അനില വധം: പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ ഇന്ന് അപേക്ഷ നൽകും
Mail This Article
കൊല്ലം ∙ കാർ തടഞ്ഞു ഭാര്യയെ പെട്രോൾ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പത്മരാജനെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് പൊലീസ് ഇന്നു കോടതിയിൽ അപേക്ഷ നൽകും. കൂടുതൽ തെളിവെടുപ്പിനും വിശദമായി ചോദ്യം ചെയ്യുന്നതിനും വേണ്ടിയാണിത്.
ഭാര്യ അനിലയെ കൊലപ്പെടുത്തുന്നതിനായി പെട്രോൾ വാങ്ങിയ പമ്പിൽ ഉൾപ്പെടെ പത്മരാജനെ എത്തിച്ചു തെളിവെടുക്കാനുണ്ട്. സംഭവം നടന്ന ചെമ്മാൻമുക്കിൽ കൊണ്ടുപോയി കഴിഞ്ഞദിവസം തെളിവെടുത്തിരുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ട് ഉൾപ്പെടെ ഇന്നലെ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു.
പത്മരാജൻ ഭാര്യയെ പെട്രോൾ ഒഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ പുല്ലിച്ചിറ സോണി നിവാസിൽ സോണി ജോസഫ് (39) കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അനില നടത്തിയിരുന്ന ബേക്കറിയിലെ ജീവനക്കാരനാണ് സോണി.
ബേക്കറി അടച്ചു വീട്ടിലേക്കു പോകുന്നതിനിടെ ചെമ്മാൻമുക്ക് കഴിഞ്ഞു കാർ വേഗം കുറച്ചപ്പോൾ പത്മരാജൻ കാറിന്റെ വലതുവശം ചേർത്തു വാൻ നിർത്തി അനിലയുടെയും തന്റെയും ശരീരത്തിൽ പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു എന്ന് സോണി പൊലീസിനു മൊഴി നൽകി. ശരീരത്തിന്റെ വലതുവശത്ത് പൊള്ളലേറ്റ താൻ കാറിന്റെ വാതിൽ തുറന്ന് ഓടിയെന്നും പിറകെ എത്തിയവർ ശരീരത്തിൽ ബാഗ് കൊണ്ട് അടിച്ചു തീ അണയ്ക്കുകയായിരുന്നു എന്നും പറഞ്ഞു.
ബേക്കറി തുടങ്ങാൻ പണം മുടക്കിയ ഹനീഷ് ലാലിനെ പണം നൽകി ഒഴിപ്പിച്ച ശേഷം അനില ബേക്കറിയിൽ കയറിയാൽ മതിയെന്ന് പത്മരാജൻ പറഞ്ഞെങ്കിലും അതു കേൾക്കാതെ ‘ഇന്നു തന്നെ താൻ ബേക്കറിയിൽ നിൽക്കുകയാണ്’ എന്ന് അനില പറഞ്ഞതായും സോണിയുടെ മൊഴിയിലുണ്ട്.