തെന്മല അതിർത്തി വനമേഖലകളിലെ ജനവാസ മേഖലയിൽ കാട്ടാനശല്യം രൂക്ഷം
Mail This Article
തെന്മല∙ അതിർത്തി വനമേഖലകളിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകളുടെ വിളയാട്ടത്തിന് അറുതിയില്ല. പുലിഭഈഷണിയിൽ വെട്ടിലാകുന്നതു ക്ഷീരകർഷകരാണ്. കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതോടെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണു കർഷകർ. പശു അടക്കമുള്ള വളർത്തു മൃഗങ്ങളെ പുലി പിടിക്കുന്ന പതിവു തുടരുന്നതോടെ രാത്രിയിൽ പുറത്തിറങ്ങാനാകാതെയായി നാട്ടുകാർ.കഴിഞ്ഞ 12ന് നാഗമല മാമ്പഴത്തറയിൽ പണ്ടാരവിള വീട്ടിൽ സത്യശീലന്റെ പശുക്കുട്ടിയെയാണ് ഒടുവിൽ പുലി കൊന്നത്. കാട്ടാനകൾ കൃഷി നശിപ്പിക്കുമ്പോൾ സഹായം തേടുന്ന നാട്ടുകാരെ വനംവകുപ്പ് കയ്യൊഴിയുന്നതായും പരാതിയുണ്ട്.
വീടുകളോടു ചേർന്നും കൃഷിയിടത്തിലും കാട്ടാനകൾ കടന്നിട്ടുണ്ടെന്നും സഹായം വേണമെന്നും ആവശ്യപ്പെട്ടാൽ കല്ലെറിഞ്ഞ് ഒാടിക്കാനാണു വനപാലകരുടെ മറുപടിയെന്നും ആക്ഷേപമുണ്ട്. ഇടപ്പാളയം ആറുമുറിക്കട റെയിൽവേ സ്റ്റേഷൻ ഭാഗങ്ങളിലായിരുന്നു ഇന്നലെ കാട്ടാനകളുടെ വിളയാട്ടം. കൃഷിയിടങ്ങളിൽ വ്യാപക നാശം വരുത്തിയായിരുന്നു മടക്കം. രാത്രിയായാൽ വീണ്ടും കാടിറങ്ങും. കഴിഞ്ഞ 11നു കഴുതുരുട്ടി ഫ്ലോറൻസ് ഒൻപതേക്കർ മലഞ്ചരുവിൽ കാട്ടാനയിറങ്ങി വ്യാപക നാശം വരുത്തിയിരുന്നു. കഴിഞ്ഞ 2 വർഷമായി കാട്ടാനശല്യം അതിർത്തി മേഖലയിൽ രൂക്ഷമായി തുടരുകയാണ്.
ഒക്ടോബർ 19ന് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന ആര്യങ്കാവ് ചേനഗിരി 8 ഏക്കർ പത്മ വിലാസത്തിൽ തങ്കയ്യ (65) കഴിഞ്ഞ 6നു മരിച്ചിരുന്നു.ചികിത്സയ്ക്കായി 50,000 രൂപയും മരണശേഷം 5 ലക്ഷം രൂപയും ആശ്രിതർക്കു വനംവകുപ്പ് കൈമാറിയിരുന്നു. മനുഷ്യ വന്യജീവി സംഘർഷവും വന്യമൃഗശല്യവും രൂക്ഷമായതോടെ പരിഹാരം കാണാനായി തെന്മലയിൽ ദ്രുതകർമസേനയെ (ആർആർടി) നിയോഗിച്ചിട്ടുണ്ട്. വന്യമൃഗങ്ങളുടെ ശല്യം ശ്രദ്ധയിൽപ്പെടുത്തിയാൽ ഉടൻ സഹായത്തിനെത്തേണ്ട ചുമതലയാണ് ആർആർടിയ്ക്ക്. ഫോൺ: 8547601087.