മുന്നറിയിപ്പില്ലാതെ അധികൃതർ പൈപ്പ് അടച്ചു; ഒരാഴ്ചയായി വെള്ളമില്ല
Mail This Article
കൊല്ലം∙ പൊതു പൈപ്പുകൾ നിർത്തുന്നതിന്റെ ഭാഗമായി ജലഅതോറിറ്റി പൈപ്പ് കണക്‌ഷൻ വിഛേദിച്ചതോടെ ഇതിനെ മാത്രം ആശ്രയിക്കുന്ന ഒരു കുടുംബത്തിന്റെ വെള്ളംകുടി മുട്ടി. മയ്യനാട് പഞ്ചായത്തിൽ കാക്കോട്ട്മൂല കുരിശടിക്കു സമീപത്തെ പൊതു പൈപ്പാണ് ഒരാഴ്ച മുൻപ് അധികൃതർ വിഛേദിച്ചത്. പൈപ്പിന് സമീപത്തു താമസിക്കുന്ന വയോധികയായ എലിസബത്തും ഇവരുടെ മകനും ഈ പൊതുപൈപ്പിലെ വെള്ളത്തെയാണ് വർഷങ്ങളായി ആശ്രയിക്കുന്നത്. ഇവർക്ക് സ്വന്തമായി കിണറില്ല.
വർഷങ്ങൾക്കു മുൻപ് പറമ്പിൽ കിണർ കുഴിക്കാൻ നോക്കിയപ്പോൾ വലിയ പാറകളായതിനാലും വലിയ തുക മുടക്കി കുഴിക്കാനുള്ള സാമ്പത്തികമില്ലാത്തതിനാലും അതിനായി ശ്രമിച്ചില്ല. ഇവർക്ക് ഏക ആശ്വാസമായിരുന്നത് പൊതു പൈപ്പായിരുന്നു. എന്നാൽ മുന്നറിയിപ്പില്ലാതെ അധികൃതർ പൈപ്പ് അടച്ചതോടെ കുടുംബത്തിന്റെ വെള്ളം കുടി മുട്ടിയിരിക്കുകയാണ്. വീട്ടിൽ നിന്നും ഏറെ താഴ്ചയിലുളള കായലോരത്തെ മറ്റു വീടുകളിൽ പോയി വെള്ളം ശേഖരിക്കേണ്ട അവസ്ഥയിലാണ് കുടുംബം. പ്രായാധിക്യം മൂലം ബുദ്ധിമുട്ടുന്ന എലിസബത്തിനും ശാരീരിക അവശതകൾ നേരിടുന്ന മകനും കഷ്ടതകൾ സഹിച്ചാണ് വെള്ളം കൊണ്ടുവരുന്നത്.