ഇവിടെ റോഡില്ല... കലുങ്ക് മാത്രം
Mail This Article
ഓയൂർ ∙ മൈലോട് ഇളവാൻകോണം റേഷൻകട മുതൽ ആലൂംമൂട്ടിൽ വാതുക്കൽ വരെ റോഡ് നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തം. ഇരുവശത്തെയും റോഡുകളെ ബന്ധിപ്പിക്കുന്നതിന് പഞ്ചായത്ത് കലുങ്ക് നിർമിച്ചിട്ട് വർഷങ്ങൾ ആയി. എന്നാൽ റോഡ് നിർമിക്കുന്നതിനായി പഞ്ചായത്ത് ഭാഗത്തു നിന്നും ഒന്നും ചെയ്തില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഏകദേശം 300 മീറ്റർ ദൂരം വരുന്ന റോഡ് പൂർത്തിയായാൽ കായില സ്കൂൾ ജംക്‌ഷനിലും വലത്തോട്ട് പോയാൽ കാഞ്ഞിരംപാറ സ്കൂളിലും വേഗത്തിലും എത്താൻ കഴിയും.
റോഡിന്റെ ഭാഗം പൂയപ്പള്ളി പഞ്ചായത്തിലെ കാഞ്ഞിരംപാറ വാർഡിൽ ഉൾപ്പെട്ടതാണ്. പഞ്ചായത്ത് മുൻകൈ എടുത്തു ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു റോഡ് നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ആഴ്ച 102 വയസ്സുള്ള വയോധിക മരിച്ചപ്പോൾ മൃതദേഹം നാട്ടുകാർ ചുമന്നാണ് വീട്ടിലെത്തിച്ചത്. ഇൗ സംഭവം നാട്ടുകാരിൽ അമർഷവും വെറുപ്പും ഉണ്ടാകുന്നതിന് കാരണമായി. രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഇടപ്പെട്ട് ജനങ്ങളുടെ റോഡ് എന്ന സ്വപ്നം യാഥാർഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.