പ്രസിഡന്റ്സ് ട്രോഫി ജലോത്സവം: റജിസ്ട്രേഷൻ ആരംഭിച്ചു
Mail This Article
കൊല്ലം ∙ 21ന് അഷ്ടമുടിക്കായലിൽ കൊല്ലത്തു നടത്തുന്ന ചാംപ്യൻസ് ബോട്ട് ലീഗിന്റെ (സിബിഎൽ) ഭാഗമായ പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ റജിസ്ട്രേഷൻ ആരംഭിച്ചു. ആദ്യ റജിസ്ട്രേഷൻ ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിലുള്ള വള്ളമായ ടൗൺ ബോട്ട് ക്ലബ് ചെന്നിത്തല വാഴക്കൂട്ടം കടവിന്റെ ടി.മനുവിനു നൽകി റജിസ്ട്രേഷൻ കമ്മിറ്റി ചെയർമാൻ ടി.സി.വിജയൻ നിർവഹിച്ചു. ഇന്നലെ ഒരു വെപ്പ് എ ഗ്രേഡ് ടീമും 3 ഇരുട്ടുകുത്തി ബി ഗ്രേഡ് ടീമുകളും റജിസ്റ്റർ ചെയ്തു. വെപ്പ് എ ഗ്രേഡ്, ഇരുട്ടുകുത്തി എ ഗ്രേഡ്, ഇരുട്ടുകുത്തി ബി ഗ്രേഡ്, വനിതകൾ തുഴയുന്ന തെക്കനോടി (തറ വള്ളം) എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽ 3 ടീമുകൾ വീതമുള്ള 12 ടീമുകളാണ് മത്സരിക്കുക.
ഏതെങ്കിലും വിഭാഗത്തിൽ 3 ടീമുകളിൽ കൂടുതൽ റജിസ്ട്രേഷൻ വന്നാൽ നറുക്കെടുപ്പിലൂടെ വള്ളം കളിയിൽ മത്സരിക്കേണ്ട ടീമുകളെ തിരഞ്ഞെടുക്കും. 19 വരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ആവശ്യമായ രേഖകൾ സഹിതം ഡിടിപിസി ഓഫിസിനു സമീപത്തെ ഹൗസ് ബോട്ട് ടെർമിനലിൽ സജ്ജീകരിച്ച ഓഫിസിൽ വന്നു റജിസ്റ്റർ ചെയ്യാം. റജിസ്ട്രേഷൻ ഉദ്ഘാടന ചടങ്ങിൽ കൺവീനർ അസി. എക്സിക്യൂട്ടീവ് എൻജിനീയർ എ.മുഹമ്മദ് അൻസാരി, ജോയിന്റ് കൺവീനർ എൻ.ചന്ദ്രബാബു, ടി.കെ.സുൽഫി, എം.മാത്യൂസ്, പെരിനാട് മുരളി, ഉപേന്ദ്രൻ മങ്ങാട്, മേടയിൽ ബാബു, സ്വാമിനാഥൻ ശരവണൻ, അജീഷ് മൺറോ, സദു പള്ളിത്തോട്ടം എന്നിവർ പ്രസംഗിച്ചു.
ഓളങ്ങളെ കീഴടക്കാൻ
കൊല്ലം തേവള്ളി കൊട്ടാരത്തിന് സമീപത്തു നിന്നുള്ള സ്റ്റാർട്ടിങ് പോയിന്റ് മുതൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ബോട്ട് ജെട്ടി വരെ 1,100 മീറ്ററിലാണ് മത്സരം നടക്കുക.