കുടിവെള്ളം കിട്ടാനില്ല: ബില്ലിനും പരിഹാസത്തിനും കുറവില്ല; ഇത് ഇത്തിരി കടുപ്പം
Mail This Article
കൊല്ലം ∙ വെള്ളം നൽകിയില്ലെങ്കിലും കൃത്യമായി ബിൽ അയയ്ക്കാനും വെള്ളം ലഭിക്കുന്നില്ലെന്ന് പരാതി പറയുന്നവരെ അപഹസിക്കാനുമുള്ള സംവിധാനമായി ജലവിഭവ വകുപ്പ് മാറിയെന്ന് പരാതി .തിരുമുല്ലവാരം ചെരണശ്ശേരി തിരുവോണനഗറിലുള്ള നാട്ടുകാരാണ് ഇതു സംബന്ധിച്ച പരാതിയുമായി രംഗത്തെത്തിയത്. ജലവിതരണം മുടങ്ങിയിട്ട് 3–4 ആഴ്ചകൾ പിന്നിട്ടതോടെയാണ് നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയത്.
വകുപ്പുമായി ബന്ധപ്പെടുമ്പോഴെല്ലാം മോശമായ രീതിയിലാണ് പ്രതികരിക്കുന്നതെന്നും ഇന്നു വരും നാളെ വരും എന്ന മറുപടി കേട്ട് മടുത്തെന്നും നാട്ടുകാർ പറയുന്നു. പൈപ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും പണി പൂർത്തിയായാൽ വെള്ളം ലഭിക്കുമെന്നുമാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ പണി പൂർത്തിയായി ദിവസങ്ങൾ പിന്നിട്ടിട്ടും ഈ മേഖലയിലെ കുടുംബങ്ങൾക്ക് വെള്ളം ലഭിച്ചിട്ടില്ല. നാൽപതോളം കുടുംബങ്ങളാണ് ഈ മേഖലയിൽ താമസിക്കുന്നത്.
ജലവിഭവ വകുപ്പ് മുഖേന വെള്ളം ലഭിക്കുന്നതായതോടെ സമീപത്തെ പൊതുകിണറാണ് ഇവരുടെ ആശ്രയം. എന്നാൽ പ്രദേശത്തെ മുഴുവൻ കുടുംബങ്ങളുടെയും ഉപയോഗത്തിനായി ഇത് തികയില്ല. കിണറുമായി അകലമുള്ള വീടുകളിലെ താമസക്കാർ ഏറെ ദൂരം വെള്ളം ചുമലിലേറ്റി നടക്കേണ്ട സാഹചര്യമാണ്.
രോഗികളും കിടപ്പു രോഗികളുമായവരും വിദ്യാർഥികളും തൊഴിലുറപ്പ് തൊഴിലാളികളായവരുമെല്ലാം ഇവരുടെ കൂട്ടത്തിലുണ്ട്. പലപ്പോഴും ലഭിക്കുന്നതു ശുദ്ധജലമല്ലെന്നും ചെളിയും പ്രാണികളുള്ളതുമായ വെള്ളമാണെന്നും പരാതിയുണ്ട്. ഉയർന്ന പ്രദേശമായതിനാലാണ് വെള്ളം ലഭിക്കുവാൻ ബുദ്ധിമുട്ട് നേരിടുന്നതെന്നാണ് അധികൃതരുടെ മറുപടി. അതേ സമയം മറ്റു പ്രദേശങ്ങളിലുള്ളവർക്ക് വെള്ളം ലഭിക്കുന്നുണ്ട്. എത്രയും പെട്ടെന്നു പ്രശ്നം പരിഹരിക്കണമെന്നാണ് ഇവരുടെ ആവശ്യം.