ദേശീയപാതയിൽ കരുനാഗപ്പള്ളിയിലെ ഫ്ലൈഓവർ നിർമാണം: ഗതാഗതം കുരുക്കിൽ
Mail This Article
കരുനാഗപ്പള്ളി ∙ ടൗണിൽ ലാലാജി ജംക്‌ഷൻ മുതൽ പുള്ളിമാൻ ജംക്‌ഷൻ വരെയുള്ള ദേശീയപാതയിലെ യാത്ര ദുരിതമായി മാറുന്നു. ഏറെ തിരക്കേറിയ ടൗണിൽ സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കാതെയും സുഗമമായ ഗതാഗത സൗകര്യം ഒരുക്കാതെയുമാണ് ഓപ്പൺ പില്ലർ ഫ്ലൈഓവറിന്റെ തൂൺ നിർമാണം ആരംഭിച്ചത്. തൂൺ നിർമാണത്തിന്റെ ഭാഗമായി റോഡിന്റെ കൂടുതൽ ഭാഗങ്ങൾ എടുത്തതോടെ വാഹനങ്ങൾക്കു കടന്നു പോകാൻ വളരെ ചെറിയ സൗകര്യം മാത്രമേ ഒരുക്കിയിട്ടുള്ളു.
സർവീസ് റോഡിന്റെ നിർമാണം ഭാഗികമാണ്. റോഡിന് കിഴക്കു ഭാഗത്തും പടിഞ്ഞാറു ഭാഗത്തും സർവീസ് റോഡിന്റെ നിർമാണം ഇഴഞ്ഞു നീങ്ങുകയാണ്. കൂടുതൽ സൗകര്യങ്ങൾ ഒരുക്കാത്തത് മൂലം മിക്ക സമയവും ടൗൺ ഗതാഗതക്കുരുക്കിലാണ്. ദേശീയപാതയോടു ചേർന്ന ഭാഗങ്ങളിലെ അനധികൃത പാർക്കിങ്ങും അനധികൃത ഓട്ടോ സ്റ്റാൻഡും വഴിയോര കച്ചവട കേന്ദ്രങ്ങളും മൂലം ഗതാഗതം തടസ്സപ്പെടുമ്പോഴും ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ് പൊലീസ്. നിർമാണക്കമ്പനിക്കു തോന്നും വിധമാണ് ഗതാഗത ക്രമീകരണമെന്ന് ആരോപണം ഉണ്ട് .
ഉള്ള സ്ഥലങ്ങൾ പ്രയോജനപ്പെടുത്തി നല്ല നിലയിൽ ഗതാഗതം ക്രമീകരിക്കാൻ നിർമാണക്കമ്പനിയുമായി ചേർന്നു മോട്ടർ വാഹന വകുപ്പോ, പൊലീസോ ഒരു നടപടിയും സ്വീകരിക്കുന്നില്ല. മഴ സമയത്ത് റോഡിൽ ചെളിക്കുനയാകും അല്ലാത്ത സമയത്ത് പൊടിനിറയും. ലാലാജി ജംക്‌ഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ ഗട്ടറുകൾ വെള്ളക്കെട്ടായിട്ടും നടപടിയില്ല. സർവീസിനായി ഒരുക്കിയിട്ടിരിക്കുന്ന റോഡിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട നിലയിലുള്ള ഗട്ടറുകൾ ഒഴിവാക്കാനും നടപടിയുമില്ല.
ഇഴഞ്ഞു നീങ്ങുന്ന നിർമാണ പ്രവർത്തനങ്ങൾ യാത്രക്കാരെയും പൊതുജനത്തെയും ആകെ ബുദ്ധിമുട്ടിലാക്കുകയാണ്. ഓടയുടെയും സർവീസ് റോഡുകളുടെയും നിർമാണം പൂർത്തിയാക്കി വാഹന ഗതാഗതം ഇരുവശത്തെയും സർവീസ് റോഡുകളിലൂടെ ആക്കിയതിനു ശേഷം പ്രധാന പാതയിലെ നിർമാണ പ്രവർത്തനങ്ങൾ നടത്തണമെന്നായിരുന്നു തീരുമാനം. ഇത് അട്ടിമറിച്ച് , അശാസ്ത്രീയമായ നിലയിൽ നിർമാണം നടക്കുന്നതാണ് ടൗണിൽ ഗതാഗതക്കുരുക്കിനും യാത്രാ ബുദ്ധിമുട്ടിനും കാരണമാകുന്നതെന്ന് ആക്ഷേപം ഉണ്ട്.