ദേശീയപാത നിർമാണം: മെറ്റലും കല്ലും മൂലം പൊടിശല്യം; പ്രശ്നങ്ങൾ പരിഹരിക്കുന്നില്ലെന്ന് എംഎൽഎ
Mail This Article
കരുനാഗപ്പള്ളി ∙ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന വിഷയങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നില്ലെന്നു സി.ആർ.മഹേഷ് എംഎൽഎ താലൂക്ക് വികസന സമിതി യോഗത്തിൽ കുറ്റപ്പെടുത്തി. ദേശീയപാതയിൽ ചവറ മുതൽ ഇടപ്പള്ളികോട്ട വരെ പല ഭാഗത്തും ടാറിങ് നടത്താതെ മെറ്റലും കല്ലും ഇട്ടതിനാൽ പൊടിശല്യം മൂലം പൊതുജനങ്ങൾ ബുദ്ധിമുട്ടുന്നു. ഇത് നിരവധി തവണ നിർമാണ കമ്പനിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയും ഉണ്ടാകുന്നില്ല. സിവിൽ സ്റ്റേഷന്റെ പ്രധാന കവാടത്തിന്റെ കിഴക്കു വശം ചെളിയായി കിടക്കുന്നതിനാൽ പൊതുജനങ്ങൾക്ക് ഓഫിസിലേക്ക് വരുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകുന്നു. ഈ ഭാഗത്ത് ദേശീയപാതയുടെ നിർമാണം വൈകുകയാണ്.
സിവിൽ സ്റ്റേഷൻ അറ്റകുറ്റപ്പണി എത്രയും വേഗം പൂർത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സിവിൽ സ്റ്റേഷനിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് നൽകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. നഗരസഭ 34–ാം ഡിവിഷനിൽ പൊതുജനങ്ങൾ റോഡായി ഉപയോഗിക്കുന്ന സ്ഥലം സഞ്ചാര യോഗ്യമാക്കാൻ നടപടി സ്വീകരിക്കുക, ചവറ ബസ് സ്റ്റാൻഡിനോട് ചേർന്ന് അപകടകരമായി നിൽക്കുന്നതും പൊളിച്ചു നീക്കുന്നതിനു നോട്ടിസ് നൽകിയതുമായ ടവർ എത്രയും വേഗം പൊളിച്ച് നീക്കുന്നതിനു ചവറ പഞ്ചായത്ത് നടപടി സ്വീകരിക്കുക, ദേശീയപാതയോട് ചേർന്ന ഹൈവേ പുറമ്പോക്ക് ചവറ പഞ്ചായത്തിന് നൽകുവാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
താലൂക്ക് സമിതി വികസന യോഗത്തിൽ സി.ആർ.മഹേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി കലക്ടർ ബി.ജയശ്രീ, തഹസിൽദാർ പി.ഷിബു, ആലപ്പാട്, ചവറ, തൊടിയൂർ, തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡന്റൻമാർ, പന്മന പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വകുപ്പ് മേധാവികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.