ADVERTISEMENT

പുനലൂർ ∙ ശരണം വിളികളും അയ്യപ്പസ്തുതി ഗീതങ്ങളും വാദ്യമേളങ്ങളും നിറഞ്ഞ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ  ആര്യങ്കാവ്, അച്ചൻകോവിൽ ശ്രീധർമശാസ്താ ക്ഷേത്രങ്ങളിലേക്ക് നടത്തിയ തിരുവാഭരണ ഘോഷയാത്ര ഭക്തിസാന്ദ്രമായി. പുനലൂർ പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ ദേവസ്വം സ്ട്രോങ് റൂമിൽ മൂന്ന് പേടകങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണം ദർശിക്കുന്നതിന് അലങ്കരിച്ച പൂപ്പന്തലിൽ ഭക്തർക്ക് അവസരം ഒരുക്കി. രാവിലെ മുതൽ തമിഴ്നാട്ടിൽ നിന്നു ഒട്ടേറെപ്പേർ എത്തിയിരുന്നു.

ശാസ്താവിന്റെ മുഖകാപ്പ്, തിരുമുഖം, അങ്കികൾ, ശംഖ്, രത്നാങ്കിതങ്ങളായ കൈക്കെട്ട്, മാല, മോതിരം, ഉടവാൾ, കാന്തമലവാൾ, ആടയാഭരണങ്ങൾ എന്നിവയാണ് തിരുവാഭരണത്തിലുണ്ടായിരുന്നത്. മേൽശാന്തി രാധാകൃഷ്ണൻ പോറ്റി വിവിധ പൂജകൾക്ക് കാർമികത്വം വഹിച്ചു.

ക്ഷേത്രത്തിന് വലംവച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പേടകങ്ങൾ തലച്ചുമടായി അലങ്കരിച്ച വാഹനങ്ങളിൽ എത്തിച്ചു. വെട്ടിപ്പുഴ, ട്രാൻ.ഡിപ്പോ, കെഎസ്ആർടിസി മൈതാനം, തൂക്കുപാലം അങ്കണം, ‘മിനി പമ്പ’ എന്നിവിടങ്ങളിൽ ആചാരപരമായ വരവേൽപ് നൽകി. 

     തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ ജി. സുന്ദരേശൻ, അഡ്വ. എ.അജികുമാർ, പത്തനംതിട്ട ഡപ്യൂട്ടി ദേവസ്വം കമ്മിഷണർ ശ്രീധര ശർമ, പുനലൂർ ഗ്രൂപ്പ് അസി.കമ്മിഷണർ ജെ.ഉണ്ണിക്കൃഷ്ണൻ നായർ, പുനലൂർ പുതിയിടം സബ് ഗ്രൂപ്പ് ഓഫിസർ എം. വേണുഗോപാൽ, അച്ചൻകോവിൽ സബ് ഗ്രൂപ്പ് ഓഫിസർ കെ. തുളസീധരൻ, ആര്യങ്കാവ് സബ് ഗ്രൂപ്പ് ഓഫിസർ എ.വി.വിജേഷ് തുടങ്ങിയവർ വിവിധ ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ അയ്യപ്പ ഭക്ത സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. ആര്യങ്കാവ് മാളികപ്പുറം അയ്യപ്പസേവാ സംഘം പ്രവർത്തകർ (വനിതകള്‍) ശരണം വിളികളുമായി പ്രത്യേകം അലങ്കരിച്ച കെഎസ്ആർടിസി ബസിൽ തിരുവാഭരണ ഘോഷയാത്രയെ അനുഗമിച്ചു. ആര്യങ്കാവ് ക്ഷേത്രത്തിലെ തിരുവാഭരണം പാലരുവി ജംക്‌ഷനിലെ മണ്ഡപത്തിൽ നിന്ന് ഭക്തജനങ്ങൾ ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിച്ചു.

     അച്ചൻകോവിൽ ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്ക് കോട്ടവാസൽ, ചെങ്കോട്ട, തെങ്കാശി, എന്നിവിടങ്ങളിൽ വരവേൽപ്പ് നൽകി. തെങ്കാശി കാശി വിശ്വനാഥ ക്ഷേത്രാങ്കണത്തിൽ തെങ്കാശി ജില്ലാ ഭരണകൂടവും വിവിധ അയ്യപ്പ ഭക്തസംഘടനകളും  വരവേൽപ് നൽകി. 

മേക്കര, പംപ്ലി, തിരുമലക്കോവിൽ അതിർത്തിയിലെ കോട്ടവാസൽ വഴി അച്ചൻകോവിൽ സ്‌കൂളിനു മുന്നിൽ നിന്നു  വാദ്യമേള അകമ്പടിയോടെ തിരുവാഭരണം അച്ചൻകോവിൽ ക്ഷേത്രത്തിൽ എത്തിച്ച് വിഗ്രഹത്തിൽ ചാർത്തിയ ശേഷം ഉത്സവത്തിന് കൊടിയേറ്റി. 

 ഘോഷയാത്രയ്ക്ക് കേരള–തമിഴ്നാട് സായുധ പൊലീസ് സുരക്ഷയൊരുക്കി.

English Summary:

Thiruvabharanam, the sacred ornaments of Lord Ayyappan, commenced their journey to Aryankavu and Achankovil Temples in a ceremonial procession marked by deep piety and devotion. The event witnessed a large gathering of devotees who came to offer prayers and witness the sacred journey.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com