റെയിൽവേ സ്റ്റേഷൻ കോംപൗണ്ടിലെ മരങ്ങൾ അപകട ഭീഷണി; വെട്ടിമാറ്റാൻ നടപടിയില്ല
Mail This Article
കുണ്ടറ∙ യാത്രക്കാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഭീഷണിയുയർത്തി കൂറ്റൻ മരങ്ങൾ. കുണ്ടറ റെയിൽവേ സ്റ്റേഷൻ കോംപൗണ്ടിൽ നിൽക്കുന്ന മരങ്ങളാണ് ഭീഷണിയാകുന്നത്. മരങ്ങളുടെ ചില്ലകൾ വളർന്ന് റോഡിന്റെ എതിർ ദിശ വരെ എത്തി. കൈ എത്തി പിടിക്കാവുന്ന ഉയരത്തിൽ മരച്ചില്ലകൾ താഴ്ന്ന് നിൽക്കുകയാണ്. മഴ പെയ്താൽ ഇലകളിൽ വെള്ളം തങ്ങി കൂടുതൽ താഴും.
ഉണങ്ങിയ ശിഖരങ്ങൾ ഒടിഞ്ഞു വീഴുന്നതും പതിവാണ്. റോഡ് നിരപ്പിൽ നിന്ന് 10 അടിയോളം ഉയരത്തിലാണ് റെയിൽവേ സ്റ്റേഷൻ . ബലക്കുറവുള്ളതിനാൽ മരങ്ങളുടെ ശിഖരങ്ങൾ ഒടിഞ്ഞാൽ റോഡിലേക്കും മറുവശത്തെ വ്യാപാര സ്ഥാപനങ്ങളുടെ മുകളിലേക്കും ആകും പതിക്കുക.
ശക്തമായ കാറ്റിൽ മരച്ചില്ലകൾ ആടി ഉലയുന്നതിനാൽ ഭീതിയോടെയാണ് വ്യാപാര സ്ഥാപനങ്ങളിൽ ആളുകൾ ഇരിക്കുന്നത്. കുണ്ടറ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുന്നവർ ബസ് കയറുന്നതിന് കാത്ത് നിൽക്കുന്നതും സ്റ്റേഷനിലേക്കു വരുന്ന യാത്രക്കാർ വാഹനങ്ങൾ നിർത്തുന്നതും ഈ മരങ്ങളുടെ അടിയാണ്.ഒട്ടേറെ തവണ റെയിൽവേ അധികൃതർക്ക് പരാതി നൽകിയെങ്കിലും മരങ്ങൾ മുറിച്ചു മാറ്റുന്നതിന് യാതൊരു നടപടിയും ഉണ്ടായില്ല. മരങ്ങൾ മുറിച്ച് മാറ്റുന്നതിന് നടപടി സ്വീകരിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.