ഉത്ര വധക്കേസ്: ഇന്നും വിസ്താരം തുടരും; 73 സാക്ഷികളെക്കൂടി വിസ്തരിക്കാനുണ്ട്
Mail This Article
പുനലൂർ ∙ അഞ്ചൽ ഏറം ഉത്ര വധക്കേസിനോട് അനുബന്ധിച്ചുള്ള സ്ത്രീധന പീഡനക്കേസിലെ മൂന്നാം സാക്ഷിയും ഉത്രയുടെ മാതാവുമായ മണിമേഖലയുടെ ക്രോസ് വിസ്താരം ഇന്നലെ പുനലൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഒന്നിൽ നടത്തി. ഇന്നും വിസ്താരം തുടരും. സൂരജിന്റെ വീടിന്റെ പറമ്പിൽ കുഴിച്ചിട്ടിരുന്ന സ്വർണവും ബാങ്ക് ലോക്കറിലും പണയം വച്ചിരുന്നതുമായ സ്വർണവും അടക്കം 72 പവനാണ് ക്രൈംബ്രാഞ്ച് കോടതിയിൽ എത്തിച്ചത്. ഇത്രയുമാണു രക്ഷാകർത്താക്കൾ ഉത്രയ്ക്കു കൊടുത്തതെന്നും പ്രതിഭാഗം വാദിച്ചു.
സ്വർണം കഴിഞ്ഞദിവസം മണിമേഖല തിരിച്ചറിഞ്ഞിരുന്നു. സൂരജിന്റെ മാസശമ്പളം 10,000 രൂപയിൽ താഴെയായിരുന്നുവെന്നും മാസം 8000 രൂപ വീതം സൂരജിന്റെ അക്കൗണ്ടിൽ ഉത്രയുടെ രക്ഷാകർത്താക്കൾ അയച്ചിരുന്നതു ഗർഭിണിയായ ശേഷമുള്ള ഉത്രയുടെ ചെലവ് വഹിക്കുന്നതിനു വേണ്ടിയായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു. വിവാഹത്തിനു മുൻപ് ഉത്രയുടെ ഭർത്താവ് സൂരജിനു നൽകിയ മൂന്നുലക്ഷം രൂപ സംഭാവനയായി നൽകിയതാണെന്നും അത് ആവശ്യപ്പെട്ടാൽ തിരികെ നൽകാൻ തയാറാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. വാഷിങ് മെഷീനും അലമാരയും അടക്കമുള്ള സാധനസാമഗ്രികളും തിരികെ കൊടുക്കാൻ തയാറാണെന്നും പറഞ്ഞു.
ഉത്രയുടെ ഗർഭാവസ്ഥയിൽ കൂടുതൽ ദിവസങ്ങളിലും സൂരജിന്റെ വീട്ടിൽ ആയിരുന്നു താമസിച്ചിരുന്നതെന്നും അടൂരിനു സമീപമുള്ള ആശുപത്രിയിലാണ് പ്രസവം നടന്നതെന്നും ഭർത്താവിന്റെ വീട്ടിൽ ജീവിക്കുന്നതു സുരക്ഷിതമായതു കൊണ്ടാണ് അത്രയും കാലം നിന്നതെന്നും പ്രതിഭാഗം വാദിച്ചു. പ്രതികളിൽ സൂരജിന്റെ മാതാവ് രേണുക മാത്രമാണ് ഇന്നലെ കോടതിയിൽ നേരിട്ടു ഹാജരായത്. ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരുന്ന സൂരജിനെ ഇന്നലെയും വിഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കി. 73 സാക്ഷികളെക്കൂടി വിസ്തരിക്കാനുണ്ട്. പ്രതികൾക്കുവേണ്ടി അഡ്വ.അനീസ് തങ്ങൾ കുഞ്ഞും വാദിഭാഗത്തിനു വേണ്ടി അസി.പബ്ലിക് പ്രോസിക്യൂട്ടർ ഷിബ്ദാസും ഹാജരായി.