ഫുഡ് കാർണിവൽ തുടങ്ങി
Mail This Article
കൊല്ലം ∙ റോട്ടറി ക്ലബ് ഓഫ് ക്വയിലോൺ കൊല്ലം ബീച്ചിന് സമീപമുള്ള റോട്ടറി കമ്യൂണിറ്റി സെന്ററിൽ ഒരുക്കുന്ന ഫുഡ് കാർണിവലിന് തുടക്കമായി. എം.മുകേഷ് എംഎൽഎ കാർണിവൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രിയുടെ ഭാഗമായുള്ള വിക്ടോറിയ ആശുപത്രിയിൽ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും കൂട്ടിയിരിപ്പുകാർക്കുമായി 25 ലക്ഷം രൂപ ചെലവാക്കി നിർമിക്കുന്ന ഫെസിലിറ്റേഷൻ സെന്ററിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ധനസമാഹരണത്തിന്റെ ഭാഗമായാണ് ഫുഡ് കാർണിവൽ നടത്തുന്നത്. 24 വരെ നീണ്ടു നിൽക്കുന്ന കാർണിവൽ ദിവസവും വൈകിട്ട് 5 മുതൽ രാത്രി 11 വരെയാണ് നടക്കും.
ചടങ്ങിൽ റോട്ടറി ക്ലബ് ഓഫ് ക്വയിലോൺ പ്രസിഡന്റ് നാരായൺ കുമാർ അധ്യക്ഷത വഹിച്ചു. മുൻ ഗവർണർ ഉദയകുമാർ, ശ്രീനിഷ്, നിയുക്ത ഗവർണർ കൃഷ്ണൻ ജി.നായർ, ക്ലബ് സെക്രട്ടറി സക്കറിയ കെ.സാമുവൽ, അസി. ഗവർണർ വി.ജ്യോതി, ട്രഷറർ അനു എസ്.പിള്ള, ഗായകൻ മത്തായി സുനിൽ, മജീഷ്യൻ പ്രമോദ് എന്നിവർ പ്രസംഗിച്ചു.
കാർണിവലിന്റെ ഭാഗമായി തനി നാടൻ വിഭവങ്ങൾ തൊട്ട് അറേബ്യൻ, ചൈനീസ് വിഭവങ്ങൾ വരെയുള്ള വിവിധ ഭക്ഷ്യ വസ്തുക്കൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. കപ്പയും മീനും, പയർ ഉൽപന്നങ്ങൾ, അച്ചാറുകൾ, കശുവണ്ടി വിഭവങ്ങൾ, ജ്യൂസുകൾ, എണ്ണപ്പലഹാരങ്ങൾ തുടങ്ങിയവയുടെ ശേഖരവും ഉണ്ട്. ഷെഫ് സുരേഷ് പിള്ളയും 100 പാചക കലാകാരികളും ഒന്നിക്കുന്ന നള പാചകറാണി മേള 23ന് വൈകിട്ട് 5 മുതൽ നടക്കും.