ADVERTISEMENT

കൊല്ലം ∙ റവന്യു വകുപ്പുമായി ബന്ധപ്പെട്ട് നവകേരള സദസ്സിലും അദാലത്തുകളിലുമായി നൽകിയ പരാതിയിൽ കാര്യക്ഷമമായ നടപടികൾ ഉണ്ടാവുന്നില്ലെന്ന് ആക്ഷേപം. ബന്ധപ്പെട്ട അധികൃതർ പരാതികൾ പരിഗണിക്കുക പോലും ചെയ്യുന്നില്ലെന്നും ഓഫിസ് കയറിയിറങ്ങി ജനം മടുത്തുവെന്നുമാണ് ആരോപണം.

ആർഡിഒ ഓഫിസിൽ ഉൾപ്പെടെ പരാതികൾ കെട്ടിക്കിടക്കുകയാണെന്നും ആരോപണമുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നവകേരള സദസ്സ് ജില്ലയിൽ നടന്നിട്ട് ഇപ്പോൾ ഒരു വർഷമാവുകയും മന്ത്രിമാരുടെ നേതൃത്വത്തിലുള്ള കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകൾ വരുന്ന 31 മുതൽ ജില്ലയിൽ ആരംഭിക്കാനിരിക്കെയാണ് ഇത്തരം പരാതികൾ ഉയരുന്നത്. 

അതേ സമയം ഭൂമി സംബന്ധമായ വിഷയങ്ങളായ പട്ടയം, തരംമാറ്റം തുടങ്ങിയവ നവകേരള സദസ്സിലോ വരാൻ പോകുന്ന താലൂക്ക്തല അദാലത്തിലോ പരിഗണിക്കുന്നില്ല. എങ്കിലും ജനങ്ങൾ ഇത്തരം പരാതികളും നൽകുന്നുണ്ട്. അവ പ്രത്യേകമായി പരിഗണിക്കാൻ നിർദേശം ഇല്ലാത്തതിനാൽ സാധിക്കില്ലെന്നും മറ്റ് റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

നവകേരള സദസ്സിൽ ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട പരാതികളിലും മറ്റും ഇത് പ്രത്യേകമായി പരിഗണിക്കാൻ സാധിക്കില്ലെന്നുള്ള മറുപടിയാണ് വകുപ്പ് നൽകിയിരുന്നത്. എന്നാൽ മറ്റു പരാതികളിൽ പരാതിക്കാരനെ ബന്ധപ്പെടാൻ സാധിക്കാത്തതും റിപ്പോർട്ടുകൾ ലഭിക്കാൻ വൈകുന്നതുമാണ് കാലതാമസത്തിന് കാരണമെന്നും അധികൃതർ പറയുന്നു. നവകേരള സദസ്സ് നടന്ന് ഒരു വർഷം പിന്നിടുമ്പോൾ ജില്ലയിൽ ലഭിച്ച പരാതികളിൽ 90 ശതമാനത്തിന് മുകളിലെ പരാതികൾ പരിഹരിച്ചതായാണ് അധികൃതർ അവകാശപ്പെടുന്നത്.

വരാൻ പോകുന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിലും ലൈഫ്  മിഷൻ, പിഎസ്‌സി, പൊലീസ് കേസുകൾ, ദുരിതാശ്വാസ നിധി അപേക്ഷകൾ, ഭൂമി സംബന്ധമായ വിഷയങ്ങൾ, സാമ്പത്തിക സഹായങ്ങൾ തുടങ്ങിയ വിഷയങ്ങളിലെ പരാതികൾ പരിഗണിക്കില്ല. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട പരാതികൾ  തരംമാറ്റൽ അദാലത്തുകളിൽ മാത്രമാണ് പരിഗണിക്കുക. എന്നാൽ സാധാരണ രീതിയിലുള്ള പരിഗണന പോലും പല കേസുകളിലും ലഭിക്കുന്നില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ അർഹിക്കുന്ന പ്രാധാന്യം പരാതികൾക്ക് നൽകുന്നില്ലെന്നുമാണ് ആരോപണം ഉയർന്നിരിക്കുന്നത്.

English Summary:

Revenue Department inaction on Navakeralam Sadass complaints plagues Kerala. Citizens are increasingly frustrated with the lack of response and the bureaucratic hurdles they face.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com