വാഹന വാടക നൽകിയിട്ട് 4 മാസം; റേഷൻ വിതരണത്തിൽ പ്രതിസന്ധി
Mail This Article
കൊല്ലം ∙ വാതിൽപടി വിതരണത്തിന്റെ ഭാഗമായി റേഷൻ സാധനങ്ങൾ കടകളിൽ എത്തിക്കുന്ന വാഹനങ്ങളുടെ വാടക 4 മാസം കുടിശിക ആയതോടെ റേഷൻ വിതരണം താളം തെറ്റുന്നു. ഓരോ മാസവും ആദ്യ ആഴ്ചയിൽ റേഷൻ കടകളിൽ എത്തേണ്ട സാധനങ്ങൾ വൈകിയാണ് എത്തുന്നത്. ജില്ലയിൽ ഇന്നലെയാണ് ലൈസൻസികൾക്കുള്ള റേഷൻ വിതരണം പൂർത്തിയായത്.
ഗോഡൗണുകളിൽ നിന്നു റേഷൻ കടകളിൽ സാധനങ്ങൾ എത്തിക്കുന്നതിന് ഓരോ താലൂക്കിലും കരാർ നൽകിയിരിക്കുകയാണ്. ഇവർക്ക് 4 മാസമായി പണം നൽകുന്നില്ല. കരാർ പ്രകാരം ലഭിക്കേണ്ട തുകയുടെ 90% ആണ് അടുത്ത മാസം നൽകാറുള്ളത്. 10% തുക ഓഡിറ്റിനു ശേഷം നൽകുമെന്നാണു കരാർ. എന്നാൽ ഓഡിറ്റിങ് അകാരണമായി നീട്ടിക്കൊണ്ടു പോകുന്നതിനാൽ, ഈ ഇനത്തിൽ 8 മാസത്തെ പണം ലഭിക്കാനുണ്ട്. ഇതിനു പുറമേയാണ് നാലു മാസമായി ഒരു രൂപ പോലും നൽകാത്തത്.
കൊല്ലം താലൂക്കിൽ 430 റേഷൻ കടകൾക്ക് പരവൂർ, കിളികൊല്ലൂർ, കൊല്ലം എന്നീ ഗോഡൗണുകളിൽ നിന്നാണ് റേഷൻ സാധനങ്ങളുടെ വിതരണം. കരാറുകാരന് ഒരു മാസം 30 ലക്ഷം രൂപയാണ് നൽകേണ്ടത്. താലൂക്കിൽ മാത്രം ഒരു കോടിയിലധികം രൂപ കുടിശിക ആയതോടെ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ പോലും ബുദ്ധിമുട്ടുകയാണ്. ഈ മാസം 5നു തുടങ്ങേണ്ടിയിരുന്ന റേഷൻ വിതരണം 13നാണ് താലൂക്കിൽ ആരംഭിച്ചത്. മറ്റു താലൂക്കുകളിലും സമാന അവസ്ഥയാണ്. പല റേഷൻ കടകളിലും സ്റ്റോക്ക് ഉണ്ടായിരുന്നതിനാലാണ് ഏതാനും കാർഡ് ഉടമകൾക്ക് വിതരണം ചെയ്യാനായത്.