പുനലൂർ റെയിൽവേ സ്റ്റേഷൻ നവീകരണം: പില്ലറുകൾ കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ ഉടൻ
Mail This Article
പുനലൂർ ∙ പുനർനിർമാണം നടക്കുന്ന പുനലൂർ റെയിൽവേ സ്റ്റേഷനിൽ വെയ്റ്റിങ് ഹാളിന്റെയും പാർക്കിങ് ഗ്രൗണ്ടിന്റെയും നിർമാണം വേഗത്തിലാക്കി. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനോട് ചേർന്ന് 1000 ചതുരശ്ര അടി വിസ്തൃതിയിൽ വെയ്റ്റിങ് ഹാൾ നിർമിക്കുന്നതിനായി 11 അടിയിൽ കൂടുതൽ താഴ്ചയിൽ മണ്ണ് എടുത്ത് മാറ്റുന്ന ജോലികളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്.
കെട്ടിടത്തിന്റെ പില്ലറുകൾ കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ ഉടൻ ആരംഭിക്കും. നേരത്തെ നിരപ്പാക്കിയിരുന്ന പാർക്കിങ് ഗ്രൗണ്ടിൽ ഉടൻ മേൽക്കൂര നിർമാണം ആരംഭിക്കും. ഇപ്പോൾ വെയ്റ്റിങ് ഹാളിനു വേണ്ടി എടുത്തുമാറ്റിയ മണ്ണ് കൂടുതലും ഗ്രൗണ്ടിന്റെ പടിഞ്ഞാറേ ഭാഗത്ത് ഇട്ട് നികത്തിയിരിക്കുകയാണ്.
ഭാവിയിൽ റെയിൽവേ സംബന്ധമായ വികസനത്തിന് ഈ ഭാഗം കൂടി പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഗ്രൗണ്ടിന്റെ പടിഞ്ഞാറേ ഭാഗത്ത് വെയ്റ്റിങ് ഹാളിന്റെയും ഗ്രൗണ്ടിന്റെയും വിവിധ കോൺക്രീറ്റുകൾക്ക് ആവശ്യമായ സ്റ്റീലും ശേഖരിച്ചിട്ടുണ്ട്.