രൂപയുടെ മൂല്യത്തകർച്ച; കശുവണ്ടി മേഖലയിൽ പ്രതിസന്ധി രൂക്ഷം
Mail This Article
കൊല്ലം ∙ ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച കശുവണ്ടി മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കിയതിനാൽ ഫാക്ടറികളെല്ലാം താൽക്കാലികമായി അടച്ചിടേണ്ടി വരുന്ന സാഹചര്യമാണെന്ന് കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ്.ജയമോഹൻ. രൂപയുടെ മൂല്യത്തകർച്ച കശുവണ്ടി മേഖലയിൽ ഉൽപാദന ചെലവ് വർധിപ്പിച്ചിരിക്കുകയാണ്. 10 വർഷത്തിന് മുൻപ് അമേരിക്കൻ ഡോളറിന്റെ മൂല്യം 62.33 രൂപയായിരുന്നു. ഇന്നത്തെ മൂല്യം 85.76 രൂപയാണ്. 1000 മെട്രിക് ടൺ ടാൻസാനിയൻ തോട്ടണ്ടിക്ക് 2014 വർഷത്തിൽ 1,507 ഡോളർ ആയിരുന്ന (9.40 കോടി രൂപ) വില നിലവിൽ 2043 ഡോളറാണ്. ഇത് നിലവിലെ ഡോളർ മൂല്യത്തിൽ വാങ്ങിയാൽ 17.52 കോടി രൂപയാകും. ഇത് മൂലം ഏകദേശം 8.12 കോടി രൂപയുടെ നഷ്ടം ഉണ്ടാവും.
കാഷ്യൂ കോർപറേഷന് പ്രതിവർഷം 10000 മെട്രിക് ടൺ തോട്ടണ്ടി വാങ്ങേണ്ടി വരുന്നതിനാൽ ഏകദേശം 81.20 കോടി രൂപ അധികമാകും. കൂടാതെ തൊഴിലാളികളുടെ വേതനം 2014 വർഷത്തെ അപേക്ഷിച്ച് നിലവിൽ ഇരട്ടിയാണ് നൽകുന്നത്. പരിപ്പിന് വില ഇടിയുകയും നിലവാരം കുറഞ്ഞ പരിപ്പ് കുറഞ്ഞ വിലയിൽ ഇറക്കുമതി ചെയ്യുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നയമാണ് കശുവണ്ടി വ്യവസായത്തെ പ്രതിസന്ധിയിലായത്.
2024 വർഷത്തിൽ പ്രതിസന്ധി നിലനിൽക്കുമ്പോഴും കോർപറേഷന്റെ നഷ്ടത്തിന്റെ തോത് വളരെ കുറയുകയും ചെറിയ ലാഭത്തിലേക്കെത്താൻ സാധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ സഹായമില്ലാതെ കശുവണ്ടി വ്യവസായത്തിന് നിലനിൽക്കാനാകില്ല. സംസ്ഥാന സർക്കാർ തോട്ടണ്ടി വാങ്ങാൻ കാഷ്യൂ ബോർഡിന് ഏകദേശം 40 കോടി രൂപയോളം ധനസഹായം നൽകിയാണ് കോർപറേഷനും കാപ്പെക്സും പ്രവർത്തിച്ചുവരുന്നത്. കേന്ദ്രസർക്കാരിൽ നിന്ന് ഒരു പുനരുദ്ധാരണ പാക്കേജും ഇതുവരെ കശുവണ്ടി മേഖലയ്ക്ക് ലഭിച്ചിട്ടില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകൾ കശുവണ്ടി മേഖലയ്ക്ക് പ്രത്യേകമായി പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കണമെന്നും എസ്.ജയമോഹൻ ആവശ്യപ്പെട്ടു.