ADVERTISEMENT

കൊല്ലം∙ തീരത്ത് ആഴക്കടൽ ഇന്ധന പര്യവേക്ഷണത്തിനുള്ള നടപടികൾ തുടങ്ങുന്നു. കഴിഞ്ഞ ദിവസം തുറമുഖത്തെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തിയ ആര്യ ഓഫ്ഷോർ സർവീസസ് ലിമിറ്റഡ് പ്രതിനിധികൾ പൂർണ തൃപ്തി അറിയിച്ചു. രേഖാമൂലം വിവരങ്ങൾ കൈമാറാമെന്ന് പറഞ്ഞാണു മടങ്ങിയത്. എണ്ണ പര്യവേക്ഷണത്തിനു കരാർ എടുത്തിട്ടുള്ള ഡോൾഫിൻ ഡ്രില്ലിങ്ങിന്റെ ഉപകരാറുകാരാണ് ആര്യ ഓഫ്ഷോർ സർവീസസ്.ഏഴ് ഏക്കർ വിസ്തൃതിയുള്ള തുറസ്സായ യാഡ്, 42 ടൺ ശേഷിയുള്ള ക്രെയിൻ തുടങ്ങി എല്ലാ സൗകര്യങ്ങളും തുറമുഖത്ത് ലഭ്യമാണ്.

യാഡ് വിട്ടുനൽകുന്നതിനും മറ്റുമുള്ള കരാർ ഒപ്പു വയ്ക്കേണ്ടി വരും. തുറമുഖ വളപ്പിനു പുറത്ത് യാഡ് വേണമെന്ന് ഇതുവരെ കരാർ സ്ഥാപനം അറിയിച്ചിട്ടില്ല. ആൻഡമാനിൽ നിലവിൽ നടക്കുന്ന പര്യവേക്ഷണം 2025 ഓഗസ്റ്റിൽ പൂർത്തിയാകും. സെപ്റ്റംബറിൽ കൊല്ലത്ത് പര്യവേക്ഷണം ആരംഭിക്കാനാണ് നീക്കം.ആര്യ ഓഫ്ഷോർ സർവീസസ് എംഡി യാക്കൂബ്, ലൊക്കേഷൻ മാനേജർ പി.ബി.കൃഷ്ണകുമാർ, പോർട്ട് ഓപ്പറേഷൻസ് മാനേജർ കെ.അനൂപ് കൃഷ്ണൻ എന്നിവരാണ് എത്തിയത്. കൊല്ലം തുറമുഖ ഓഫിസർ ക്യാപ്റ്റൻ പി.കെ.അരുൺകുമാർ, പർസർ ആർ.സുനിൽ, മെക്കാനിക്കൽ എൻജിനീയറിങ് വർക്‌ഷോപ് ചുമതലയുള്ള അലക്സ് ജി.തോമസ് എന്നിവർ സൗകര്യങ്ങൾ വിശദീകരിച്ചു.

അത്യാധുനിക സംവിധാനങ്ങൾ
നങ്കൂരമോ മൂറിങ് ലൈനുകളോ ഉപയോഗിക്കാതെ, കംപ്യൂട്ടർ നിയന്ത്രിതമായി കപ്പലിനെ നിശ്ചലമാക്കി നിർത്തി ഡ്രില്ലിങ് നടത്തുന്ന ഡൈനാമിക് പൊസിഷനിങ് (ഡിപി) ഉൾപ്പെടെ അത്യാധുനിക മാർഗങ്ങളാണ് പര്യവേക്ഷണത്തിനുള്ള കപ്പലിൽ ഉപയോഗിക്കുന്നത്. കരയിലുള്ള സ്റ്റേഷനുമായി ബന്ധിപ്പിച്ചാണ് പ്രവർത്തനം. കപ്പലിലെ പ്രൊപ്പല്ലർ, ത്രസ്റ്റർ സംവിധാനങ്ങളിലൂടെയാണ് ഇതിന്റെ പ്രവർത്തനം. മൂന്നു തരം ഡിപി സംവിധാനം ഉണ്ട്. ആദ്യ രണ്ടു സംവിധാനങ്ങളും പരാജയപ്പെട്ടാൽ ഡിപി–3 ഉപയോഗിക്കും. കംപാർട്ടുമെന്റിലെ തീ പിടിത്തവും മറ്റും അതിജീവിക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപന. കപ്പലിന്റെ പകുതി ഭാഗം (20 മീറ്റർ) വെള്ളത്തിന് അടിയിലുള്ള സെമി സബ് മെഴ്സിബിൾ റിഗുകൾ, അടിത്തട്ടിൽ കാലുകൾ ഉറപ്പിച്ചു നിർത്തുന്ന ജാക്ക് അപ് റിഗുകൾ എന്നിവ ഉപയോഗിച്ചാണ് ഖനനം. 400 മീറ്ററിലധികം താഴ്ചയുള്ള സ്ഥലങ്ങളിലാണ് സെമി സബ് മെഴ്സിബിൾ റിഗ് ഉപയോഗിക്കുന്നത്. 300 മീറ്റർ വരെ താഴ്ചയുള്ള ജലത്തിലാണ് ജാക്–അപ് റിഗ് ഉപയോഗിക്കുന്നത്.

പരീക്ഷണം
കടലിന്റെ അടിത്തട്ടിൽ കൃത്രിമ സ്ഫോടനം നടത്തി ലഭിക്കുന്ന ഭൂകമ്പ തരംഗങ്ങൾ ഉപയോഗിച്ച് ഭൂപടം തയാറാക്കും. ഈ ഭൂപടം ഇന്ധന പ്രകൃതി വാതക മന്ത്രാലയത്തിന് കൈമാറി അനുമതി വാങ്ങിയാണ് ഖനന പ്രദേശം നിശ്ചയിക്കുന്നത്. സീസ്മോഗ്രാഫ് പോലുള്ള ഉപകരണങ്ങൾ സ്ഥാപിച്ചാണ് തരംഗം അളക്കുന്നത്. സീസ്മിക് സർവേയ്ക്ക് ശേഷമാണ് ജാക്ക് അപ്, സെമി സബ് മെഴ്സിബിൾ കപ്പൽ ഉപയോഗിച്ച് ഖനനം ആരംഭിക്കുന്നത്. അടിത്തട്ടിൽ നിന്നുള്ള എണ്ണയും വാതകവും വേർതിരിച്ചെടുക്കാൻ പ്ലാറ്റ് ഫോമും സജ്ജീകരിക്കും. കൊല്ലം തീരത്ത് ഇന്ധന ലഭ്യത ഉറപ്പായാൽ അത് ജില്ലയ്ക്കും സംസ്ഥാനത്തിനും മാത്രമല്ല, രാജ്യത്തിന് തന്നെ വലിയ നേട്ടമാകും.

English Summary:

Deep sea exploration is set to begin off the coast of Kollam, India, with Arya Offshore Services, a subcontractor for Dolphin Drilling, finding the port's infrastructure satisfactory for their needs. The exploration is expected to begin in September 2025, following the completion of similar work in Andaman.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com