ജീവൻ പണയം വയ്ക്കണം, കാങ്കത്തുമുക്ക് കടക്കാൻ!
Mail This Article
കൊല്ലം∙മൂന്ന് റോഡുകൾ സംഗമിക്കുന്ന തിരക്കുള്ള കാങ്കത്തുമുക്ക് റോഡിലെ കുഴികൾ ഇരുചക്രവാഹന യാത്രികർക്ക് ഭീഷണിയാകുന്നു. ഇതേ റോഡിൽ കലക്ടറേറ്റ്, തോപ്പിൽകടവ് ഭാഗത്തും ഒട്ടേറെ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കാങ്കത്തുമുക്കിലെ കുഴികൾ ഇപ്പോൾ ഇരുചക്ര വാഹനയാത്രികരുടെ ജീവനെടുക്കുന്ന തരത്തിലായിട്ടുണ്ട്. വളവുള്ള ഇവിടെ റോഡിന് മധ്യേ കോൺക്രീറ്റ് ഡിവൈഡറുകൾ സ്ഥാപിച്ചതിനാൽ വാഹനങ്ങളുടെ നേർക്കുനേർ കൂട്ടിയിടി ഒഴിവാകുമെങ്കിലും റോഡിലെ കുഴികൾ വില്ലനാകുന്നുണ്ട്. എത്ര ശ്രദ്ധിച്ചാലും പകൽ സമയത്ത് പോലും ഇരുചക്ര വാഹനങ്ങൾ പൊട്ടിപ്പൊളിഞ്ഞ കുഴികളിൽ വീഴും.അപ്പോൾ രാത്രിയിലെ അവസ്ഥ പറയേണ്ടതില്ല. ആയുസ്സിന്റെ ബലത്തിലാണ് പലരും അപകടത്തിൽപ്പെടാതെ ഇതു വഴി കടന്നു പോകുന്നത്. അധികൃതർ മനസ്സുവച്ചാൽ കേവലം ഒരു മണിക്കൂർ കൊണ്ട് പരിഹാരം കാണാവുന്ന പ്രശ്നമാണ് മാസങ്ങളായി ഈ വിധത്തിൽ കിടക്കുന്നത്.