പുനലൂർ നഗരത്തിലെ ആകാശ നടപ്പാത: പ്രഖ്യാപനം വന്നിട്ട് 5 വർഷം; ഇതുവരെ തീരുമാനമായില്ല
Mail This Article
പുനലൂർ ∙ ദേശീയപാതയും മലയോര ഹൈവേയും സംഗമിക്കുന്ന പുനലൂർ കെഎസ്ആർടിസി മൈതാനിയിൽ ആകാശ നടപ്പാത നിർമിക്കുമെന്ന പ്രഖ്യാപനം വന്ന് 5 വർഷമായിട്ടും തുടർനടപടിയില്ല . ജനപ്രതിനിധികളും തലസ്ഥാനത്തെ സ്വകാര്യ ഏജൻസിയും സംസ്ഥാനതല പരിശോധന നടത്തിയതാണ്. കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് മലയോര ഹൈവേയും ദേശീയപാതയും കടന്ന് കച്ചേരി റോഡ് വരെ എത്തുന്ന തരത്തിലാണ് ആകാശ നടപ്പാത നിർമിക്കാൻ ലക്ഷ്യമിട്ടിരുന്നത്. മിനി സിവിൽ സ്റ്റേഷനും നഗരസഭാ കാര്യാലയവും താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയും അടക്കം ഒട്ടേറെ പ്രധാന സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് കടന്നു പോകുന്നത് കച്ചേരി റോഡ് വഴിയാണ്.
അഞ്ചൽ ഭാഗത്തു നിന്ന് സ്വകാര്യ ബസുകളിൽ എത്തുന്നവരും വെട്ടിപ്പുഴ ഭാഗത്ത് ഇറങ്ങി രണ്ട് റോഡുകളും കുറുകെ കടന്നുവേണം കച്ചേരി റോഡിലേക്ക് എത്തുവാൻ. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനാണ് പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. തിരക്കുള്ള ദിവസങ്ങളിൽ നഗരം ആകെ ഗതാഗത സ്തംഭനത്തിൽ ആവുകയും കാൽനടയാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയും ചെയ്യുകയാണ്. രാവിലെയും വൈകിട്ടും സ്കൂൾ വിദ്യാർഥികളെ കൊണ്ട് നിറയുമ്പോഴും ഇതേ പ്രശ്നമാണ് അഭിമുഖീകരിക്കേണ്ടിവരുന്നത്. അടിയന്തരമായി ബന്ധപ്പെട്ടവർ ഇടപെട്ട് കാൽനടയാത്രക്കാർക്ക് സുരക്ഷിതയാത്ര ഒരുക്കുന്നതിനുള്ള സംവിധാനം ക്രമീകരിക്കണമെന്നാണ് ആവശ്യം .