കെഎസ്ഇബി ഓഫിസ് സ്വകാര്യ കെട്ടിടങ്ങളിലേക്ക് മാറ്റാൻ നീക്കം
Mail This Article
കൊട്ടാരക്കര∙ എംസി റോഡരികിൽ ഏക്കറുകളോളം സ്ഥലം സർക്കാരിന് സ്വന്തമായിരിക്കെ വാളകത്തെ കെഎസ്ഇബി ഓഫിസ് ഉയർന്ന വാടകയ്ക്ക് സ്വകാര്യ കെട്ടിടങ്ങളിലേക്ക് മാറ്റാൻ നീക്കം. വൻ സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടികളിൽ നിന്നും കെഎസ്ഇബി പിൻമാറണമെന്നാണ് ആവശ്യം. വാളകം മേഴ്സി ആശുപത്രിക്ക് സമീപം എംസി റോഡിനരിൽ ഉമ്മന്നൂർ ഗ്രാമപ്പഞ്ചായത്ത് കെട്ടിടത്തിൽ 2013 മുതൽ പ്രവർത്തിക്കുന്ന കെഎസ്ഇബി സെക്ഷൻ ഓഫിസ് ആണ് ഇത്ര പോലും സൗകര്യം ഇല്ലാത്ത മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാൻ ശ്രമിക്കുന്നത്. നിലവിൽ 7000 രൂപയാണ് കെട്ടിട വാടക. എന്നാൽ പുതിയ ഓഫിസ് കെട്ടിടത്തിന് പ്രതിമാസം 27000 രൂപയാണെന്നാണ് വിവരം. വൈദ്യുതി ബോർഡിന് പ്രതിവർഷം 240000 രൂപ അധിക ചെലവ് വരും.വാളകം സെക്ഷൻ പരിധിയിൽ 33 കെവി സബ്സ്റ്റേഷൻ അനുവദിച്ചിട്ടുണ്ട്.
സബ് സ്റ്റേഷൻ കെട്ടിടത്തോട് ചേർന്ന് സെക്ഷൻ ഓഫിസ് കെട്ടിടം കൂടി നിർമിച്ചാൽ പരിഹാരമാകും. അതുവരെ പഞ്ചായത്ത് കെട്ടിടത്തിൽ ഓഫിസ് തുടരാൻ അനുവദിക്കണം. എംസി റോഡരികിലും പരിസരങ്ങളിലുമായി കെഎസ്ടിപിയുടെയും കെഐപിയുടെയും ഏക്കറുകളോളം ഭൂമി അന്യാധീനപ്പെട്ടു കിടക്കുന്നു. വാളകത്ത് എംസി റോഡരികിൽ ഒരേക്കറോളം ഭൂമി കെഎസ്ടിപിക്ക് ഉണ്ട്. ഇവയിൽ ഏതെങ്കിലും ലഭിച്ചാൽ സർക്കാർ ഭൂമിയിൽ കെട്ടിടം ഉയരും. എന്നാൽ കയ്യേറ്റം ഒഴിപ്പിച്ച് ഭൂമി തിരികെ പിടിക്കാൻ സർക്കാർ വകുപ്പുകൾ തയാറല്ല. സർക്കാർ ഭൂമിയിൽ നിന്നും കെട്ടിടം മാറ്റരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വൈദ്യുതി ബോർഡ് അധികൃതർക്ക് നിവേദനം നൽകി.