പ്രസിഡന്റ്സ് ട്രോഫി ജലോത്സവം: കായിക മത്സരങ്ങൾക്ക് തുടക്കം
Mail This Article
കൊല്ലം∙ അഷ്ടമുടിക്കായലിൽ 21ന് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെയും ചാംപ്യൻസ് ബോട്ട് ലീഗ് ഫൈനൽ മത്സരത്തിനും മുന്നോടിയായി കായിക മത്സരങ്ങൾ ആരംഭിച്ചു. കലാപരിപാടികൾ നാളെ ആരംഭിക്കും. വള്ളങ്ങളുടെ റജിസ്ട്രേഷൻ പുരോഗമിക്കുന്നു.വനിതകളുടെ കബഡി മത്സരത്തോടെയാണ് തുടക്കം. മേയർ പ്രസന്ന ഏണസ്റ്റിന്റെ ടീമും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊല്ലം ടീമും തമ്മിൽ നടന്ന ആദ്യമത്സരത്തിൽ മേയറുടെ ടീം വിജയിച്ചു. രണ്ടാം മത്സരം കലക്ടറുടെ ടീമും ജില്ലാ സ്പോർട്സ് കൗൺസിൽ ടീമും തമ്മിലായിരുന്നു. മേയർ പ്രസന്ന ഏണസ്റ്റ് പ്രദർശനം മത്സരം ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. എണസ്റ്റ് അധ്യക്ഷത വഹിച്ചു. എഡിഎം നിർമൽ കുമാർ, സ്പോർട്സ് കമ്മിറ്റി കൺവീനർ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഇന്ന് ചിന്നക്കട ബസ് ബേയിൽ വനിതകൾക്കും പുരുഷന്മാർക്കുമുള്ള ബോക്സിങ്, കരാട്ടെ മത്സരങ്ങൾ നടക്കും. നാളെയും മറ്റന്നാളും ആശ്രാമം മൈതാനത്ത് എംപി, എംഎൽഎ, കലക്ടർ എന്നിവരുടെ ടീമും കൊല്ലം പ്രസ് ക്ലബ്, സ്പോർട്സ് കൗൺസിൽ എന്നീ ടീമുകൾ പങ്കെടുക്കുന്ന ടീമുകൾ പങ്കെടുക്കുന്ന ഫുട്ബോൾ മത്സരം. 20ന് വടം വലി മത്സരവും ബീച്ചിൽ പട്ടം പറത്തലും.കെഎസ്ആർടിസി ഡിപ്പോയ്ക്ക് എതിർവശത്തുള്ള സംഘാടക സമിതി ഓഫിസ് അങ്കണത്തിലാണ് കലാ പരിപാടികൾ. നാളെ 5നു സാംസ്കാരിക സമ്മേളനം എം.മുകേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. തുടർന്ന് ജില്ലാ പ്ലാനിങ് ഓഫിസ് ഉദ്യോഗസ്ഥരുടെ കലാപരിപാടികൾ. 7ന് പള്ളിമൺ ദേവൻ കലാഗ്രാമത്തിന്റെ ദൃശ്യാവിഷ്കാരം. 19ന് എസ്എൻ കോളജ് യൂണിയന്റെ അരങ്ങ് കലാപരിപാടി. 7ന് ഗാനമേള. 20ന് 6.30ന് നാടകം. വള്ളങ്ങളുടെ റജിസ്ട്രേഷൻ തുടരുന്നു. 19നു പൂർത്തിയാകും.