ADVERTISEMENT

തെന്മല∙ കേരള – തമിഴ്നാട് അതിർത്തികളിലെ കനത്ത മഴയിൽ തെങ്കാശിയിലും ചെങ്കോട്ടയിലും ഗതാഗതം സ്തംഭിച്ചു. കുറ്റാലം വെള്ളച്ചാട്ടത്തിൽ കഴിഞ്ഞദിവസം രാത്രി മുതൽ ശക്തമായ നീരൊഴുക്കായിരുന്നു. ഇവിടെ ക്ഷേത്രപരിസരത്തെ വെള്ളച്ചാട്ടത്തിനു സമീപത്തുള്ള പെട്ടിക്കടകൾ ഒലിച്ചു പോയി. ചെങ്കോട്ടയിൽ വനം ചെക്പോസ്റ്റിനു സമീപത്തെ തോട്ടിലെ വെള്ളം കരകവിഞ്ഞതോടെ  അച്ചൻകോവിൽ മേക്കര പാതയിലൂടെയുള്ള ഗതാഗതം തടഞ്ഞു. പാലരുവി വെള്ളച്ചാട്ടത്തിൽ നീരൊഴുക്ക് ക്രമാതീതമായതോടെ വിനോദ സഞ്ചാരികളുടെ പ്രവേശനം തടഞ്ഞു. അച്ചൻകോവിലിൽ എത്താനുള്ള അലിമുക്ക് പാതയിലും ചെങ്കോട്ട പാതയിലും കനത്ത മഴയിൽ വെള്ളം കയറിയതോടെ ഗതാഗതം സ്തംഭിച്ചു. 


കനത്ത മഴയിൽ തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലെ അതിശക്തമായ നീരൊഴുക്ക്.
കനത്ത മഴയിൽ തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലെ അതിശക്തമായ നീരൊഴുക്ക്.

അച്ചൻകോവിലിലേക്കുള്ള കെഎസ്ആർടിസി ബസുകളും ശബരിമല തീർഥാടകരുടെ വാഹനങ്ങളും വഴി കടക്കാനാകാതെ പെരുവഴിയിലായി. അച്ചൻകോവിലാർ കരകവിഞ്ഞൊഴുകി  കൃഷിയിടങ്ങളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായി. കുളത്തൂപ്പുഴയിൽ കനത്ത മഴയിൽ കല്ലടയാർ കരകവിഞ്ഞൊഴുകി. തീരങ്ങളിലേക്കു വെള്ളം കയറി കൃഷിയിടങ്ങൾ മുങ്ങി. ബാലക ശ്രീധർമശാസ്താ ക്ഷേത്രത്തിലെ കല്ലടയാർ കടവുകളിലും കരകവിഞ്ഞൊഴുകി.




വനനടുവിലെ റോ‍സ്മലയിൽ നിന്നും രാവിലെ വിദ്യാർഥികളുമായി ആര്യങ്കാവിലേക്കു വന്ന കെഎസ്ആർടിസി ബസ് മഞ്ഞത്തേരി ചപ്പാത്തിലെ വെള്ളപ്പാച്ചിലിനെ തുടർന്നു മറുകര കടക്കാനാകാതെ വനപാതയിൽ കുടുങ്ങിയപ്പോൾ.
വനനടുവിലെ റോ‍സ്മലയിൽ നിന്നും രാവിലെ വിദ്യാർഥികളുമായി ആര്യങ്കാവിലേക്കു വന്ന കെഎസ്ആർടിസി ബസ് മഞ്ഞത്തേരി ചപ്പാത്തിലെ വെള്ളപ്പാച്ചിലിനെ തുടർന്നു മറുകര കടക്കാനാകാതെ വനപാതയിൽ കുടുങ്ങിയപ്പോൾ.

തീർഥാടകർ കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി. അച്ചൻകോവിൽ മണലാർ കുംഭാവുരുട്ടി വെള്ളച്ചാട്ടങ്ങളിലും നീരൊഴുക്ക് ശക്തമായതോടെ പ്രവേശനം തടഞ്ഞു. കല്ലടയാറിന്റെ  തീരത്തു ചെറുപൊയ്ക പനാറുവിള-കാവിള കടത്തുകടവ് റോഡിൽ കാവിള ഭാഗത്തെ ഇരുളുമലയുടെ ഒരു ഭാഗത്തു വലിയതോതിൽ മണ്ണിടിച്ചിലുണ്ടായി. 

കല്ലടയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം
കല്ലട ജലസേചന പദ്ധതിയുടെ തെന്മല-പരപ്പാർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ കല്ലടയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു  ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷൻ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു. ജലനിരപ്പ് ക്രമപ്പെടുത്താൻ 3 ഷട്ടറുകൾ ഇന്ന് രാവിലെ 11നു പരമാവധി 60 സെന്റീമീറ്റർ വരെ ഘട്ടമായി ഉയർത്തും. ഇന്നലെ അണക്കെട്ടിലെ ജലനിരപ്പ് 114.46 മീറ്റർ ആണ്.  ജലനിരപ്പ് ഉയർന്നതോടെ പീക് ടൈമിൽ പരിമിതപ്പെടുത്തിയ കെഎസ്ഇബി പവർ സ്റ്റേഷനിലെ വൈദ്യുതോൽപാദനം ഇന്നലെ മുതൽ പൂർണതോതിലാക്കിയിട്ടുണ്ട്.

ചപ്പാത്തിൽ കുത്തൊഴുക്ക്: വിദ്യാർഥികളുമായി വന്ന ബസ്  വനപാതയിൽ കുടുങ്ങി
റോസ്‌മലയിൽ നിന്നു രാവിലെ വിദ്യാർഥികളുമായി ആര്യങ്കാവിലേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസ് മഞ്ഞത്തേരി ചപ്പാത്തിലെ കുത്തൊഴുക്കിനെത്തുടർന്നു വനപാതയിൽ കുടുങ്ങി. 11 വിദ്യാർഥികളാണുണ്ടായിരുന്നത്. 8.15നാണു  വഴിയിൽ കുടുങ്ങിയത്. യാത്ര മുടങ്ങിയതോടെ പത്താം ക്ലാസ് വിദ്യാർഥികൾക്കുൾപ്പെടെ ക്രിസ്മസ് പരീക്ഷ എഴുതാനായില്ല. ഇവരെ  രക്ഷിതാക്കൾ  തിരികെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. ചപ്പാത്തിലെ വെള്ളം കുറഞ്ഞ ശേഷം വൈകിട്ടു മൂന്നോടെയാണു ബസ് ഇക്കരെ കടന്നത്.  കേരള– തമിഴ്നാട് അതിർത്തികളിൽ പെയ്ത കനത്ത മഴയിലാണു ചപ്പാത്ത് നിറഞ്ഞു കവിഞ്ഞത്. 

മഴ:കല്ലടയാറിന്റെ തീരത്ത്  മലയിടിച്ചിൽ, പരിഭ്രാന്തി 
പുത്തൂർ ∙  തുടർച്ചയായി പെയ്ത മഴയിൽ കല്ലടയാറിന്റെ ഉയർന്ന തീരം റോഡിനോടു ചേർന്ന് ഇടിഞ്ഞത് പരിഭ്രാന്തിക്കിടയാക്കി. ചെറുപൊയ്ക പനാറുവിള-കാവിള കടത്തുകടവ് റോഡിൽ കാവിള ഭാഗത്തെ ഇരുളുമലയുടെ ഒരു ഭാഗമാണ് എഴുപതടിയോളം ഉയരത്തിൽ നിന്ന് ആറ്റിലേക്കു ഇടിഞ്ഞു വീണത്.  ഇവിടെ ഉണ്ടായിരുന്ന മരങ്ങൾ ഉൾപ്പെടെ ഒടിഞ്ഞു നിലംപൊത്തുകയായിരുന്നു. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് സംഭവം. 30 അടിയോളം ദൈർഘ്യത്തിൽ റോഡിന്റെ വശം ഇടിയുകയും 60 അടിയോളം ദൈർഘ്യത്തിൽ റോഡരികിൽ വിള്ളൽ വീഴുകയും ചെയ്തു. ഇതിനോടു ചേർന്നു നിൽക്കുന്ന വൈദ്യുത പോസ്റ്റ് കഷ്ടിച്ചാണ് മണ്ണിടിച്ചിലിൽ നിന്നു രക്ഷപ്പെട്ടത്.

റോഡിനോടു ചേർന്ന ഭാഗമായതിനാലും സമീപത്തു വീടുകൾ ഉള്ളതിനാലും പ്രദേശവാസികൾ പരിഭ്രാന്തരായി. വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകുമോ എന്നായിരുന്നു ആശങ്ക. പഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ, വില്ലേജ് ഓഫിസർ ആർ.പ്രിയ, പുത്തൂർ എസ്ഐ ടി.ജെ.ജയേഷ്, വാർഡംഗം ബൈജു ചെറുപൊയ്ക എന്നിവർ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. നിലവിൽ ആശങ്കയ്ക്കു വകയില്ലെന്നും മണ്ണിടിച്ചിൽ തുടർന്നാൽ സമീപവാസികളെ മാറ്റിപ്പാർപ്പിക്കാനും തീരുമാനിച്ചു. 

പ്രദേശവാസികൾക്കു ജാഗ്രതാ മുന്നറിയിപ്പും നൽകി. കെഎസ്ഇബി അധികൃതർ രാവിലെ തന്നെയെത്തി ഇവിടേക്കുള്ള വൈദ്യുതബന്ധം വിഛേദിച്ചിരുന്നു. വൈദ്യുതലൈനുകൾക്കു മുകളിലേക്ക് അപകടകരമായി കിടന്ന മരച്ചില്ലകൾ മുറിച്ചു നീക്കുകയും ചെയ്തു. പനാറുവിള ഭാഗത്തു നിന്നു കാവിള ഭാഗത്തേക്കുള്ള കോൺക്രീറ്റ് റോഡിന്റെ വശമാണ് ഇടിഞ്ഞത്.  റോഡിന്റെ പകുതിയോളം എത്തുമ്പോൾ വലതുവശത്ത് വലിയ ആഴമാണ്. ഇതിന്റെ ഭാഗമാണ് ഇരുളുമല. 

ഇവിടെ മരങ്ങളും കാടും നിറഞ്ഞ കാവു പോലെയുള്ള ഭാഗമാണ്. താഴെ കല്ലടയാറും. ചില ഭാഗങ്ങളിൽ എഴുപതടിയിലും കൂടുതൽ ഉയരമുണ്ട്. ഇത്രയും ഉയരത്തിൽ നിന്നു മണ്ണിടിച്ചിൽ വീണ്ടും ഉണ്ടായാൽ റോഡ് ഉൾപ്പെടെ ഇടിഞ്ഞു പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. റോഡിനു മറ്റു തരത്തിലുള്ള സംരക്ഷണവും ഇല്ല. മാസങ്ങൾക്കു മുൻപ് ഇവിടെ റോഡിന്റെ ഒരുവശത്ത് ജലജീവൻ മിഷൻ പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴിയെടുത്തിരുന്നു. കുഴി മൂടിയെങ്കിലും പഴയതു പോലെ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചില്ല. മഴ പെയ്യുമ്പോൾ ഈ ചാലിൽ വെള്ളം താഴാറുണ്ട്. അങ്ങനെ വെള്ളം താഴ്ന്നുണ്ടായ മർദം കൊണ്ടാണോ മണ്ണിടിച്ചിലിൽ ഉണ്ടായത് എന്നാണ് നാട്ടുകാരുടെ സംശയം.

English Summary:

Heavy rains along the Kerala-Tamil Nadu border have caused flooding and disrupted traffic, impacting areas like Tenkasi and Sengottai. The Courtallam waterfalls are experiencing an intense surge of water, leading to shop closures and travel disruptions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com