പുനലൂർ റെയിൽവേ സ്റ്റേഷൻ: കൂടുതൽ വികസനം വേണമെന്ന ആവശ്യം ശക്തം
Mail This Article
പുനലൂർ ∙ പുനലൂർ റെയിൽവേ സ്റ്റേഷന്റെ പരിസരത്തെ ഏക്കർ കണക്കിന് ഭൂമി പ്രയോജനപ്പെടുത്തി കൂടുതൽ വികസനം നടപ്പാക്കണമെന്ന് ആവശ്യം ശക്തം . ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ തെക്കുഭാഗത്തായി നിലവിലുള്ള മൂന്ന് ഏക്കറോളം സ്ഥലത്തെ ഗ്രൗണ്ടിൽ മെറ്റൽ ശേഖരിച്ച് ട്രാക്ക് മെറ്റൽ പാക്കിങ്ങിനായി കൊണ്ട് പോകുന്നതിന് വിനിയോഗിക്കുകയാണ്. ഇതിനായി ഇവിടെ മെറ്റൽ വാഗണുകൾ എത്തിക്കുന്നതിനുള്ള ട്രാക്കും നിർമിച്ചിട്ടുണ്ട്.
എന്നാൽ പുനലൂരിൽ യാത്ര അവസാനിപ്പക്കുന്ന ട്രെയിനുകൾ ഉള്ള സ്ഥിതിക്ക് ഭാവിയിൽ പുനലൂരിൽ നിന്ന് ആരംഭിക്കേണ്ട മെമു സർവീസുകളുടെ സാധ്യതകളും പരിഗണിച്ച് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനോട് ചേർന്ന് യാത്രാ ട്രെയിനുകൾക്ക് ഒരു ട്രാക്ക് കൂടി നിർമിക്കണമെന്ന ആവശ്യം നിലനിൽക്കുകയാണ്.ദീർഘദൂര ട്രെയിനുകൾ അടക്കം പുനലൂർ വഴി കടന്നു പോകുമ്പോൾ കൂടുതൽ ട്രെയിൻ നിർത്തിയിടാൻ സ്ഥലമില്ലാത്ത സ്ഥിതിയാണ്. രണ്ടു പ്ലാറ്റ്ഫോമുകളാണ് ഉള്ളത്.സ്റ്റേഷന്റെ ബാക്കി സ്ഥലം പ്രയോജനപ്പെടുത്തിയാൽ റെയിൽവേയുമായി ബന്ധപ്പെട്ട അനുബന്ധ കെട്ടിടങ്ങൾ നിർമിക്കുന്നതിനും സൗകര്യം ഉണ്ടാകും. നിലവിൽ അമൃത് ഭാരത് പദ്ധതി പ്രകാരം നടന്നുവരുന്ന നിർമാണ പ്രവർത്തനങ്ങൾ ആറുമാസത്തിനുള്ളിൽ പൂർത്തിയായി കഴിഞ്ഞാൽ കൂടുതൽ അടിസ്ഥാന ഭൗതിക സാഹചര്യങ്ങൾ ഒരുക്കേണ്ടതുണ്ട്.