ശുചിമുറി മാലിന്യം: മുഖം തിരിച്ച് ആശുപത്രി അധികൃതർ; ഓട നവീകരണം നിലച്ചു
Mail This Article
കടയ്ക്കൽ∙ താലൂക്ക് ആശുപത്രിയിൽ നിന്ന് റോഡിലെ ഓടയിൽ മാലിന്യം ഒഴുക്കിയിരുന്ന പൈപ് അടയ്ക്കാത്തതിനാൽ റോഡ് നവീകരണത്തിന്റെ ഭാഗമായി തുടങ്ങിയ ഓട നിർമാണം സ്തംഭനത്തിൽ. ഒട്ടേറെത്തവണ ആശുപത്രി സൂപ്രണ്ടിനോട് പൊതുമരാമത്ത് ആവശ്യപ്പെട്ടിട്ടും ശുചിമുറി മാലിന്യം ഓടയിൽ ഒഴുക്കുന്നത് തടയുന്നതിന് നടപടി സ്വീകരിച്ചിരുന്നില്ല.ഇതേ ആവശ്യം ഉന്നയിച്ച് ഇന്നലെ ആശുപത്രി സൂപ്രണ്ടിന് ചടയമംഗലം പൊതുമരാമത്ത് അസി.എൻജിനീയർ നോട്ടിസ് നൽകി. ഇവിടെ ഓട നവീകരണം തുടങ്ങിയിട്ട് രണ്ടാഴ്ചയായി.ആശുപത്രിയുടെ ഭാഗമായ ഫിസിയോതെറപ്പി യൂണിറ്റ് മുൻ വശത്താണ്. ഇവിടെ രോഗികളെ എത്തിക്കുന്നതിനു ഓട നവീകരണം പൂർത്തിയാക്കിയാലെ കഴിയൂ.
ആശുപത്രിയിൽ നിന്ന് ശുചിമുറി മാലിന്യം ഓടയിലേക്ക് ഒഴുക്കി വിടുന്നത് മൂലം ദുർഗന്ധം വമിക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. ശുചിമുറി മാലിന്യം ഒഴുകി സമീപത്തുള്ള ഓടയിലും വീടുകളുടെ പരിസരത്തും എത്തിയിരുന്നു. പരാതി പറഞ്ഞപ്പോഴെല്ലാം ആശുപത്രി അധികൃതർ നിഷേധിക്കുകയായിരുന്നു. രണ്ടാഴ്ച മുൻപ് നവീകരിക്കാൻ പഴയ ഓട പൊളിച്ചപ്പോഴാണ് ആശുപത്രിയിൽ നിന്നുള്ള മാലിന്യമാണ് ഓടയിലേക്ക് ഒഴുക്കുന്നതെന്നു വ്യക്തമായത്. ഇവിടെ ഓട നവീകരണം പൂർത്തിയാക്കാത്തതിനാൽ കടയ്ക്കൽ ടൗണിലെ റോഡുമായി ബന്ധപ്പെട്ടുള്ള നിർമാണ പ്രവർത്തനം എല്ലാം തടസ്സത്തിലാണ്.എന്നാൽ ഓടയിലേക്ക് ആശുപത്രിയിൽ നിന്നു മാലിന്യം ഒഴുകുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അതിന് പരിഹാരം കാണുമെന്നും ആശുപത്രി സൂപ്രണ്ട് പറയുന്നുവെങ്കിലും സമയബന്ധിതമായി കാര്യങ്ങൾ നടക്കുന്നില്ലെന്നതാണ് സ്ഥിതി.