നമ്പർ തിരുത്തിയ ലോട്ടറി നൽകി ഭിന്നശേഷിക്കാരനിൽ നിന്നു പണം തട്ടിയെന്നു പരാതി
Mail This Article
ഓയൂർ ∙ ടിക്കറ്റിന്റെ നമ്പർ തിരുത്തി ലോട്ടറി കച്ചവടക്കാരനായ ഭിന്നശേഷിക്കാരനിൽ നിന്നു പണം തട്ടിയതായി പരാതി. നഗരൂർ കൊടുവഴന്നൂർ ചെപ്രാം കാട് ചരുവിള പുത്തൻവീട്ടിൽ നൗഷാദിന്റെ പക്കൽ നിന്നുമാണ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നൽകി പണം തട്ടിയെടുത്തത്. ഓയൂർ ചുങ്കത്തറ വെളിനല്ലൂർ റോഡിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ബൈക്കിലെത്തിയ ഒരാൾ 8 ലോട്ടറി ടിക്കറ്റുകൾ നൽകി സമ്മാനം എന്തെങ്കിലും ഉണ്ടോയെന്ന് നോക്കാനാവശ്യപ്പെട്ടു. നൗഷാദ് നടത്തിയ പരിശോധനയിൽ രണ്ട് ടിക്കറ്റുകൾക്ക് 5000 രൂപവീതം സമ്മാനം ലഭിച്ചതായി മനസ്സിലാക്കി. വന്നയാൾ താൻ എക്സൈസ് ഉദ്യോഗസ്ഥനാണെന്നാണ് പറഞ്ഞത്.
നൗഷാദിന്റെ പക്കൽ പണം കുറവായിരുന്നതിനാൽ സമ്മാനാർഹമായ ഒരു ടിക്കറ്റ് മടക്കി നൽകി ഒരു ടിക്കറ്റിന്റെ പണം നൽകാമെന്ന് സമ്മതിച്ചു. പിന്നീട് ലോട്ടറി നൽകിയ ആൾ 40 രൂപ വിലയുള്ള 20 ലോട്ടറി ടിക്കറ്റുകൾ വാങ്ങുകയും ബാക്കി 4200 രൂപയും വാങ്ങി ബൈക്കിൽ കടന്നു കളയുകയുമായിരുന്നുവെന്ന് നൗഷാദ് പൂയപ്പള്ളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.