ADVERTISEMENT

കൊല്ലം ∙ തൊഴിലാളി വർഗ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ജാഥ നടത്തിയപ്പോൾ പാവപ്പെട്ട തൊഴിലാളിയായ മൈക്ക് ഓപ്പറേറ്ററുടെ മെക്കിട്ടു കയറിയതു ശരിയാണോയെന്നു സിപിഎം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ ചോദ്യം. സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ ജില്ലാ സെക്രട്ടറി എസ്. സുദേവൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ ആരംഭിച്ച ചർച്ചയിലാണു സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതിനിധികൾ രൂക്ഷ വിമർശനം ഉയർത്തിയത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനെതിരെ പാർട്ടി നടപടിയെടുക്കാതിരുന്നത് എന്തെന്ന ചോദ്യവും ഉയർന്നു. തിരഞ്ഞെടുപ്പു വേളയിൽ കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലൻ നടത്തിയ ‘മരപ്പട്ടി’ പ്രയോഗം വേണ്ടാത്തതായിരുന്നുവെന്നും വിമർശനം. വികസന ക്ഷേമപദ്ധതികൾക്ക് പണം ഇല്ല, ഇല്ല എന്നു മാത്രം പറയാൻ ഒരു സർക്കാർ എന്തിനാണെന്നും പ്രതിനിധികൾ ചോദിച്ചു.

സംസ്ഥാന സെക്രട്ടറിയായതിനു ശേഷം എം.വി ഗോവിന്ദൻ കാസർകോട് നിന്നു തിരുവനന്തപുരത്തേക്കു നടത്തിയ ജനകീയ പ്രതിരോധ ജാഥ തൃശൂരിലെത്തിയപ്പോൾ മൈക്ക് ഓപ്പറേറ്ററോടു തട്ടിക്കയറാനിടയായ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ഗോവിന്ദൻ വേദിയിലിരിക്കെയുള്ള പ്രതിനിധികളുടെ വിമർശനം. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനും മൈക്ക് ഓപ്പറേറ്റർമാരോടു വരെ തട്ടിക്കയറുന്നു. സാധാരണ ജനങ്ങൾ ഇതു കണ്ടു കൊണ്ടിരിക്കുകയാണെന്ന് ഓർക്കണം.  ഇ.പി ജയരാജന്റേത് കമ്യൂണിസ്റ്റ് രീതിക്കു ചേർന്നതല്ല. തിരഞ്ഞെടുപ്പ് ദിനത്തിലെ ജയരാജന്റെ വെളിപ്പെടുത്തൽ തിരിച്ചടിയായി. എംഎൽഎ ആയ എം.വി ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായതും വി. ജോയി തിരുവനന്തപുരത്തു ജില്ലാ സെക്രട്ടറിയായതും വിമർശനത്തിന് ഇടയാക്കി.

എംഎൽഎ ആയ എം.വി ഗോവിന്ദനു പാർട്ടി സംസ്ഥാന സെക്രട്ടറിയാകാം. എംഎൽഎ ആയ ജോയിക്കു ജില്ലാ സെക്രട്ടറിയാകാം. എന്നാൽ പഞ്ചായത്ത് അംഗമായ പാർട്ടിക്കാരനു ലോക്കൽ സെക്രട്ടറിയാകാൻ പാടില്ല. ഇതെങ്ങനെ ശരിയാകും എന്നായിരുന്നു ഒരു പ്രതിനിധിയുടെ ചോദ്യം.സമ്മേളനം ഉദ്ഘാടനം ചെയ്ത പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ പ്രസംഗത്തിലെ പരാമർശങ്ങളെച്ചൊല്ലിയും വിമർശനമുയർന്നു. ശ്രീലങ്കയിൽ കമ്യൂണിസ്റ്റുകാർ എല്ലാവരെയും കൂട്ടിയോജിപ്പിച്ചു മത്സരിച്ച് അധികാരം പിടിച്ചുവെന്നു പൊളിറ്റ് ബ്യൂറോ അംഗം പറയുമ്പോൾ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് എന്തുകൊണ്ട് അതിനു നേതൃത്വം കൊടുക്കാൻ കഴിയുന്നില്ല എന്നായിരുന്നു ചോദ്യം. ഇന്ത്യ മുന്നണിയുടെ നേതൃനിരയിലേക്ക് ഉയരാൻ സിപിഎമ്മിനു കഴിയുന്നില്ല. ദേശീയ തലത്തിൽ സിപിഎം പരാജയമാണ്.

താഴോട്ടാണു വളർച്ച. സീതാറാം യച്ചൂരി അന്തരിച്ചപ്പോൾ പകരം ജനറൽ സെക്രട്ടറിയെ കണ്ടെത്താൻ കഴിയാത്ത പാർട്ടിയായി സിപിഎം മാറി. പാർട്ടി ഭരണഘടനയിൽ കോഓർഡിനേറ്റർ എന്ന പദവി ഉണ്ടോ ? സമരങ്ങൾ നടത്താനോ താഴേത്തട്ടിൽ പ്രവർത്തനം ശക്തിപ്പെടുത്താനോ കഴിയുന്നില്ല. ദേശീയ നേതാക്കൾ എന്നു പറഞ്ഞു ഡൽഹിയിൽ പോയിരിക്കുന്നവർക്ക് അവിടെ എന്താണു പണി ?– പ്രതിനിധി ചോദിച്ചു. സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയെക്കുറിച്ചും വിമർശനം ഉയർന്നു. ലൈഫ് പദ്ധതിയിലും ഇന്ദിര ആവാസ് യോജന (ഐഎവൈ) യിലും ഉൾപ്പെട്ടവരെ ഐഎവൈയിലേക്കു മാറ്റി ലൈഫ് പദ്ധതിയുടെ ഭാരം കുറയ്ക്കുകയാണു സർക്കാർ. ഇതു പരോക്ഷമായി ബിജെപിയെ സഹായിക്കലാണെന്നും വിമർശനമുയർന്നു.

‘മുകേഷിനെ മത്സരിപ്പിച്ചത് മണ്ടത്തരം’
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് എം. മുകേഷ് എംഎൽഎയെ സ്ഥാനാർഥിയാക്കിയതിനെച്ചൊല്ലിയും വിമർശനം. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന്റെ കയ്യിലുള്ളപ്പോൾ, അതിന്റെ ഉള്ളടക്കം എന്തെന്ന് അറിയാമായിരുന്നിട്ടും കൊല്ലത്തു മുകേഷിനു സ്ഥാനാർഥിത്വം നൽകിയതു മണ്ടത്തരമായെന്നായിരുന്നു പ്രതിനിധിയുടെ വിമർശനം.  സ്ഥാനാർഥി മുകേഷ് അല്ലായിരുന്നുവെങ്കിൽ പരാജയം ഇത്ര കനത്തതാകുമായിരുന്നില്ല. 

നേതൃമാറ്റം ചർച്ചയാകുന്നു
ജില്ലയിൽ പാർട്ടിയിൽ നേതൃമാറ്റം ഉണ്ടാകുമോയെന്ന ചർച്ച സമ്മേളന വേദിയിൽ സജീവം. വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളിയിൽ ഉൾപ്പെടെ ഇടപെടുന്നതിൽ ജില്ലാ നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ള സംസ്ഥാന നേതൃത്വം അസംതൃപ്തി രേഖപ്പെടുത്തിയെന്നാണു വിവരം. സമ്മേളനം ഉദ്ഘാടനം ചെയ്ത പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും പാർട്ടിക്കു കൊല്ലം ജില്ലയ്ക്കുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടി നേതൃത്വത്തെ പരോക്ഷമായി വിമർശിച്ചു. സമ്മേളനത്തിന്റെ ആഡംബരത്തെച്ചൊല്ലിയും നേതൃത്വത്തിനെതിരെ വിമർശനമുണ്ടായി.

6 ചോദ്യങ്ങൾ
1. തൊഴിലാളി വർഗ പാർട്ടിയുടെ സെക്രട്ടറി പാവപ്പെട്ട തൊഴിലാളിയായ മൈക്ക് ഓപ്പറേറ്ററോടു തട്ടിക്കയറിയതു ശരിയോ ?
2. എംഎൽഎയ്ക്കു സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയുമാകാം. പഞ്ചായത്തംഗത്തിനു ലോക്കൽ സെക്രട്ടറി പോലുമാകാൻ പറ്റില്ല ?
3. ദേശീയ തലത്തിൽ പാർട്ടിയുടെ വളർച്ച താഴോട്ട്. ദേശീയ നേതാക്കൾ എന്നു പറഞ്ഞു ഡൽഹിയിൽ പോയിരിക്കുന്നവർക്ക് എന്താണു പണി ?
4. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ ഇ.പി ജയരാജനെതിരെ പാർട്ടി എന്തു നടപടിയെടുത്തു ?
5. എ.കെ ബാലന്റെ ‘മരപ്പട്ടി’ പ്രയോഗം പാർട്ടിയെ പ്രതിസന്ധിയിലാക്കിയില്ലേ ?
6. ഇല്ല, ഇല്ല എന്നു പറയാൻ ഒരു സർക്കാർ എന്തിനാണ്?

English Summary:

Criticism of the Workers' Party State Secretary's actions during a recent march sparked heated debate at the CPM District Conference. Delegates questioned the appropriateness of the leader standing on a "Mike Set" operated by a poor worker, prompting concerns about potential social hierarchy within the party.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com