ഉഴുതുമറിച്ച പാടം പോലെ ദേശീയപാത; ചെളി നിറഞ്ഞ് റോഡ് ആകെ ‘കുളമായി’
Mail This Article
ചാത്തന്നൂർ ∙ നിർമാണം നടക്കുന്ന ദേശീയപാത കണ്ടാൽ ഉഴുതുമറിച്ച പാടം ആണെന്ന് തോന്നും . കാൽനടയാത്ര തീർത്തും അസാധ്യം. ഇരുചക്രവാഹന യാത്ര അതികഠിനവും. ഏതു നിമിഷവും അപകടം സംഭവിക്കാം. കഴിഞ്ഞ ദിവസം മഴ പെയ്തതോടെ ചാത്തന്നൂർ തിരുമുക്ക് പെട്രോൾ പമ്പ് മുതൽ ചാത്തന്നൂർ ജംക്‌ഷനു സമീപം വരെ കൊല്ലത്തു നിന്നു തിരുവനന്തപുരം ഭാഗത്തേക്കുള്ള പ്രധാന പാതയുടെ അവസ്ഥയാണിത്. പാതയുടെ വടക്കു ഭാഗത്തെ സർവീസ് റോഡിന്റെ കാര്യം ഇതിലും പരിതാപകരമാണ്.
ഇത്തിക്കര മുതൽ റോഡിന്റെ ദുരിതം തുടങ്ങും. തിരുമുക്ക് പെട്രോൾ പമ്പ്, തിരുമുക്ക്, വൈദ്യുതിഭവൻ തുടങ്ങിയ ഭാഗങ്ങൾ മരമടിക്കു തയാറാക്കിയ പാടം പോലെയാണ്. ചെളി നിറഞ്ഞ റോഡിലൂടെ ഒച്ചിഴയും വേഗത്തിലാണ് വാഹനങ്ങൾ പോകുന്നത്. വേഗം കുറയുമ്പോൾ ഇരുചക്രവാഹന യാത്രക്കാർക്ക് കാൽ നിലത്തു തൊടാൻ കഴിയില്ല. നിയന്ത്രണം തെറ്റി മറിഞ്ഞാൽ ചെളിയിൽ കുളിച്ച അവസ്ഥയാണ്.വ്യാഴം രാത്രി വൈദ്യുതി ഭവനു സമീപം ഒന്നര മണിക്കൂറിനിടെ 5 ബൈക്കുകൾ അപകടത്തിൽ പെട്ടു. ചെളിയിൽ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.
ഇത്തിക്കര വളവിൽ സർവീസ് സ്റ്റേഷന് സമീപം റോഡിലെ ആഴമേറിയ കുഴി ഇരുചക്രവാഹനങ്ങൾക്കു വലിയ ഭീഷണിയാണ്. ഒട്ടേറെ ബൈക്ക് യാത്രക്കാർ അപകടത്തിൽപെട്ടു. മറ്റ് വാഹനങ്ങൾ ഇല്ലാത്തതിനാൽ പലരും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വളരെ അപകട ഭീഷണി ഉയർത്തുന്ന കുഴി നികത്തുന്നതിന് കരാർ കമ്പനി അലംഭാവം പുലർത്തുകയാണ്.
ചാത്തന്നൂർ പോസ്റ്റ് ഓഫിസ് ജംക്‌ഷനിൽ നിർമാണം നടക്കുന്ന പ്രധാന പാതയുടെ മധ്യഭാഗത്തു ജല വകുപ്പിന്റെ വാൽവ് ചേംബർ പൊളിച്ച നിലയിലാണ്. സൈക്കിൾ യാത്രക്കാരൻ ഇതിൽ അകപ്പെട്ടു കാൽ ഒടിഞ്ഞിരുന്നു. ഇതിനു ശേഷം മുന്നറിയിപ്പു സൂചനയായി നാട കെട്ടിയെങ്കിലും ഇളകി നശിച്ചു. കുഴിയുടെ വശങ്ങളിലൂടെ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. രാത്രി വാഹനങ്ങൾ ഇതിൽ അകപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം.വൈദ്യുതി ഭവൻ മുതൽ ചാത്തന്നൂർ ഹൈസ്കൂളിനു സമീപം വരെ സർവീസ് റോഡിന്റെ റോഡിന്റെ സ്ഥിതിയും പരിതാപകരമാണ്.