വഴി നീളെ കുഴി, രൂപപ്പെട്ടിട്ട് മാസങ്ങൾ; അന്നം മുടക്കും, പ്രാണനെടുക്കും
Mail This Article
ശക്തികുളങ്ങര ∙ ഹാർബറിൽ നിന്ന് ദേശീയപാതയിലേക്കുള്ള വഴിയിലെ യാത്രാദുരിതം തുടങ്ങിയിട്ട് മാസങ്ങൾ. 2015 ൽ ഉമ്മൻചാണ്ടി സർക്കാരിൽ കെ.ബാബു മന്ത്രിയായിരുന്നപ്പോൾ പണിത റോഡിന് 7 വർഷത്തെ ആയുസ്സായിരുന്നു ഉറപ്പ്. സമയം കൃത്യമായപ്പോൾ മുതൽ വഴി ‘പണിയായി’. വഴി കോർപറേഷന്റേത് ആണെന്ന് അവർ പറയുമ്പോൾ, അത് തങ്ങൾക്കു നൽകിയാൽ വഴി നന്നാക്കാമെന്നാണു ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ ഭാഗം.
ഓരോ വർഷവും ഫണ്ട് അനുവദിച്ചതായി ജനപ്രതിനിധികൾ പറയുന്നുണ്ടെങ്കിലും വഴി മാത്രം നന്നാക്കുന്നില്ലെന്നാണു പ്രദേശവാസികൾ പറയുന്നത്. ഹാർബറിൽ ജോലിക്കായി പുലർച്ചെ രണ്ടുമണി തൊട്ടെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വലിയ കുഴിയിൽ വീഴുന്നതു പതിവാണ്. മത്സ്യക്കച്ചവടക്കാരുടെ ഇരുചക്രവാഹനങ്ങൾ കുഴികളിൽ വീണു മീൻ പുറത്തേക്കു വീഴാറുണ്ടെന്നും ഹാർബർ ജീവനക്കാർ പറയുന്നു.
ഹാർബറിലേക്കുള്ള ഭാരവാഹനങ്ങൾ ഉൾപ്പെടെ പ്രതിദിനം ഈ വഴി പോകുന്നതിനാൽ താൽക്കാലിക അറ്റകുറ്റപ്പണി ഇവിടെ ഗുണകരമല്ല. മൂന്നുമാസം മുൻപു കോർപറേഷൻ നവീകരണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ശക്തികുളങ്ങര കോൺഗ്രസ് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴ നട്ടും റോഡ് ഉപരോധിച്ചും പ്രതിഷേധം നടത്തിയിട്ടും അധികൃതർക്കു നിവേദനം നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം പല വീടുകളിൽ നിന്നായി മെറ്റലും മണലും ഉപയോഗിച്ചു നാട്ടുകാർ കുഴി മൂടിയിരുന്നു.