പൈപ്‌ലൈൻ തകർന്ന് തോട്ടിൽ വീണു; വെള്ളം കുടി മുട്ടി നഗരം
Mail This Article
ചവറ∙ ദേശീയപാതയ്ക്കു സമാന്തരമായി ചവറ പാലത്തിനു സമീപം സ്ഥാപിച്ചിരുന്ന പ്രധാന പൈപ്‌ലൈൻ തകർന്ന് ദേശീയജലപാതയിൽ പതിച്ചു. ഇന്നലെ രാവിലെ 6ന് ഉഗ്രശബ്ദത്തോടെ കൂറ്റൻ പൈപ്പും ഇരുമ്പ് കവചവും തകർന്ന് വീഴുകയായിരുന്നു. ശാസ്താംകോട്ടയിൽ നിന്നും കൊല്ലം നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന പ്രധാന പൈപ്പാണ് തകർന്നത്. മൈൽഡ് സ്റ്റീൽ (എംഎസ്) പൈപ്പ് കടത്തിവിടുന്ന ഇരുമ്പ് കവചം കാലപ്പഴക്കത്താൽ ഒടിഞ്ഞു വീഴുകയായിരുന്നു. ടിഎസ് കനാലിന്റെ ഇരുകരകളിലും ഉയരത്തിൽ കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചാണ് പൈപ്പ് കടത്തിവിട്ടത്. ഇരുമ്പ് കവചം തകർന്നതിനൊപ്പം ഒരു വശത്തെ പൈപ്പും വേർപെട്ട് ജലപാതയിൽ പതിക്കുകയായിരുന്നു. പൈപ്പിലെ വെള്ളം ടിഎസ് കനാലിലേക്ക് ഒഴുകിയതിനാൽ സമീപ പ്രദേശം വെള്ളക്കെട്ടിൽ നിന്ന് ഒഴിവായി. ചവറ പാലത്തിനു തെക്കുവശത്തെ പ്രിമോ പൈപ്പ് മാറ്റി 19 വർഷം മുൻപാണ് നിലവിലെ പൈപ് ലൈൻ സ്ഥാപിച്ചത്. 19 മീറ്റർ നീളമുള്ള പൈപ് ൈലൻ താങ്ങി നിർത്തിയത് ഇരുമ്പ് കവചവും കോൺക്രീറ്റ് തൂണുകളും മാത്രമായിരുന്നു.
പ്രതിദിനം 320 ലക്ഷം ലീറ്റർ ജലമാണ് പൈപ്‌ലൈൻ വഴി കൊല്ലത്തേക്ക് എത്തിക്കുന്നത്. കൊല്ലം കോർപറേഷൻ, നീണ്ടകര, ചവറ കരിത്തുറ പ്രദേശങ്ങളിലെ ശുദ്ധജല വിതരണം പൂർണമായും മുടങ്ങും. ടാങ്കറുകളിൽ ജലം എത്തിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. തകർന്ന പൈപ്‌ലൈൻ പുനഃസ്ഥാപിക്കുന്നത് വരെ താൽക്കാലികമായി ജലപാതക്ക് അടിയിലൂടെ എച്ച്ഡിപി പൈപ്‌ലൈൻ സ്ഥാപിച്ച് ശുദ്ധജലം എത്തിക്കാനുള്ള നീക്കം തുടങ്ങിയതായി അധികൃതർ പറഞ്ഞു. ജലഅതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. യുദ്ധകാലാടിസ്ഥാനത്തിലാണു പൈപ്‌ലൈൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയത്.
ഒഴിവായത് വൻ ദുരന്തം
മീൻപിടിത്ത യാനങ്ങൾ കടന്നുപോയതിനു തൊട്ടുപിന്നാലെയാണ് പൈപ്‌ലൈൻ തകർന്ന് വീണതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു. പുത്തൻതുറ സ്വദേശികളുമായി പോയ ഇൻബോർഡ് വള്ളം ‘പത്തേമാരി’ കടന്നുപോയി 10 മിനിറ്റിനകം ജലപാതയിലേക്കു കൂറ്റൻ പൈപ്പ് തകർന്നു വീഴുകയായിരുന്നു. പുലർച്ചെ ചെറുവള്ളങ്ങളടക്കം ഇതുവഴി കടന്നുപോകാറുണ്ട്. കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള ചുണ്ടൻ വള്ളങ്ങളടക്കം രാവിലെ കടന്നുപോകാറുണ്ട്. ഇതിനു മുൻപായിരുന്നു തകർച്ച. പിന്നീട് വശത്ത് കൂടി കടത്തി വിടുകയായിരുന്നു. ജലഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. രാത്രി കടന്നുപോകുന്ന ചെറുവള്ളങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
∙ അധികൃതരുടെ അനാസ്ഥയാണ് പൈപ്‌ലൈൻ തകർന്ന് വീഴാൻ കാരണമെന്ന് ആക്ഷേപം ഉയരുന്നു. ഇത് സ്ഥാപിച്ച ശേഷം പൈപ്‌ലൈൻ കടന്നുപോകുന്ന ഇരുമ്പ് കവചത്തിന്റെ ബലക്ഷയം പരിശോധിക്കാൻ അധികൃതർ തയാറായിട്ടില്ല. ടുമൂടിയ അവസ്ഥയിലായിരുന്നു തൂണുകൾ. ഇരുമ്പ് കവചത്തിന്റെ മിക്ക ഭാഗങ്ങളും തുരുമ്പെടുത്ത നിലയിലാണ്. പലതും ഇളകി കിടക്കുന്ന വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
പൈപ്‌ലൈൻ തകരാൻ കാരണംഭരണത്തിന്റെ കെടുകാര്യസ്ഥത:ഷിബു ബേബിജോൺ
ഭരണത്തിന്റെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണ് ചവറയിൽ പ്രധാന പൈപ്‌ലൈൻ തകരാൻ കാരണമായതെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ആരോപിച്ചു. വർഷങ്ങൾ പഴക്കമുണ്ടായിട്ടും ജനങ്ങൾ പരാതി പറഞ്ഞിട്ടും ഇതുവരെ പൈപ്‌ലൈനും സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് പാലത്തിന്റെ ബലക്ഷയവും പരിശോധിക്കുന്നതിൽ തികഞ്ഞ അനാസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഇതുകാരണം ജനങ്ങളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. കോർപറേഷൻ, നീണ്ടകര, കരിത്തുറ പ്രദേശങ്ങളിൽ ബദൽ മാർഗം കണ്ടെത്തി ശുദ്ധജല സംവിധാനം എത്തിക്കണം. നീണ്ടകര, ജില്ലാ ആശുപത്രി ഉൾപ്പെടെയുള്ള ആതുരാലയങ്ങളിൽ ശുദ്ധജലം എത്തിക്കുന്നതിനു അടിയന്തര സംവിധാനം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അറ്റകുറ്റപ്പണികൾ തീരുന്നതു വരെജലവിതരണം തടസ്സപ്പെടും
ശാസ്താംകോട്ട ജലശുദ്ധീകരണ ശാലയിൽ നിന്നു കൊല്ലം കോർപറേഷനിലേക്ക് വരുന്ന പ്രധാന പൈപ് ലൈൻ (പമ്പിങ് വിതരണ പൈപ് ലൈൻ ആയ 750 മെയിൻ) പൊട്ടിയതിനാൽ കോർപറേഷനിലെ ശക്തികുളങ്ങര, ഓൾഡ് മുനിസിപ്പൽ ഏരിയ, കിളികൊല്ലൂർ എന്നീ മേഖലകളിലെ ജലവിതരണം, അറ്റകുറ്റപ്പണികൾ തീർത്ത് കണക്‌ഷൻ പുനഃസ്ഥാപിക്കുന്നതു വരെ പൂർണമായും തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
താൽക്കാലിക ക്രമീകരണങ്ങൾ നടത്തുന്നതു കാരണം വടക്കേവിള, ഇരവിപുരം, നെടുമ്പന, മയ്യനാട്, പരവൂർ, ചാത്തന്നൂർ, ചിറക്കര എന്നീ മേഖലകളിൽ ജലവിതരണം ഭാഗികമായും തടസ്സപ്പെടും.