ശങ്കരമംഗലത്ത് പുറമ്പോക്കിലെ കടകൾ ഒഴിപ്പിച്ചു
Mail This Article
ചവറ∙ ശങ്കരമംഗലത്ത് സിവിൽ സ്റ്റേഷനു സമീപം സർക്കാർ പുറമ്പോക്ക് ഭൂമിയിലെ കടകൾ ഒഴിപ്പിച്ചു. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടു കോടതി നടപടികൾ അവസാനിച്ചതോടെ ഇന്നലെ കരുനാഗപ്പള്ളി തഹസിൽദാർ പി.ഷിബുവിന്റെ നേതൃത്വത്തിലുള്ള റവന്യു സംഘം പൊലീസ് സഹായത്തോടെ മുഴുവൻ സ്ഥാപനങ്ങളും പൊളിച്ചു നീക്കാൻ എത്തി.എന്നാൽ ഒഴിഞ്ഞു പോകാൻ തയാറാണെന്ന് പറഞ്ഞതോടെ താൽക്കാലിക ഷെഡുകൾ ഉടമകൾ തന്നെ പൊളിച്ചു നീക്കാൻ തഹസിൽദാർ പി.ഷിബു നിർദേശം നൽകി. ഇതനുസരിച്ചു ഹോട്ടലുകൾ ഉൾപ്പെടെ ഏഴു സ്ഥാപനങ്ങളും നീക്കം ചെയ്തു. 2014 മുതൽ റവന്യു പുറമ്പോക്ക് ഭൂമി ഒഴിപ്പിക്കാൻ ശ്രമം നടത്തിവരികയാണ്. കടയുടമകൾ കോടതിയിൽ പോയതോടെ നീളുകയായിരുന്നു. ഓണത്തിനു മുൻപ് പൊളിച്ച് നീക്കാൻ എത്തിയ റവന്യു കോൺഗ്രസ് തടഞ്ഞിരുന്നു.
ഓണം വരെ സമയം നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ കടയുടമകൾ വീണ്ടും കോടതിയിൽ പോയതോടെ ഒഴിപ്പിക്കൽ നീണ്ടു. കഴിഞ്ഞ ദിവസം കോടതി കേസ് തള്ളിയതോടെയാണ് ഇന്നലെ മുഴുവൻ കയ്യേറ്റവും ഒഴിപ്പിച്ചത്. 6 സെന്റ് വസ്തുവാണ് ഇവിടെ ഉണ്ടായിരുന്നത്. 30 വർഷത്തിലധികമായി കച്ചവടം നടത്തി വന്നവരാണ് ഇന്നലെ സ്വയം ഒഴിഞ്ഞത്.കുറെ കുടുംബങ്ങളുടെ ജീവിത മാർഗമായിരുന്നു സ്ഥാപനങ്ങൾ. ഇവരുടെ പുനരധിവാസം ഉറപ്പാക്കണമെന്നാവശ്യവും ഉയരുന്നുണ്ട്. ഭൂരേഖ തഹസിൽദാർ ആർ.സുശീല, ഡപ്യൂട്ടി തഹസിൽദാർമാരായ എ.ആർ.അനീഷ്, സജീവ്, സാദത്ത്, അരുൺലാൽ, പന്മന വില്ലേജ് ഓഫിസർ സി.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.