വൈവിധ്യം നിറച്ച് ക്രിസ്മസ് സമ്മാനങ്ങൾ
Mail This Article
കൊല്ലം ∙ സാന്റയുടെ ക്രിസ്മസ് സമ്മാനങ്ങൾ കാത്തിരിക്കുന്ന കുഞ്ഞുകൂട്ടുകാർക്ക് മുതൽ എല്ലാവർക്കും ക്രിസ്മസ് ഗിഫ്റ്റുകളൊരുക്കി നഗരത്തിലെ ക്രിസ്മസ് വിപണി സജീവമാണ്. ഗിഫ്റ്റ് ബോക്സുകൾ കൈമാറുമ്പോൾ അവയ്ക്കിത്തിരി ഇരട്ടിമധുരം സമ്മാനിക്കാൻ മധുരമൂറും ഹാംപറുകളാണ് ബേക്കറികളിൽ ഒരുക്കിയിരിക്കുന്നത്. പേസ്റ്ററികളിൽ മഞ്ഞുപെയ്തിറങ്ങുന്ന ക്രിസ്മസ് തീം വുഡൻ ലോഗ് പ്രധാനനിരയിൽ തന്നെയുണ്ട്. റെഡ് വെൽ വറ്റ് വൈറ്റ് ഫോറസ്റ്റ് തുടങ്ങി ക്രിസ്മസ് നിറങ്ങളാണ് കണ്ണാടിക്കൂട്ടിലെ രുചിയിടങ്ങളിലും നിറഞ്ഞിരിക്കുന്നത്.
ക്രിസ്മസ് പ്രഭാതഭക്ഷണം ഇത്തവണ ഇറ്റലിയിൽ നിന്നോ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നായോലോ...കൊല്ലം സുപ്രീം എക്സ്പീരിയൻസയിലെ ബേക്കറി ഷെഫ് വികാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജർമനി, ഫ്രാൻസ് മാർസിപനും ഫില്ലിങ്ങോടുകൂടിയ മധുരമുള്ള ബ്രെഡായ സ്റ്റോളനും ഇറ്റലിയിലെ പാനറ്റോണും കൊല്ലത്തെ രുചിലോകത്തെത്തിച്ചിരിക്കുന്നത്. ഇവയുടെ വൈവിധ്യങ്ങൾക്കൊപ്പം കാപ്പിയുടെ രുചി പകരുന്ന ഐറിഷ് പ്ലം, ഓഫ് വൈറ്റ് നിറത്തിലുള്ള വൈറ്റ് പ്ലം, റിച്ച് പ്ലം തുടങ്ങി പ്ലം കേക്കുകളുടെ ശേഖരവുമുണ്ട്. കൂടാതെ 20 രൂപ മുതൽ 500 രൂപ വരെ വിലയുള്ള ക്രിസ്മസ് സ്പെഷൽ ചേക്ലേറ്റുകളും ഒരുക്കിയിട്ടുണ്ട്.
ഗിഫ്റ്റ് ബോക്സുകളും ഹാംപറുകളുമാണ് ഇത്തവണ താരം. ആവശ്യക്കാരുടെ ഇഷ്ടാനുസരണം ഉള്ളിൽ വയ്ക്കേണ്ട ഇനങ്ങൾ തീരുമാനിക്കാം. 1000 രൂപ മുതൽ 3000 വരെയുള്ള ഹാംപറുകളുണ്ട്. കേക്ക്, കുക്കീസ്, വൈൻ, ചോക്ലേറ്റ്, നട്സ് എന്നിവയാണ് സാധാരണ ഹാംപറുകളിലുള്ളത്. കോഫി മഗ്ഗുകളും മറ്റ് ഗിഫ്റ്റുകളും ഇവയ്ക്കൊപ്പം വരുന്ന പ്രീമിയം ഹാംപറുകളുമുണ്ട്. രൂചിക്കൂട്ടിലേക്ക് കുട്ടികളെ ആകർഷിക്കാനായി കേക്കിനൊപ്പം ഫോണ്ടന്റ് കൊണ്ടുണ്ടാക്കിയ കളിപ്പാട്ടങ്ങളും അല്ലാത്തവയും ചേർത്ത് ടോയ്സ് കേക്കുകളും ഇത്തവണത്തെ സവിശേഷതയാണ്. ഡയറ്റ് നോക്കുന്നവർക്കായി സ്പെഷൽ ഓട്സ്, പ്രോട്ടീൻ, ജിൻജർ കുക്കീസും വിപണിയിലുണ്ട്.