ചവറയിൽ പൈപ് ലൈൻ തകർന്ന സംഭവം: താൽക്കാലിക സംവിധാനം ഒരുക്കാൻ നടപടി തുടങ്ങി
Mail This Article
ചവറ∙ ചവറയിൽ തകർന്നു വീണ ശുദ്ധജല പൈപ്‌ലൈനു പകരം താൽക്കാലിക സംവിധാനം ഒരുക്കാനുള്ള നടപടി തുടങ്ങി. തിരുവനന്തപുരത്ത് നിന്ന് എച്ച്ഡിപി പൈപ്പുകൾ ഇന്നലെ രാത്രിയോടെ എത്തിച്ചു. 120 മീറ്റർ പൈപ്പാണ് വേണ്ടിവരുന്നത്. ടിഎസ് കനാലിനു അടിയിലൂടെ പൈപ്‌ലൈൻ സ്ഥാപിക്കുന്നതിനു ഇൻലാൻഡ് വാട്ടർ വെയ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി വാക്കാൽ ലഭിച്ചു. ഇതുസംബന്ധിച്ചു രേഖാമൂലം അനുമതി ലഭിക്കുന്നതിനായി എംഎൽഎ ഓഫിസിൽ നിന്ന് ഇമെയിൽ സന്ദേശം നൽകിയിട്ടുണ്ട്. എച്ച്‍ഡിപി പൈപ് സ്ഥാപിക്കുന്നതിനു മുൻപ് പുറത്ത് വച്ച് പ്രഷർ ടെസ്റ്റ് ചെയ്യേണ്ടി വരും. കോർപറേഷൻ പരിധിയിൽ 4 ലക്ഷത്തോളം പേരെ പ്രശ്നം ബാധിച്ചിട്ടുണ്ട്. ടാങ്കറുകളിൽ ജലം എത്തിക്കുന്നുണ്ട്. നീണ്ടകര, കരിത്തുറ പഞ്ചായത്തുകളിൽ പ്രത്യേക പൈപ്‌ലൈൻ സ്ഥാപിച്ച് ശുദ്ധജലം എത്തിക്കുന്നതിനുള്ള പണികളും ആരംഭിച്ചിട്ടുണ്ട്.
സുജിത്ത് വിജയൻപിള്ള എംഎൽഎ, ജലഅതോറിറ്റി ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം ഉഷാലയം ശിവരാജൻ എന്നിവർ സ്ഥലം സന്ദർശിച്ച് നിർദേശങ്ങൾ നൽകി. സൗത്ത് സോൺ ചീഫ് എൻജിനീയർ നാരായണൻ നമ്പൂതിരി, സൂപ്രണ്ടിങ് എൻജിനീയർ സബീർ.എ.റഹിം, കൊല്ലം എക്സിക്യൂട്ടീവ് എൻജിനീയർ മഞ്ജു.ജെ.നായർ, പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ രാജേഷ് ഉണ്ണിത്താൻ, ശാസ്താംകോട്ട അസി.എക്സിക്യൂട്ടീവ് എൻജിനീയർ വർഗീസ് ഏബ്രഹാം, ചവറ അസി.എക്സിക്യൂട്ടീവ് എൻജിനീയർ താര എന്നിവർ സ്ഥലത്ത് ക്യാംപ് ചെയ്താണ് നിർമാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്. ഞായർ രാവിലെയാണ് ദേശീയപാതയ്ക്കു സമാന്തരമായി ചവറ പാലത്തിനു സമീപം സ്ഥാപിച്ചിരുന്ന പ്രധാന പൈപ് ലൈൻ തകർന്ന് ദേശീയജലപാതയിൽ പതിച്ചത്. കാലപ്പഴക്കം മൂലം ഇരുമ്പ് കവചം തകർന്ന് പൈപ്പ് ടിഎസ് കനാലിൽ വീഴുകയായിരുന്നു. മൂന്നു മാസത്തിനകം തകർന്ന ഇരുമ്പ് കവചവും പൈപ്‌ലൈനും പുനഃസ്ഥാപിക്കുമെന്നാണു അധികൃതർ പറയുന്നത്.
അറ്റകുറ്റപ്പണി വേഗം പൂർത്തിയാക്കണം:പ്രേമചന്ദ്രൻ
കൊല്ലം ∙ ശാസ്താംകോട്ടയിൽ നിന്നു കൊല്ലത്തു കുടിവെള്ളമെത്തിക്കുന്ന പ്രധാന പൈപ് ലൈൻ തകർന്നതിനെ തുടർന്നു രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു. പൈപ്പ് ലൈൻ സ്ഥാപിച്ചിരുന്ന പാലവും പൈപ്പ് ലൈനും തകർന്നു വീണതു പുനഃസ്ഥാപിക്കാൻ പ്രത്യേക കർമസേനയെ നിയോഗിക്കണം. ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന് എംപി ആവശ്യപ്പെട്ടു.
അറ്റകുറ്റപ്പണി വേഗം വേണം: മേയർ
കൊല്ലം∙ ശാസ്താംകോട്ടയിൽ നിന്നു കൊല്ലം നഗരത്തിൽ കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈൻ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് മേയർ പ്രസന്ന ഏണസ്റ്റ്. കോർപറേഷൻ മേഖലയിലെ 55 വാർഡുകളിലെ 5 അഞ്ചു ലക്ഷത്തോളം ജനങ്ങൾക്ക് ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിക്കുന്നതിന് പരിമിതിയുണ്ട്. പൈപ്പ് ലൈൻ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിച്ചെങ്കിൽ മാത്രമേ പ്രതിസന്ധി ഒഴിവാക്കാനാകൂ. ജപ്പാൻ കുടിവെള്ള പദ്ധതി അധികൃതരുമായി ചർച്ച നടത്തിയെന്നും മേയർ പറഞ്ഞു.
നീണ്ടകര, കരിത്തുറ ഭാഗങ്ങളിൽ ശുദ്ധജല ക്ഷാമം രൂക്ഷം
ചവറ∙ പ്രധാന പൈപ് ലൈൻ തകർന്നതിനെ തുടർന്ന് നീണ്ടകര, കരിത്തുറ ഭാഗങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷമാണ്. കിണർ ജലം ഉപയോഗിക്കാൻ കഴിയാത്തതിനാൽ ടാങ്കുകളും കോൺക്രീറ്റ് തൊടികളും സ്ഥാപിച്ചാണ് മിക്ക വീടുകളിലും ശുദ്ധജലം ശേഖരിച്ചു വയ്ക്കാറുണ്ട്. ഇങ്ങനെ സൂക്ഷിച്ചിരുന്ന ശുദ്ധജലം പരിമണത്ത് നിന്ന് മോഷണം പോയെന്നും പരാതി ഉയർന്നിട്ടുണ്ട്. ടാങ്കറിൽ ശുദ്ധജലം എത്തുന്നതും കാത്ത് പാത്രങ്ങളുമായി വീടുകൾക്ക് മുന്നിൽ കാത്തിരിക്കുകയാണ് താമസക്കാർ. ഇന്ന് വൈകിട്ടോടെ നീണ്ടകര, കരിത്തുറ പ്രദേശങ്ങളിൽ ജലം എത്തിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. എത്രയും വേഗത്തിൽ ശുദ്ധജലം എത്തിക്കാനുള്ള ശ്രമം നടത്തി വരുന്നതായി സുജിത്ത് വിജയൻപിള്ള എംഎൽഎ പറഞ്ഞു.