അഷ്ടമുടിക്കായലിൽ 30 ലക്ഷം ‘പൂവൻ കക്ക’ നിക്ഷേപിച്ചു
Mail This Article
കൊല്ലം ∙ അഷ്ടമുടിക്കായലിലെ പൂവൻ കക്കയുടെ ഉൽപാദനം കുറയുന്നതിന് പരിഹാര പദ്ധതിയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). പുനരുജ്ജീവനം ലക്ഷ്യമിട്ട് കായലിൽ 30 ലക്ഷം കക്ക വിത്തുകളാണ് നിക്ഷേപിച്ചത്.സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം കേന്ദ്രത്തിലെ ഹാച്ചറിയിൽ കൃത്രിമ പ്രജനന സാങ്കേതികവിദ്യയിലൂടെയാണ് ഇവ ഉൽപാദിപ്പിച്ചത്. മത്സ്യത്തൊഴിലാളികൾക്കും വിദേശ കയറ്റുമതി വ്യാപാരത്തിനും ഗുണകരമാകുന്നതാണ് പദ്ധതി. ബിഷപ് തുരുത്ത്, വളം അൻസിൽ തുരുത്ത് എന്നിവിടങ്ങിലാണ് പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന ബ്ലൂ ഗ്രോത്ത് പദ്ധതിയുടെ ഭാഗമായി വിത്തുകൾ നിക്ഷേപിച്ചത്. ഒരു വർഷം നീണ്ട ഗവേഷണത്തിലൂടെ സിഎംഎഫ്ആർഐ പൂവൻ കക്കയുടെ വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിച്ചതാണ് പുനരുജ്ജീവന പദ്ധതിക്ക് വഴിയൊരുക്കിയത്.
പരിസ്ഥിതി മലിനീകരണം, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ എന്നിവയാകാം കക്ക കുറയാനുള്ള കാരണങ്ങളെന്നാണ് സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്. മികച്ച കയറ്റുമതി സാധ്യതയുള്ളതാണ് അഷ്ടമുടി കക്ക. കല്ലുമ്മക്കായ വിത്തുൽപാദനത്തിനുള്ള ഹാച്ചറി സംവിധാനവും ഫിഷറീസ് സെക്രട്ടറി ഉദ്ഘാടനം ചെയ്തു. സുസ്ഥിര മത്സ്യകൃഷി രീതികൾ വർധിപ്പിക്കുന്നതിനും ഉയർന്ന ഗുണമേന്മയുള്ള വിത്തുകൾ കർഷകർക്ക് ലഭ്യമാക്കുകയുമാണ് ഹാച്ചറിയുടെ ലക്ഷ്യം. കല്ലുമ്മക്കായ വിത്തുകൾ കർഷകർക്ക് കൈമാറി.സിഎംഎഫ്ആർഐ വിഴിഞ്ഞം പ്രാദേശിക കേന്ദ്രം മേധാവി ഡോ. ബി. സന്തോഷ്, പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ ഡോ.എം.കെ അനിൽ, ഡോ. ഇമെൽഡ ജോസഫ്, ജോയിന്റ് ഫിഷറീസ് ഡയറക്ടർ എച്ച്. സാലിം, ഡപ്യൂട്ടി ഫിഷറീസ് ഡയറക്ടർ രമേഷ് ശശിധരൻ, സിഎംഎഫ്ആർഐ മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കെ. കെ അപ്പുക്കുട്ടൻ, ഡോ. പി. ഗോമതി എന്നിവർ പ്രസംഗിച്ചു.