പുതുശേരിമുകളിലെ ഖനനം: വ്യാപക പ്രതിഷേധം
Mail This Article
ശാസ്താംകോട്ട ∙ സംരക്ഷിത പ്രദേശമായ ശാസ്താംകോട്ട തടാകതീരത്തെ പുതുശേരിമുകളിൽ അര ഏക്കർ സ്ഥലം ഖനനം നടത്തി 1703 ലോഡ് മണ്ണ് കടത്താൻ സർക്കാർ നൽകിയ അനുമതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പടിഞ്ഞാറേകല്ലട പഞ്ചായത്തിന് മുന്നിൽ യുഡിഎഫ് ജനപ്രതിനിധികൾ ധർണ നടത്തി. സ്വകാര്യ വ്യക്തിക്ക് വീട് നിർമിക്കാനെന്ന പേരിൽ പഞ്ചായത്ത് അധികൃതർ നൽകിയ പെർമിറ്റ് മറയാക്കിയാണ് മാഫിയകൾ രംഗത്തെത്തിയത്. അധികൃതരുടെ ഒത്താശയോടെ മാഫിയകൾ നടത്തിയ മണ്ണെടുപ്പും ചെളിയെടുപ്പും കാരണം പടിഞ്ഞാറേകല്ലട ഗ്രാമം കുളംതോണ്ടിയ നിലയിലാണ്.
ജനകീയ പ്രക്ഷോഭങ്ങളെ തുടർന്നു പിൻവാങ്ങിയ മാഫിയകളെ തിരികെ എത്തിക്കാനുള്ള നീക്കം ചെറുക്കണമെന്നും പഞ്ചായത്ത് നൽകിയ പെർമിറ്റ് റദ്ദാക്കണമെന്നും മണ്ണെടുക്കാൻ അനുവദിക്കില്ലെന്നും നേതാക്കൾ പറഞ്ഞു. ശാസ്താംകോട്ട തടാക സംരക്ഷണ സമിതി വൈസ് ചെയർമാൻ തുണ്ടിൽ നൗഷാദ് ധർണ ഉദ്ഘാടനം ചെയ്തു. പാർലമെന്ററി പാർട്ടി ലീഡർ ബി.തൃദീപ് കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വൈ.ഷാജഹാൻ, പഞ്ചായത്തംഗങ്ങളായ എൻ.ശിവാനന്ദൻ, ആർ.റെജില, ലൈല സമദ്, നേതാക്കളായ ഉല്ലാസ് കോവൂർ, കടപുഴ മാധവൻ പിള്ള, സുരേഷ് ചന്ദ്രൻ, സുഭാഷ് കല്ലട, സുബ്രഹ്മണ്യൻ, കിഷോർ, മോഹനൻ, പോൾസ്റ്റഫ്, റെജില ബീഗം, ഉണ്ണിക്കൃഷ്ണൻ, സെബാസ്റ്റ്യൻ, സാബിൻ എന്നിവർ പ്രസംഗിച്ചു.
പ്രക്ഷോഭം തുടങ്ങും: ആർവൈഎഫ്
പടിഞ്ഞാറേകല്ലട ∙ ഖനന പ്രവർത്തനങ്ങൾ തടഞ്ഞുള്ള ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് നിലനിൽക്കുന്ന ശാസ്താംകോട്ട തടാക തീരത്തു നിന്നും മണ്ണെടുക്കാനുള്ള ഭരണ- ഉദ്യോഗസ്ഥ-മാഫിയാ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഏത് നീക്കത്തെയും തടയുമെന്നു ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ.സകല മാനദണ്ഡങ്ങളും ലംഘിച്ചാണ് ജിയോളജിസ്റ്റ് ഖനനത്തിനു അനുമതി നൽകിയതെന്നും മാഫിയ സംഘത്തിനെതിരെ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു
‘അന്വേഷണം നടത്തണം’
ശാസ്താംകോട്ട ∙ ശുദ്ധജല തടാക തീരത്തു നിന്നും വ്യാപകമായി മണ്ണെടുക്കാൻ നിയമ വിരുദ്ധമായി അനുമതി നൽകിയ ജില്ലാ ജിയോളജിസ്റ്റിനെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.നിർമാണ പ്രവർത്തനം നിരോധിച്ച സ്ഥലത്ത് വീട് നിർമാണത്തിന് അനുമതി നൽകിയതും അന്വേഷണ വിധേയമാക്കണം. സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഇടത്തറ ഷാജഹാൻ അധ്യക്ഷത വഹിച്ചു. കെ.പി.ചന്ദ്രൻ, തോമസ് വൈദ്യൻ, ബി.കൃഷ്ണകുമാർ, ശ്രീരാജ് ചിറ്റക്കാട്ട് എന്നിവർ പ്രസംഗിച്ചു.
വീട് നിർമാണം: പെർമിറ്റ് പഞ്ചായത്ത് റദ്ദാക്കി
പടിഞ്ഞാറേകല്ലട ∙ പുതുശേരിമുകളിൽ സ്വകാര്യ വ്യക്തിക്ക് വീട് നിർമാണത്തിനു നൽകിയ പെർമിറ്റ് പടിഞ്ഞാറേകല്ലട പഞ്ചായത്ത് റദ്ദാക്കി. പെർമിറ്റ് നൽകി ഒരു വർഷത്തിലേറെ കഴിഞ്ഞിട്ടും വീട് നിർമാണം തുടങ്ങിയിരുന്നില്ല. ഇവിടെ മണ്ണെടുപ്പിന് നൽകിയ അനുമതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് നിവേദനം നൽകിയെന്നും ജിയോളജിസ്റ്റിനെ നേരിൽക്കണ്ടു വസ്തുതകൾ ബോധ്യപ്പെടുത്തിയെന്നും പഞ്ചായത്ത് പ്രസിഡന്റ് സി.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. വൈസ് പ്രസിഡന്റ് എൽ.സുധ, സ്ഥിരസമിതി അധ്യക്ഷരായ കെ.സുധീർ, ജെ.അംബിക കുമാരി, പഞ്ചായത്തംഗങ്ങളായ ഷീലാകുമാരി, സിന്ധു എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.