ദേശീയപാത വികസനം: ഇടറോഡുകൾ സഞ്ചാരയോഗ്യമല്ല; വഴിയില്ലാതാക്കി വഴിപ്പണി
Mail This Article
ചാത്തന്നൂർ ∙ ദേശീയപാത വികസനത്തെ തുടർന്നു ചാത്തന്നൂർ ജംക്‌ഷനിൽ ഒരു കിലോമീറ്ററിനുള്ളിൽ പത്തിലേറെ ഇടറോഡുകൾ സഞ്ചാരയോഗ്യമല്ലാതായി. ഇടറോഡുകൾ ദേശീയപാതയുമായി ചേരുന്ന ഭാഗങ്ങളിലെ വലിയ തോതിലുള്ള ഉയരവ്യത്യാസവും റോഡിന്റെ തകർച്ചയും നിരന്തരം അപകടം സൃഷ്ടിക്കുകയാണ്.ഒരു വർഷത്തിലേറെയായി ആയിരക്കണക്കിനു യാത്രക്കാരെ വലച്ചിട്ടും റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിന് കരാർ കമ്പനിയും എൻഎച്ച് അധികൃതരും അലംഭാവം പുലർത്തുന്നു ചാത്തന്നൂർ ഗാന്ധി സ്മാരകം മുതൽ സ്റ്റാൻഡേഡ് ജംക്‌ഷൻ വരെ ദേശീയപാതയുടെ തെക്കുഭാഗത്തെ ഇടറോഡുകൾ വളരെ താഴ്ചയിലാണ്. സർവീസ് റോഡ് ഉയർന്നതോടെ ഇട റോഡുകളിൽ നിന്നും ദേശീയപാതയിലേക്കു പ്രവേശിക്കുക വളരെ ബുദ്ധിമുട്ടാണ്.
സർവീസ് റോഡും ഇടറോഡും ചേരുന്ന ഭാഗങ്ങളിൽ കരമണ്ണും മെറ്റലും നിക്ഷേപിച്ചു. ഇതോടെ കുത്തനെയുള്ള കയറ്റവും ഇറക്കവുമായി മാറി. നീളത്തിൽ മണ്ണ് നിക്ഷേപിച്ചിരുന്നെങ്കിൽ കുത്തനെയുള്ള കയറ്റം ഒഴിവാകുമായിരുന്നു. ലോഡുമായി എത്തുന്ന വാഹനങ്ങൾ കുത്തനെയുള്ള കയറ്റത്തിനിടെ പകുതിയിൽ എത്തുമ്പോൾ പിന്നിലേക്കു മറിഞ്ഞു അപകടങ്ങൾ സംഭവിക്കുന്നുണ്ട്. ചാത്തന്നൂർ പഞ്ചായത്തിന്റെ മുന്നിലെ റോഡ് പോലും സഞ്ചാരയോഗ്യമല്ല. ഗാന്ധിസ്മാരക റോഡ്, സീതാറാം ജംക്‌ഷൻ, ചാത്തന്നൂർ- ചിറക്കര റോഡ്, പഞ്ചായത്ത് റോഡ്, ജില്ലാ സഹകരണ ബാങ്കിന് എതിർവശം, സിപിഎം ഓഫിസിനു സമീപം, പെട്രോൾ പമ്പിന് എതിർവശം, പോസ്റ്റ് ഓഫിസ് ജംക്ഷൻ, കുടുക്കറപണ, സ്റ്റാൻഡേർഡ് ജംക്‌ഷൻ എന്നീ റോഡുകൾ ദേശീയപാതയുമായി ചേരുന്നഭാഗത്തെ യാത്രയും ദയനീയമാണ്.