വൻതോതിൽ ലഹരി വസ്തുക്കളുടെ മൊത്ത വിൽപന ഉണ്ടെന്നാണു രഹസ്യ വിവരം.
അച്ചൻകോവിലിലും ആര്യങ്കാവിലും വനം ചെക്പോസ്റ്റിലും എക്സൈസ് ചെക്പോസ്റ്റിലും പരിശോധനയുണ്ടെങ്കിലും ഇരുവകുപ്പുകളുടെ കൂട്ടായ പരിശോധനയില്ലാത്തതു പോരായ്മയായിരുന്നു. കൊട്ടാരക്കര റൂറൽ എസ്പി കെ.എം.സാബു മാത്യു, തെങ്കാശി എസ്പി. വി. ആർ. ശ്രീനിവാസൻ എന്നിവരുടെ അധ്യക്ഷതയിലായിരുന്നു അതിർത്തി യോഗം. തെങ്കാശി ഡിഎസ്പി. തമിഴ് ഇനിയൻ, തെന്മല ഡിഎഫ്ഒ. എ.ഷാനവാസ്, കൊല്ലം റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി. സക്കറിയ മാത്യു,
പുനലൂർ ഡിവൈഎസ്പി. വി. എസ്. പ്രദീപ് കുമാർ, കൊല്ലം അസി. എക്സൈസ് കമ്മീഷണർ വി. രാജേഷ്, കുളത്തൂപ്പുഴ, തെന്മല, അച്ചൻകോവിൽ പൊലീസ് ഇൻസ്പെക്ടർമാരായ ബി.അനീഷ്, ജി. പുഷ്പ കുമാർ, ആർ. ശ്രീകൃഷ്ണ കുമാർ, പുളിയറ, ചെങ്കോട്ട പൊലീസ് എസ്ഐമാരായ കെ. സുഭാഷ്ചന്ദ്രബോസ്, എം. മുരളീധരൻ, പുനലൂർ ജോയിന്റ് ആർടിഒ. സുനിൽകുമാർ, പുനലൂർ റെയിൽവേ എസ്എച്ച്ഒ. ജി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.