കൊല്ലം ജില്ലയിൽ ഇന്ന് (22-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
വേരിക്കോസ് വെയിൻ സൗജന്യമെഡിക്കൽ ക്യാംപ് 29ന്;കൊല്ലം ∙ നെല്ലിക്കുന്നം അരീക്കൽ ആയുർവേദ ആശുപത്രിയും മലയാള മനോരമയും സഹകരിച്ച് 29ന് സൗജന്യ വേരിക്കോസ് വെയിൻ മെഡിക്കൽ ക്യാംപ് നടത്തും. വേരിക്കോസ് വെയിൻ, വേരിക്കോസ് അൾസർ, വേരിക്കോസ് അനുബന്ധമായ മറ്റു ബുദ്ധിമുട്ടുകൾ എന്നിവയ്ക്ക് രക്തമോക്ഷ വസ്തി, മർമ തുടങ്ങിയ ചികിത്സകൾ സൗജന്യമാണ്. കഴുത്തുവേദന, തോൾ വേദന, ഉപ്പൂറ്റി വേദന, ആമവാതം, അലർജി, ആസ്മ, പൈൽസ് തുടങ്ങിയ രോഗങ്ങൾക്കും പരിശോധനയുണ്ടാകും. പഞ്ചകർമ ചികിത്സാ വിദഗ്ധൻ ഡോ.എ.ആർ.സ്മിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് ക്യാംപ്. ഡോ എൽ.വിനീത, ഡോ അമൃത ദീപക്, ഡോ.പി.എസ് അനിഷ്മ എന്നിവർ പങ്കെടുക്കും. താരൻ, സോറിയാസിസ്, മറ്റു ത്വക്ക് രോഗങ്ങൾ എന്നിവയ്ക്കു പ്രത്യേക ചികിത്സ ലഭ്യമാണ്. മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്ക് കൺസൽറ്റേഷനും മരുന്നും ആവശ്യമുള്ള ചികിത്സയും പൂർണമായും സൗജന്യമാണ്. ആദ്യം റജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മനോരമയുടെ തിരഞ്ഞെടുക്കുന്ന പ്രസിദ്ധീകരണങ്ങൾ ഒരു വർഷത്തേക്കു സൗജന്യമായി ലഭിക്കും. 9645599633,9072155809,8891885338.
ജോലി ഒഴിവ്
അഞ്ചൽ ∙ പഞ്ചായത്തിന്റെ ബഡ്സ് സ്കൂളിൽ ആയ, ടീച്ചർ ഒഴിവുകളുണ്ട്. മുൻ പരിചയം ഉള്ളവർക്കു മുൻഗണന. അപേക്ഷ 26നു മുൻപു പഞ്ചായത്ത് ഓഫിസിൽ നൽകണമെന്നു സെക്രട്ടറി അറിയിച്ചു.
ജില്ലാ ക്രോസ് കൺട്രി ചാംപ്യൻഷിപ് 24ന്
കൊല്ലം ∙ ജില്ലാ ക്രോസ് കൺട്രി ചാംപ്യൻഷിപ്പും ജില്ലാ ടീമിന്റെ തിരഞ്ഞെടുപ്പും 24ന് ആശ്രമം മൈതാനത്ത് നടക്കും. ടീം ഇനമായി നടത്തുന്ന മത്സരത്തിൽ താരങ്ങൾക്ക് വ്യക്തിഗതമായും പങ്കെടുക്കാം. പുരുഷ വനിതാ വിഭാഗങ്ങൾക്ക് പുറമേ 20 വയസ്സിന് താഴെ, 18 വയസ്സിന് താഴെ, 16 വയസ്സിനു താഴെ എന്നീ വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരം ഉണ്ടായിരിക്കും. വിജയികൾക്ക് ജില്ലയെ പ്രതിനിധീകരിച്ച് കോഴിക്കോട് നടക്കുന്ന സംസ്ഥാന കായികമേളയിൽ പങ്കെടുക്കാൻ അർഹത ലഭിക്കും. പുരുഷ വനിതാ വിഭാഗങ്ങളിൽ 10 കി.മി , 20 വയസ്സിനു താഴെ ആൺകുട്ടികൾക്ക് 8, പെൺകുട്ടികൾക്ക് 6 കി.മി., 18 വയസ്സിന് താഴെ ആൺകുട്ടികൾക്ക് 6, പെൺകുട്ടികൾക്ക് 4 കി.മി, 16 വയസ്സ് വരെ ആൺകുട്ടികൾക്ക് 4, പെൺകുട്ടികൾക്ക് 2 കി.മി എന്നിങ്ങനെയാണ് ദൂരം. 9496535524
വനിതകളെ ആവശ്യമുണ്ട്
കല്ലുവാതുക്കൽ ∙ ഗ്രാമപ്പഞ്ചായത്തിൽ ഹരിതകർമ സേനയിൽ 18നും 45നും ഇടയിൽ പ്രായമുള്ള ആരോഗ്യവും സേവന സന്നദ്ധതയുമുള്ള വനിതകളെ ആവശ്യമുണ്ട്. നന്നായി മലയാളം,ഇംഗ്ലിഷ് ഭാഷകൾ എഴുതാനും വായിക്കാനും, സ്മാർട്ട് ഹോൺ ഉപയോഗിക്കാനും അറിഞ്ഞിരിക്കണം. പഞ്ചായത്ത് പരിധിയിലുള്ള വീടുകൾ, കച്ചവട സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നു പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിച്ചു തരം തിരിക്കുന്നതിലൂടെ പ്രതിമാസം പരമാവധി 20,000 രൂപ വരെ വരുമാനം നേടാൻ കഴിയും. കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്ക് മുൻഗണന. നിലവിൽ 37 പേരുടെ ഒഴിവാണുള്ളത്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ നിയമനം. 27നകം അപേക്ഷ നൽകണം. 9544563373 9885400607
അപേക്ഷ ക്ഷണിച്ചു
അഞ്ചാലുംമൂട് ∙ ക്ഷീരവികസന വകുപ്പും തൃക്കരുവ പഞ്ചായത്തും ചേർന്ന് നടപ്പിലാക്കുന്ന 2024–25 വർഷത്തെ ക്ഷീര വികസന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഡയറി യൂണിറ്റുകൾ, തൊഴുത്തിന്റെ ആവശ്യാധിഷ്ഠിത പദ്ധതികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് തൃക്കരുവ പഞ്ചായത്തിലോ അഞ്ചാലുംമൂട്ടിലെ ക്ഷീര വികസന ഓഫിസിലോ ബന്ധപ്പെടാവുന്നതാണ്.
അധ്യാപക ഒഴിവ്
കൊല്ലം∙ ചാത്തന്നൂർ ശ്രീനാരായണ കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലെ അതിഥി അധ്യാപകരുടെ ഒഴിവിലേക്ക് ജനുവരി 6ന് രാവിലെ 10ന് അഭിമുഖം നടത്തുന്നു. ഉപമേധാവി, കോളജ് വിദ്യാഭ്യാസ വകുപ്പ്, കൊല്ലം ഒാഫിസിൽ അതിഥി അധ്യാപക പാനലിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവരും യുജിസി നിഷ്കർഷിച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരും ആയിരിക്കണം. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ ഹാജരാകണം.