ADVERTISEMENT

കൊല്ലം∙ തോട്ടിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ ജനങ്ങൾക്ക് വലിയ തലവേദനയാകുന്നു. കൊല്ലം പട്ടണത്തിലെ ഹൃദയ ഭാഗത്തു ‌സ്ഥിതി ചെയ്യുന്ന പുള്ളിക്കട നഗറിനു മധ്യേ ഒഴുകുന്ന തോട്ടിലേക്ക് പല ഇടങ്ങളിൽ നിന്നായി തള്ളുന്ന ശുചിമുറിയിലെ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നഗറിനു സമീപം കെട്ടിക്കിടക്കുന്നതാണു പ്രശ്നം. തോട്ടിൽ കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികളും ശുചിമുറി മാലിന്യങ്ങളും കായലിൽ വീഴാതിരിക്കാനായി അധികൃതർ കാണിച്ച കരുതലും ജാഗ്രതയും പക്ഷേ പാവപ്പെട്ട ജനങ്ങളോട് കാണിക്കുന്നില്ലെന്നാണ് ആക്ഷേപം. കിലോമീറ്ററുകൾക്ക് അകലെ മണിച്ചിത്തോട്ടിൽ നിന്നും ആരംഭിച്ച് കടപ്പാക്കട, ശങ്കേഴ്സ് വഴി ഒഴുകി പുള്ളിക്കട നഗറിൽ എത്തി ലിങ്ക് റോഡിന് അടിയിലൂടെ അഷ്ടമുടിക്കായലിലേക്കാണ് തോട് പതിക്കുന്നത്. 

 കായലിനോട് ചേർന്ന ഭാഗത്ത് ഇരുമ്പ് നെറ്റ്‌വച്ച് തോട് അടച്ചതോടെ തോട്ടിലെ വെള്ളം മാത്രമാണ് കായലിലേക്ക് ഒഴുകിപ്പോകുന്നത്. തോട്ടിലേക്ക് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും മറ്റ് മാലിന്യങ്ങളും മാസങ്ങളായി പുള്ളിക്കട നഗർ ഭാഗത്ത് കെട്ടിക്കിടക്കുകയാണ്. ഇതിനൊപ്പം രാത്രിയുടെ മറവിൽ വാഹനത്തിൽ കൊണ്ടു വന്നു തള്ളുന്ന ശുചിമുറി മാലിന്യവും മറ്റ് മാലിന്യങ്ങൾക്ക് മുകളിൽ കെട്ടിക്കിടക്കുന്നു. നഗർ പരിസരത്തു നിന്നും ഏകദേശം 250 മീറ്റർ ദൂരത്തിലാണ് മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത്.കടുത്ത ദുർഗന്ധം മൂലം വീട്ടുകാർക്ക് ഭക്ഷണം കഴിക്കാനോ എന്തിന് വെള്ളം പോലും കുടിക്കാൻ കഴിയില്ല.

പകർച്ചവ്യാധികളും ത്വക് രോഗങ്ങളും പിടിപെടാനും സാധ്യതയുണ്ട്. പുള്ളിക്കട നഗർ പരിസരത്ത് നേരത്തേ ഉണ്ടായിരുന്ന ഒ‍ാടയ്ക്കു പുറമേ പുതിയ രണ്ട് ഒ‍ാടകൾ കൂടി നിർമിച്ചിട്ടുണ്ട്. അതിൽ ഒരു ഒ‍ാടയുടെ നിർമാണം എട്ട് മാസമായിട്ടും പൂർത്തിയായില്ല. അതേ സമയം പുതുതായി നിർമിച്ച ഒ‍ാടകൾ കോളനി വാസികൾക്കു വേണ്ടിയല്ല എന്ന ആക്ഷേപം നേരത്തേ ഉയർന്നിരുന്നു. നിർമാണം നീണ്ടു പോകുന്നതിനാൽ ഒ‍ാടകളുടെ മേൽമൂടി അടച്ചിട്ടില്ല. എല്ലാ മാലിന്യങ്ങളും തോട് വഴി ഒഴുകി തങ്ങളുടെ വീട്ടുമുറ്റത്തും പരിസരത്തും കെട്ടിക്കിടക്കുന്നു എന്നാണ് പ്രദേശ വാസികൾ പറയുന്നത്. കോർപറേഷൻ അടിയന്തരമായി തോട്ടിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നാണു ആവശ്യം.

‘മാലിന്യംതള്ളാൻ പ്രത്യേക സൗകര്യമൊരുക്കുന്നതിന് സംഘങ്ങൾ പ്രവർത്തിക്കുന്നു’
കൊല്ലം∙പുള്ളിക്കട നഗർ വഴി ഒഴുകുന്ന തോട്ടിലേക്ക് ശുചിമുറി മാലിന്യം തള്ളുന്ന പ്രധാന ഇടമാണ് ശാന്തി നഗർ റോഡ്. രാത്രിയുടെ മറവിലാണ് ഇവിടെ മാലിന്യവുമായി ലോറികൾ എത്തുന്നത്. പ്രദേശവാസികളുടെയും പൊലീസിന്റെയും സാന്നിധ്യം ഇല്ലായെന്ന് ഉറപ്പു വരുത്താനായി മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങൾക്ക് സുരക്ഷിതമായി എത്തിക്കാൻ പ്രത്യേക നിരീക്ഷണ സംഘങ്ങളും ഇവർക്കായി പ്രവർത്തിക്കുന്നുണ്ട്. ആശ്രാമം ലിങ്ക് റോഡ്, ആശ്രാമം മൈതാനം, ചിന്നക്കട ഭാഗത്ത് ഇവർ നിലയുറപ്പിക്കും. ഇവരുടെ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മാലിന്യവുമായി ലോറികൾ തോടിന് സമീപത്തേക്ക് എത്തുന്നത്. നിമിഷനേരം കൊണ്ട് മാലിന്യം തോട്ടിലേക്കു തള്ളി രക്ഷപ്പെടും. കഴിഞ്ഞ മാസം പക്ഷേ ഇവരുടെ കണക്കുകൂട്ടലുകൾ തെറ്റി. പൊലീസ് നിരീക്ഷണ സംഘം അപ്രതീക്ഷിതമായി ഇവിടെ എത്തി. പിടി വീഴുമെന്ന് ഉറപ്പായതോടെ ലോറി അമിത വേഗത്തിൽ ഒ‍ാടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പരിസരത്തെ വീടിന്റെ ഗേറ്റും മതിലും തകർത്തു. ഒടുവിൽ വാഹനം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാലിന്യം തള്ളാൻ എത്തിയവർക്ക് എതിരെ കേസെടുക്കുകയും ചെയ്തു. അതിനു ശേഷം ഏറെ നാൾ മാലിന്യം തള്ളുന്നതിന് കുറവുണ്ടായിരുന്നു. എന്നാൽ വീണ്ടും എല്ലാം പഴയപടിയായി.

English Summary:

Pullakad canal pollution threatens Kollam residents. Accumulated waste and sewage are causing severe health hazards, demanding immediate intervention from the authorities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com