മുറിവേറ്റു വീണവരുടെ നിശ്ശബ്ദ നിലവിളി
Mail This Article
അഞ്ചൽ– പുനലൂർ റോഡിൽ പ്രധാന ജംക്‌ഷനാണ് കുരുവിക്കോണം. കടകളും ബസ് സ്റ്റോപ്പും ഒക്കെ ചേർന്ന് ജനത്തിരക്കുള്ള സ്ഥലം. വനമേഖലയുമായി ഏറെ അകലെയുള്ള ഇവിടെ വീടിന് തൊട്ടടുത്തുള്ള പറമ്പിൽ രാവിലെ ചില്ലറക്കൃഷിപ്പണി ചെയ്തു വെയിലാകും മുൻപ് മടങ്ങുന്ന പതിവുണ്ട് കുരുവിക്കോണം ചേനവിള വീട്ടിൽ സോമരാജന്(72). നവംബർ 16ന് രാവിലെ പറമ്പിൽ എത്തി ജോലിയിൽ ഏർപ്പെട്ടു. ഇതിനിടെയാണ് എട്ടരയോടെ അലറിപ്പാഞ്ഞ് കാട്ടുപന്നിയെത്തിയത്. ഒറ്റക്കുത്തിന് തന്നെ വലതുകാലിന്റെ തുടയിലെ മാസം ഇളകിക്കീറി. ഒച്ചയും ബഹളവും വച്ചതോടെ പന്നി ഓടിപ്പോയി. ഉടുത്തിരുന്ന മുണ്ടിന്റെ ഒരുഭാഗം കീറി മുറിവു കെട്ടി ഒരുവിധത്തിൽ തൊട്ടടുത്തു താമസിക്കുന്ന മകളുടെ വീട്ടിലെത്തി.
അപ്പോഴേക്കും തീർത്തും അവശനായി. മകളും മകനും മറ്റു ബന്ധുക്കളും ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മുറിവിനുള്ളിൽ 5 തയ്യലടക്കം ആകെ 21 തുന്നലുണ്ട് കാലിൽ. വേദനയുള്ളതിനാൽ ഒരു വശത്തേക്കു തന്നെ ചെരിഞ്ഞു കിടക്കണം. ശുചിമുറിയിൽ പോകുന്നതിനടക്കം പരസഹായം വേണം. പലവിധ രോഗങ്ങൾക്ക് ചികിത്സ തുടർന്നു വരികയായിരുന്നു. പ്രമേഹം ഉള്ളതിനാൽ മുറിവ് സുഖപ്പെടാൻ എത്രനാൾ വേണമെന്ന് അറിയില്ലെന്ന് സോമരാജൻ.
ആഞ്ഞിലിമൂട്ടിൽ ബേബി
പാദം മുറിച്ചുമാറ്റേണ്ടി വന്നു;ഇപ്പോഴും ഞെട്ടൽ മാറാതെ
കടമാൻകോട് ശിവപുരത്തെ എണ്ണപ്പനത്തോട്ടത്തിൽ താൽക്കാലികമായി ലഭിച്ച കാടുതെളിക്കൽ ജോലിക്കിറങ്ങിയതായിരുന്നു സാം നഗർകുഴിവിളക്കരികം ആഞ്ഞിലിമൂട്ടിൽ ബേബി. മറ്റു വനിതാ തൊഴിലാളികൾക്കൊപ്പം കാടു തെളിച്ചുവരുന്നതിനിടെയാണ് നവംബർ ആറിന് വൈകിട്ട് അഞ്ചുമണിയോടെ പന്നിയുടെ ആക്രമണം ഉണ്ടായത്. വലതുകാലിന്റെ പാദം പന്നി കടിച്ചു വലിച്ചതോടെ അറ്റു. ഒപ്പം ഉണ്ടായിരുന്നവർ ബഹളം കൂട്ടി പന്നിയെ അകറ്റിയ ശേഷം ബേബിയെ ആദ്യം കുളത്തുപ്പുഴയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ഇവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. തുന്നിച്ചേർക്കാൻ കഴിയാത്ത വിധം പാദം അറ്റിരുന്നതിനാൽ പിന്നീടു മുറിച്ചു മാറ്റി. കഴിഞ്ഞ ഒരുമാസമായി ബേബി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അബ്ദുൽ സലാം
ദേഹമാസകലം കടിച്ച് മലയണ്ണാൻ
ടാപ്പിങ് ജോലിക്കിടെയാണ് മിൽപാലം സലീം മൻസിലിൽ അബ്ദുൽ സലാമിന്റെ കൈക്കും കാലിനും മുതുകിലും മലയണ്ണാന്റെ കടിയേറ്റത്. പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തി പേവിഷത്തിനെതിരായ കുത്തിവയ്പെടുത്തു. കൈക്കു കടിയേറ്റതു കാരണം ടാപ്പിങ് പണിക്ക് പഴയതുപോലെ വഴക്കമില്ല.
കെ.ജി.അലക്സാണ്ടർ
മുറിവുകൾ ഉണങ്ങിയെങ്കിലും പേടിസ്വപ്നമായി അപകടം
പതിവു പോലെ വീടുകളിൽ പാലു കൊടുക്കുന്നതിനായി സെപ്റ്റംബർ 6ന് രാവിലെ സ്കൂട്ടറിൽ ഇറങ്ങിയതായിരുന്നു ഇട്ടിവ പഞ്ചായത്തിലെ മണ്ണൂരിൽ ക്ഷീര കർഷകൻ കെ.ജി.അലക്സാണ്ടർ (62). റോഡിനു കുറുകെ ഓടിയെത്തിയ പന്നി സ്കൂട്ടറിൽ ഇടിച്ചതോടെ നിലത്തേക്കു തെറിച്ചു വീണു. കാലിനു പരുക്കേറ്റ അലക്സാണ്ടറെ അഞ്ചൽ മിഷൻ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലാണ്. മുറിവുകൾ കരിഞ്ഞെങ്കിലും കാര്യമായ ജോലിയൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.
സുലോചന
ആശുപത്രി വിട്ടെങ്കിലും ജോലി ചെയ്യാനാകാതെ
വീടിനു സമീപത്തു വച്ചാണ് ചിതറ പെരിങ്ങാട് ആർ.എസ്. വിലാസത്തിൽ സുലോചന (60)യെ പന്നി ആക്രമിച്ചത്. പരുക്കേറ്റ സുലോചന ഏറെ ദിവസം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇപ്പോൾ വീട്ടിൽ തിരിച്ചെത്തിയെങ്കിലും ജോലിയൊന്നും ചെയ്യാൻ കഴിയുന്നില്ല.
വികാരി കെവിൻ വർഗീസ്
കുഴിയത്ത് ബൈക്കിനെ കുത്തിമറിച്ച്..
മണ്ണൂർ മണക്കോട് സെന്റ് തോമസ് മാർത്തോമ്മാ പള്ളി വികാരി കെവിൻ വർഗീസിന് (30) ആയൂർ കുഴിയത്ത് വച്ചാണ് പന്നിയുടെ ആക്രമണത്തിൽ ബൈക്കിൽ നിന്നു വീണ് പരുക്കേറ്റത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അഭിലാഷ്
പന്നിയെ ഇടിച്ച് സ്കൂട്ടറിൽ നിന്നു വീണു
സ്കൂട്ടറിൽ പന്നിയിടിച്ചതോടെ തെറിച്ചു വീണാണ് ചിതറ അഭിലാഷ് മന്ദിരത്തിൽ അഭിലാഷിന്റെ ശരീരമാസകലം മുറിവേറ്റത്. കടയ്ക്കൽ ആശുപത്രിയിൽ ചികിത്സ തേടി. മുള്ളൻപന്നിയുടെ മുള്ള് വിതറിയ നിലയിൽ ആയിരുന്നു പരുക്ക്. ഇപ്പോഴും അസ്വസ്ഥതകളുണ്ട്. സൗണ്ട് ലൈറ്റ് സ്ഥാപനത്തിന്റെ ഉടമയായ അഭിലാഷ് ജോലി സംബന്ധമായി പോകുമ്പോഴാണ് ആക്രമണത്തിന് ഇരയായത്.
മിഥുൻ
റോഡിൽ മ്ലാവ് പാഞ്ഞുവന്നു;ബൈക്കിലിടിച്ച് അപകടം
പുലർച്ചെ ക്ഷേത്രത്തിലേക്കു പൂജയ്ക്കായി ബൈക്കിൽ പോകുമ്പോഴാണ് മഹാദേവർമണ്ണ് ശ്രീവിലാസം വീട്ടിൽ മിഥുന്(25) റോഡിന് കുറുകെ ചാടിയ മ്ലാവിന്റെ ഇടിയേറ്റ് പരുക്കേറ്റത്. അച്ചൻകോവിൽ റോഡിൽ കറവൂരിന് സമീപം തലപ്പാക്കെട്ടിൽ വച്ചുണ്ടായ ആക്രമണത്തിൽ കൈകൾക്കും തോളെല്ലിനും സാരമായി പരുക്കേറ്റു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞു വീട്ടിലെത്തിയ മിഥുന്റെ പരുക്കുകൾ ദേദമാകാൻ മൂന്നുമാസം വിശ്രമം വേണ്ടി വന്നു .
ഭാസ്കരൻ
വിരൽ ചൂണ്ടാനാകാതെഉള്ളു മരവിച്ച്...
പുന്നല നെല്ലിമുരുപ്പ്, പാലേരി കിഴക്കേക്കര, രതീഷ് ഭവനിൽ ഭാസ്കരനെ നാലുവർഷം മുൻപാണ് പിന്നിലൂടെയെത്തി നിലത്തേക്ക് തള്ളിയിട്ട ശേഷം ഇടതു കയ്യിന്റെ ചെറുവിരൽ കാട്ടുപന്നി കടിച്ചെടുത്തത്. മൂന്നു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സ ഇപ്പോഴും തുടരുകയാണ്. വിരലുകളുടെ സ്വാധീനം തിരികെ കിട്ടിയിട്ടില്ല. ശരീരത്തിൽ മുറിവുണ്ടായാൽ ഉണങ്ങില്ല. ജോലിക്കു പോകാനും കഴിയുന്നില്ല. അധികൃതർ പറഞ്ഞതനുസരിച്ച് പരാതി നൽകി.
നഷ്ടപരിഹാരമായി ആകെ ലഭിച്ചത് 5000 രൂപയാണ്. മുന്നോട്ട് ഇനി എന്തെന്ന് അറിയാത്ത അവസ്ഥയിലാണ് ഭാസ്കരനും കുടുംബവും .ജീവനും വിളകളും സംരക്ഷിക്കാൻ മലയോര ജനത പലവഴിയും തിരയുമ്പോഴും കാടിനോട് ചേർന്നുള്ള സ്ഥലങ്ങൾക്കു പുറത്ത് ജനവാസ കേന്ദ്രങ്ങളിലേക്കും വന്യജീവികളുടെ ശല്യം പെരുകുകയാണ്. കോടികളുടെ വിളകളാണ് വന്യജീവകൾ തകർത്തെറിഞ്ഞത്.