മകളെ കെട്ടിപ്പിടിച്ചു കരഞ്ഞ് പത്മരാജൻ, ചേർത്തുപിടിച്ച് അനിലയുടെ അമ്മ; നാടകീയ രംഗങ്ങൾ
Mail This Article
കൊല്ലം ∙ കാർ തടഞ്ഞു നിർത്തി ഭാര്യ അനിലയെ പെട്രോൾ ഒഴിച്ചു കത്തിച്ചു കൊന്ന കേസിലെ പ്രതിയെ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ പ്രതിയും മകളും പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞതു വൈകാരിക രംഗങ്ങൾക്കിടയാക്കി. അനിലയുടെ അമ്മ രാധ പ്രതിയെ കണ്ടപ്പോൾ നിലവിളിച്ചുകൊണ്ടു ചേർത്തുപിടിച്ചു. കൊട്ടിയം തഴുത്തല തുണ്ടിൽ മേലതിൽ പത്മരാജനെ തെളിവെടുപ്പിനായി വീട്ടിൽ കൊണ്ടുവന്നപ്പോഴായിരുന്നു നാടകീയ രംഗങ്ങൾ. പത്മരാജൻ പെട്രോൾ വാങ്ങിയ കൊട്ടിയം ജംക്‌ഷനു സമീപം കണ്ണനല്ലൂർ റോഡിലെ പെട്രോൾ പമ്പിൽ എത്തിച്ചു തെളിവെടുത്ത ശേഷമാണു വീട്ടിലേക്കു കൊണ്ടുപോയത്. വീടിന് 25 മീറ്റർ അകലെയുള്ള കേറ്ററിങ് സ്ഥാപനത്തിൽ ആയിരുന്നു തെളിവെടുപ്പ്. പെട്രോൾ വാങ്ങാൻ ഉപയോഗിച്ച കന്നാസ് ഇവിടെ നിന്നു കണ്ടെടുത്തു.
പൊതുപ്രവർത്തകർ ഉൾപ്പെടെ ഏതാനും പേർ എത്തിയിരുന്നു. തന്റെ വീട്ടിൽ സൂക്ഷിച്ചിട്ടുള്ള ചില രേഖകളെ സംബന്ധിച്ചു ഇവരോടു പത്മരാജൻ പറഞ്ഞു. പത്മരാജൻ പാവമാണെന്നു പൊതുപ്രവർത്തകർ പൊലീസിനോടു പറഞ്ഞപ്പോൾ, അതുവരെ നിസ്സംഗനായിരുന്ന പത്മരാജന്റെ കണ്ണു നിറഞ്ഞു. മടങ്ങുന്നതിനായി പൊലീസ് ജീപ്പിൽ കയറാൻ തുടങ്ങുമ്പോഴാണു വീടിന്റെ കവാടത്തിൽ മകൾ നിൽക്കുന്നതു കണ്ടത്. മകളുടെ അരികിലേക്ക് എത്തിയതോടെ ഇരുവരും കെട്ടിപ്പിടിച്ച് ഏങ്ങലടിച്ചു. പിന്നെ രാധയെ കാണാൻ വീടിന്റെ മുകൾ നിലയിലേക്കു പോയി. പത്മരാജനെ കണ്ടതോടെ അവർ വാവിട്ടു നിലവിളിച്ചു മരുമകനെ ചേർത്തുപിടിച്ചു. ഈസ്റ്റ് സിഐ എസ്.അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
ആൺ സുഹൃത്തുമായി ചേർന്നു ബേക്കറി തുടങ്ങിയതോടെ തന്നെ ഒഴിവാക്കാൻ നോക്കുകയാണെന്നു കരുതിയാണു കാറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയതെന്ന് അനില വധക്കേസിലെ പ്രതി പത്മരാജന്റെ കുറ്റസമ്മത മൊഴി. കഴിഞ്ഞ ചൊവ്വ രാത്രിയാണ് അനില സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടർന്നു വാനിൽ എത്തിയ പത്മരാജൻ പെട്രോളൊഴിച്ചു തീ കൊളുത്തിയത്. അനില തൽക്ഷണം മരിച്ചു. അനിലയുടെ ബേക്കറിയിലെ ജീവനക്കാരൻ കൊട്ടിയം പുല്ലിച്ചിറ സോണി നിവാസിൽ സോണി ജോസഫിനു (39) പൊള്ളലേറ്റു. സംഭവത്തിനു ശേഷം പത്മരാജൻ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
കടപ്പാക്കട നായേഴ്സ് ആശുപത്രിക്കു സമീപം കഴിഞ്ഞ മാസം അനില തുടങ്ങിയ ബേക്കറിയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കവും ഭാര്യയിലുള്ള സംശയവുമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. താൻ അറിയാതെ അനിലയുടെ ആൺ സുഹൃത്ത് പട്ടത്താനം സ്വദേശി ഹനീഷ് ലാൽ ബേക്കറിയിൽ പണം മുടക്കിയതു സംബന്ധിച്ചു പത്മരാജനും അനിലയും തമ്മിൽ വഴക്കും ഉണ്ടായി. ഹനീഷ് ലാൽ പത്മരാജനെ മർദിച്ചതും പ്രതികാരത്തിന് ഇടയാക്കി.
ദീർഘകാലമായി കൊട്ടിയം ടൗൺ എസ്എൻഡിപി ശാഖായോഗം സെക്രട്ടറിയായ പത്മരാജന്റെ ആദ്യ ഭാര്യ ഉഷ 2003 ൽ മരിച്ചു. തൊട്ടടുത്ത വർഷം അനിലയെ വിവാഹം ചെയ്തു. അനിലയെയും ഹനീഷ് ലാലിനെയും കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൃത്യമായ ആസൂത്രണമാണു പത്മരാജൻ നടത്തിയതെന്നു പൊലീസ് പറഞ്ഞു. ബേക്കറി തുടങ്ങുന്നതിനു ഹനീഷ് ലാൽ മുടക്കിയ പണം തിരികെ നൽകി പങ്കാളിത്തം അവസാനിപ്പിക്കുന്നതിന് പഞ്ചായത്ത് അംഗത്തിന്റെ മധ്യസ്ഥതയിൽ ഒത്തുതീർപ്പു ചർച്ചയിലൂടെ തീരുമാനത്തിലെത്തി മണിക്കൂറുകൾക്കുള്ളിലാണു കൊലപാതകം.ബേക്കറി പൂട്ടി അനിലയ്ക്കൊപ്പം ഹനീഷ് ലാലും കാറിൽ കയറും എന്നാണു പത്മരാജൻ കരുതിയത്.
പക്ഷേ കാറിൽ കയറിയതു സോണി ആയിരുന്നു. പിന്നാലെ സ്കൂട്ടറിലാണു ഹനീഷ് ലാൽ വന്നത്. ചെമ്മാൻമുക്കിൽ എത്തിയപ്പോൾ ഇയാൾ വീട്ടിലേക്കുള്ള റോഡിലേക്കു തിരിഞ്ഞു. തൊട്ടുപിന്നാലെ അനിലയുടെ കാറിന്റെ മുൻ വാതിലിനോടു ചേർന്നു പത്മരാജൻ വാൻ ഇടിപ്പിച്ചു നിർത്തിയശേഷം വാനിൽ ഇരുന്നുകൊണ്ടു തന്നെ പെട്രോൾ കാറിലേക്ക് ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.